ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തെ തുടര്‍ന്ന് മെയ് 3-ന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. പരീക്ഷയുടെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ കൈമാറിയതിനെത്തുടര്‍ന്നാണ് ഈ സുപ്രധാന തീരുമാനം.
ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുന്ന ഈ വിഷയത്തില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിനായി പുനഃപരീക്ഷ നടത്തുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഏകദേശം 24 ലക്ഷത്തോളം വിദ്യാർഥികളാണ് മെയ് മൂന്നിന് നീറ്റ് പരീക്ഷ എഴുതിയത്.
മാതൃകാ ചോദ്യക്കടലാസിലെ 135 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടിരുന്നുവെന്നായിരുന്നു ആരോപണം ഉയർന്നത്. മാതൃകാ ചോദ്യക്കടലാസിലെ 410 ചോദ്യങ്ങളിൽ 135 എണ്ണം കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിലായി യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടതായി അന്വേഷണം നടത്തുന്ന രാജസ്ഥാൻ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) എഡിജിപി വിശാൽ ബൻസാൽ അറിയിച്ചിരുന്നു.
ആകെ 180 ചോദ്യങ്ങളാണ് നീറ്റ്–യുജിക്കുള്ളത്. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിൽനിന്നു 45 വീതം ചോദ്യങ്ങൾ. ഇത്തരത്തിൽ 4 സെറ്റ് ചോദ്യക്കടലാസുകളാണ് ഉപയോഗിക്കുന്നത്. വാട്സാപ്പിലും മറ്റും ചോദ്യങ്ങൾ പ്രചരിച്ചിരുന്നതായി രാജസ്ഥാൻ പൊലീസിന് ഏതാനും ദിവസം മുൻപു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
കൊച്ചി: മുഖ്യമന്ത്രി പദത്തെ ചൊല്ലി കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. കെസി വേണുഗോപാല്‍ പക്ഷത്തെ എംഎല്‍എമാര്‍ക്കെതിരെ കടുത്ത പ്രതിഷേധം. വിഡി സതീശന്റെ അനുയായികള്‍. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന നിയുക്ത എംഎല്‍എമാരെ പരസ്യമായി ചോദ്യം ചെയ്ത് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമാകാത്ത സാഹചര്യത്തില്‍, ‘കെസി ക്യാമ്പിന്റെ’ ഭാഗമെന്ന് കരുതപ്പെടുന്ന എംഎല്‍എമാര്‍ക്കെതിരെ വിവിധ മണ്ഡലങ്ങളില്‍ പരസ്യമായ പ്രതിഷേധങ്ങളും ഭീഷണി പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.
നാദാപുരം മണ്ഡലത്തിലെ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നിയുക്ത എംഎല്‍എ കെഎം അഭിജിത്തിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. യുഡിഎഫിന്റെ വന്‍ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച സതീശനെ മാറ്റിനിര്‍ത്തി എന്തിനാണ് വേണുഗോപാലിനെ പിന്തുണയ്ക്കുന്നതെന്ന് പ്രവര്‍ത്തകര്‍ ചോദിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ തനിക്കെതിരെ സംഘടിത പ്രതിഷേധം ഉണ്ടായിട്ടില്ലെന്നും, വേണുഗോപാലിന് പിന്തുണ പ്രഖ്യാപിക്കുന്ന എംഎല്‍എമാരുടെ വീഡിയോകള്‍ എഐ നിര്‍മ്മിതമാണെന്ന് പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുകയായിരുന്നുമാണ് അഭിജിത്തിന്റെ വിശദീകരണം.
കുന്നത്തുനാട് നിയുക്ത എംഎല്‍എ വിപി സജീന്ദ്രനെ ഒരു പൊതുപരിപാടിക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളഞ്ഞു. സതീശനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട പ്രവര്‍ത്തകര്‍ വേണുഗോപാലിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടാനുള്ള നീക്കത്തില്‍ ശക്തമായ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
ഏറ്റവും ശക്തമായ പ്രതിഷേധം ഉണ്ടായത് റാന്നിയിലാണ്. കെസി വേണുഗോപാലിനെ പരസ്യമായി പിന്തുണച്ച നിയുക്ത എംഎല്‍എ പഴകുളം മധുവിന്റെ സ്വീകരണപരിപാടിയില്‍ ആളുകളുടെ പങ്കാളിത്തക്കുറവും പ്രതിഷേധവും കണക്കിലെടുത്ത് വെട്ടിച്ചുരുക്കി. പത്തനംതിട്ട പ്രസ്‌ക്ലബില്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനവും ഒഴിവാക്കി.
കെസി വേണുഗോപാല്‍ പക്ഷക്കാരനായ എ.പി അനില്‍കുമാറിനെതിരെ വണ്ടൂര്‍ മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ‘പച്ചപ്പട’, ‘ജനശബ്ദം’ എന്നീ പേരുകളിലുള്ള ഈ പോസ്റ്ററുകളില്‍ വേണുഗോപാലിനെ പിന്തുണയ്ക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കുന്നു്. മാത്യു കുഴല്‍നാടനെ പിന്തുണയ്ക്കുന്ന പ്രസ്താവനകളിലൂടെ മുസ്ലിം ലീഗിനെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണവും പോസ്റ്ററിലുണ്ട്. ഡല്‍ഹിയില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചര്‍ച്ചകള്‍ തുടരുമ്പോള്‍, ഏകദേശം 47 എംഎല്‍എമാരുടെ പിന്തുണ വേണുഗോപാലിനുണ്ടെന്നാണ് സൂചന.
അതേസമയം മുന്‍ കെപിസിസി പ്രസിഡന്‍റുമാരുമായും വര്‍ക്കിങ് പ്രസിഡന്‍റുമാരുമായും ചര്‍ച്ച നടത്താന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത് പ്രിയങ്ക ഗാന്ധിയുടെ നിര്‍ദേശപ്രകാരം. എകെ ആന്‍റണിയും ഇത്തരമൊരു നിര്‍ദേശം ഹൈക്കമാന്‍ഡിനു മുന്നില്‍ വച്ചു എന്നാണ് വിവരം. ഹൈക്കമാന്‍ഡ് ഒരു തീരുമാനമെടുത്തു കഴിഞ്ഞുവെന്നും എന്നാല്‍ കൂടുതല്‍ പേരുടെ തീരുമാനമാണ് അതെന്ന് വരുത്താനാണ് നിലവിലെ തുടര്‍ ചര്‍ച്ചകളെന്ന് ആക്ഷേപമുണ്ട്.
കൊല്ലം. പാചകവാതക വില വർദ്ധന വും, ലഭ്യതക്കുറവും, ഉൾപ്പെടെ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വൻവർദ്ധനവ് ഉണ്ടായ സ്ഥിതിക്ക് വ്യാപാരവും വ്യവസായവും വൻ പ്രതിസന്ധി നേരിടുകയാണ്. ഇത്തരം ജനദ്രോഹ നടപടി ഉടൻ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം സമര പരിപാടികളുമായി മുന്നോട്ടു പോകാൻ യുണൈറ്റഡ് മർച്ചൻസ് ചേമ്പർ (യു. എം.സി) കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.ഇപ്പോൾ തന്നെ പ്രതിസന്ധി നേരിടുന്ന ഹോട്ടൽ ബേക്കറി മറ്റ് ഭക്ഷ്യ ഉത്പാദക വ്യവസായങ്ങൾ ഉൾപ്പെടെ ഒട്ടുമിക്ക വ്യാപാരസ്ഥാപനങ്ങളും പൂട്ടിക്കിടക്കുകയാണ്. അടിയന്തരമായി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ ഹോട്ടൽ,കാറ്ററിംഗ് മേഖലയിലുള്ള എല്ലാ വ്യാപാരികളെയും, വ്യവസായികളെയും, സേവന ദാതാക്കളെയും, തൊഴിലാളികളെയും കൂട്ടിയോജിപ്പിച്ച് കൊണ്ട് 2026 മെയ് 19 ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിക്ക് കരുനാഗപ്പള്ളി യു എം സി വ്യാപാര ഭവനിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്തുന്നു.
കൊല്ലം ജില്ലയിലെ എല്ലാ വ്യാപാരി സുഹൃത്തുക്കളും പങ്കെടുപ്പിക്കുവാൻ യുണൈറ്റഡ് മർച്ചൻസ് ചേമ്പർ (യു എം സി) കൊല്ലം ജില്ല സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. യോഗത്തിൽ കൊല്ലം ജില്ലാ പ്രസിഡൻറ് നിജാം ബഷി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡോ:ബി.ആർ.പ്രസാദ് സ്വാഗതവും,ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് എം.സിദ്ദീഖ് മണ്ണൻ്റയ്യം , വനിതാ വിംഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.പി.ഫൗസിയാബീഗം, ഭാരവാഹികളായ അഷ്റഫ് പള്ളത്തുകാട്ടിൽ, എഫ് എം മൂസ , നാസർ ചക്കാലയിൽ, ആർ ആർ പിള്ള, ഷാനവാസ് തേയിലക്കട നജാദ് ഹോട്ടൽ,ശ്രീതാമോൾ, എന്നിവർ സംസാരിച്ചു.
ഇടയ്ക്കാട് തെക്ക്: അജയ ഭവനം മുരളീധരൻ പിള്ള (74) അന്തരിച്ചു. സംസ്കാരം ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 1:30ന് വീട്ടുവളപ്പിൽ. ഭാര്യ: ഗോമതിയമ്മ. മക്കൾ: അജയകുമാർ, അജിതകുമാരി. മരുമകൻ: രാജേന്ദ്രൻ പിള്ള. സഞ്ചയനം ഞായർ രാവിലെ 8ന്.
പാലക്കാട്. കുഴൽമന്ദത്ത് ചികിത്സാ പിഴവെന്ന് പരാതി. കുഴൽമന്ദം സ്വദേശിനി അലീമയും കുടുംബവും ആണ് ആരോപണവുമായി രംഗത്തെത്തിയത്. വയറ് വേദനയുമായി കുഴൽ മന്ദം സാമൂഹിക കാര്യ ആശുപത്രിയിൽ എത്തിയ അലീമയ്ക്ക് ഡോക്ടർ ഇഞ്ജക്ഷൻ നൽകിയിരുന്നു. 2 മാസം മുമ്പാണ് ചികിത്സ തേടിയത്
പിന്നീട് കാലിന് തളർച്ച സംഭവിച്ചു. നടക്കാൻ ബുദ്ധിമുട്ട് ഉണ്ടായി എന്ന് കുടുംബം. DMO ക്ക് പരാതി നൽകി കുടുംബം. DMO വിശദ അന്വേഷണത്തിന് ശുപാർശ ചെയ്തു.
ചെന്നൈ.മദ്യവിൽപന ശാലകൾ പൂട്ടാൻ തമിഴ്നാട് സർക്കാർ. 717 വിൽപന കേന്ദ്രങ്ങൾ അടയ്ക്കാൻ മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉത്തരവിട്ടു. ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപത്തെ വിൽപന ശാലകളാണ് അടയ്ക്കുക
500 മീറ്റർ ദൂരപരിധിയിലുള്ള കടകൾക്കാണ് പൂട്ട് വീഴുക.
കൊച്ചി. എളമക്കര മുൻ എഎസ്ഐയുടെ അറസ്റ്റ്. മുജീബ് റഹ്മാന്റെ മറ്റ് ഇടപാടുകൾ അന്വേഷിക്കും. എളമക്കരയിൽ ജോലി ചെയ്യവേ വ്യാപക പണപ്പിരിവെന്ന് പരാതി. കൂടുതൽ ഇരകളുണ്ടെന്ന് സൂചന
പിരിച്ച് പണത്തിന്റെ പങ്ക് പറ്റിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. പൊലീസുകാർക്കും പങ്കെന്ന് സൂചന. മുജീബിനെ കസ്റ്റഡിയിൽ വാങ്ങും. രണ്ടാഴ്ചയായി ഒളിവിലായിരുന്ന മുജീബ് കീഴടങ്ങിയത് ഇന്നലെ.മയക്കുമരുന്നു കേസില്‍ പെടുത്തുമെന്ന്പറഞ്ഞ് ഭീഷണിപ്പെടുത്തി പണംവാങ്ങാന്‍ ശ്രമിച്ചതും.കേസില്‍പെട്ട യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതും അടക്കം കേസുകളുണ്ട്.
തിരുവനന്തപുരം.തോൽവി പരിശോധിക്കാനുള്ള മാരത്തോൺ ചർച്ചകൾക്ക് സിപിഐഎമ്മിൽ ഇന്ന് തുടക്കമാകും. ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റോടെയാണ് ചർച്ച ആരംഭിക്കുന്നത്. പോളിറ്റ് ബ്യൂറോയിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റിൽ അവതരിപ്പിക്കും. നാളെയും മറ്റന്നാളും സംസ്ഥാന കമ്മിറ്റി യോഗവും ചേരും. പ്രതിപക്ഷ നേതാവാരെന്ന കാര്യത്തിൽ ഇതിനുശേഷമാകും തീരുമാനം ഉണ്ടാവുക. പ്രതിപക്ഷ നേതൃസ്ഥാനത്തിലും തലമുറ മാറ്റം വേണമോ എന്ന സജീവ ആലോചന പാർട്ടിക്കുള്ളിൽ ഉണ്ട്.
പിണറായി വിജയൻ വാടക വീട്ടിലേക്ക് മാറിയത് പ്രതിപക്ഷ നേതാവാകാൻ ഇല്ലെന്നതിന്റെ സൂചനയാണെന്ന് വിലയിരുത്തുന്നുണ്ട്. സിപിഐയുടേത് ഉൾപ്പെടെയുള്ള അഭിപ്രായങ്ങളും പരിഗണിച്ചാവും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുക. സംസ്ഥാന സെക്രട്ടറിയേറ്റിനു ശേഷമുള്ള സംസ്ഥാന കമ്മിറ്റിയിൽ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനത്തിന് സാധ്യതയുണ്ട്. സംസ്ഥാന കമ്മിറ്റിക്ക് പിന്നാലെ ബ്രാഞ്ച് തലം മുതലുള്ള ചർച്ചകൾ നടക്കും. ജൂൺ 15 വരെ വിവിധ ഘടകങ്ങളിലെ കമ്മറ്റികൾ തുടരും.
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശനെ പിന്തുണയ്ക്കുന്ന മുസ്ലീംലീഗിന് മേല്‍ കര്‍ണാടക വഴി സമ്മര്‍ദ്ദം ചെലുത്തിയതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുന്നതിന് മുസ്ലീം ലീഗിനെ അനുനയിപ്പിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വഴി ഓപ്പറേഷന്‍ നടത്തിയതായാണ് വിവരം. സിദ്ധരാമയ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് കെ സി വേണുഗോപാല്‍.
ലീഗിനെ അനുനയിപ്പിച്ച് കെ സി വേണുഗോപാലിന് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതിന് കര്‍ണാടക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ പാണക്കാട് നേരിട്ടെത്തി ലീഗ് നേതൃത്വവുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചാല്‍ കര്‍ണാടക നിയമസഭയില്‍ ലീഗിന് പ്രാതിനിധ്യം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അനുനയിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. കർണാടക നിയമസഭയിൽ ബംഗളൂരു കെഎംസിസിയുടെ നേതൃപദവിയിൽ നിന്നൊരാളെ എംഎൽസിയാക്കാമെന്നാണ് വാഗ്ദാനം.
തുടക്കം മുതല്‍ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നതാണ് ലീഗിന്റെ ആവശ്യം. ലീഗിന്റെ പിന്തുണ തനിക്ക് തുണയാകുമെന്ന പ്രതീക്ഷയിലാണ് വി ഡി സതീശന്‍. യുഡിഎഫ് ഘടകകക്ഷികളില്‍ രണ്ടാം സ്ഥാനത്തുള്ള ലീഗിന്റെ പിന്തുണ തനിക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കാന്‍ സഹായകമാകുമെന്നാണ് സതീശന്‍ കരുതുന്നത്. ഈ പശ്ചാത്തലത്തിലാണ് ലീഗിനെ തനിക്കൊപ്പം നിര്‍ത്താന്‍ സിദ്ധരാമയ്യ വഴി കെ സി വേണുഗോപാല്‍ ഓപ്പറേഷന്‍ നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
അതിനിടെ കേരളത്തിലെ മുഖ്യമന്ത്രി ആര് എന്ന വിഷയത്തില്‍ ദിവസങ്ങളായി അനിശ്ചിതത്വം തുടരുമ്പോഴും അന്തിമഘട്ട ചര്‍ച്ചകളിലും കെ സി വേണുഗോപാല്‍ തന്നെയാണ് മുന്നിലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി പദവി ചര്‍ച്ചകള്‍ ഹൈക്കമാന്‍ഡ് അന്തിമ ഘട്ടത്തിലേക്ക് നീക്കി കെപിസിസി മുന്‍ അധ്യക്ഷന്മാരേയും വര്‍ക്കിങ് പ്രസിഡന്റുമാരേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കെ മുരളീധരന്‍, വി എം സുധീരന്‍, കെ സുധാകരന്‍, മുല്ലപ്പളളി രാമചന്ദ്രന്‍, എം എം ഹസന്‍ എന്നി കെപിസിസി മുന്‍ അധ്യക്ഷന്മാര്‍ അടക്കം ഒട്ടനവധി നേതാക്കളെയാണ് അഭിപ്രായം തേടി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. എങ്കിലും ഒടുവില്‍ കെ സി വേണുഗോപാല്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പ്രഖ്യാപനം വൈകിപ്പിക്കില്ലെന്നും ഇന്നോ നാളെയോ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടായേക്കുമെന്നും ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ഹൈക്കമാന്‍ഡ് വേഗത്തിലാക്കിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിരവധി നേതാക്കളില്‍ നിന്ന് അഭിപ്രായം തേടുന്നുണ്ടെങ്കിലും 63 എംഎല്‍എമാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആരെയാണ് പിന്തുണയ്ക്കുന്നത് എന്നതിനെ മാത്രം പരിഗണിച്ച് തീരുമാനമെടുക്കാനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. മുഖ്യമന്ത്രി പദവിയിലേക്ക് കെ സി വേണുഗോപാലിനെ തീരുമാനിച്ച് പ്രഖ്യാപനം വന്നാല്‍ അദ്ദേഹം ഇരിക്കൂറില്‍ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. ഇരിക്കൂറില്‍ കോണ്‍ഗ്രസ് നേതാവ് സജീവ് ജോസഫ് ആണ് വിജയിച്ചത്. ഇദ്ദേഹത്തെ കൊണ്ട് എംഎല്‍എ സ്ഥാനം രാജിവെപ്പിച്ച് അവിടെ നിന്ന് മത്സരിക്കാനാണ് കെ സി വേണുഗോപാല്‍ ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. വിജയിക്കാന്‍ ഏറ്റവും സാധ്യതയുള്ള മണ്ഡലം എന്ന നിലയിലും കണ്ണൂര്‍ സ്വദേശി എന്ന നിലയിലും ഇരിക്കൂറില്‍ മത്സരിക്കാനാണ് കെ സി വേണുഗോപാല്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.
അതിനിടെ ജനവിധിയെ അപഹസിക്കരുതെന്ന് സമസ്ത മുഖപത്രം സുപ്രഭാതം . കോൺഗ്രസ് നിഴലാട്ടങ്ങളിൽ അഭിരമിക്കുന്നു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ കഴിയാത്തത് കൊള്ളരുതായ്മ. അരങ്ങുവാഴുന്നത് വോട്ട് ചെയ്തവരെ മറന്നുള്ള നാടകം
ജയം സംഘടനാശേഷി കൊണ്ട് മാത്രമല്ലെന്ന് മറക്കരുത്. ജനങ്ങൾ അടിമകൾ ആണെന്ന് ധരിക്കുന്നത് സ്വയം കുഴിതോണ്ടൽ. വോട്ട് ചെയ്തവരെ കോൺഗ്രസ് പരിഹസിക്കരുത്.അവകാശവാദങ്ങൾ കൊണ്ട് സ്ഥാനമോഹികൾ നേതൃത്വത്തെ സമ്മർദ്ദത്തിലാക്കരുത്
കോൺഗ്രസ് നേതാക്കൾ ഇനിയെങ്കിലും തിരുത്തണമെന്ന് സുപ്രഭാതം മുഖപ്രസംഗം