Home Blog Page 702

മരുമകള്‍ ട്വിഷ ശര്‍മയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ജില്ലാ ജഡ്ജി ഗിരിബാല സിങ്ങ് അറസ്റ്റില്‍

ഭോപ്പാല്‍: മരുമകള്‍ ട്വിഷ ശര്‍മയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ജില്ലാ ജഡ്ജി ഗിരിബാല സിങ്ങ് അറസ്റ്റില്‍. സിബിഐ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയതിനു പിന്നാലെ ഇവരെ സിബിഐ അറസ്റ്റു ചെയ്യുകയായിരുന്നു. ഭോപ്പാലിലെ ബാഗ് മുഗളിയ എക്സ്റ്റന്‍ഷനിലെ ഗിരിബാല സിങ്ങിന്റെ വസതിയില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഭോപ്പാലിലെ ഭര്‍തൃവീട്ടില്‍ അഭിഭാഷകയായ ട്വിഷ ശര്‍മയെ മേയ് 12 നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട കേസില്‍ ഗിരിബാല സിങ്ങിനും മകനും അഭിഭാഷകനുമായ സമര്‍ഥ് സിങ്ങിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ട്വിഷ മരിച്ച് രണ്ടു ദിവസത്തിനുശേഷം മേയ് 15 ന് ഭോപ്പാലിലെ സെഷന്‍സ് കോടതി ഗിരിബാല സിങ്ങിനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സമര്‍ഥ് സിങ് നിലവില്‍ സിബിഐ കസ്റ്റഡിയിലാണ്.

ഗിരിബാല സിങ്ങിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതി ബുധനാഴ്ച ജാമ്യം റദ്ദാക്കിയത്. കേസിന്റെ വസ്തുതകളും ഗിരിബാല സിങ്ങിനെതിരായ ആരോപണങ്ങളും കണക്കിലെടുത്ത് അഡീഷനല്‍ സെഷന്‍സ് ജഡ്ജി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കേണ്ടതാണെന്നു നിരീക്ഷിച്ചു.

ട്വിഷ ഭര്‍തൃവീട്ടില്‍ കടുത്ത പ്രതിസന്ധിയിലായിരുന്നുവെന്നു കുടുംബത്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. മുന്‍കൂര്‍ ജാമ്യം ലഭിച്ചശേഷം ഗിരിബാല സിങ് തെളിവുകള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. മേയ് 13 ന് പൊലീസ് ഗിരിബാല സിങ്ങിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്തിരുന്നു. കേസിന്റെ സാഹചര്യങ്ങളും ആരോപണങ്ങളും പരിഗണിച്ച് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് മുന്‍പ് വിചാരണക്കോടതി തെളിവുകള്‍ കൂടുതല്‍ ശ്രദ്ധയോടെ പരിശോധിക്കണമായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

വയോധികയെ കൊലപ്പെടുത്തി മൃതദേഹം കായലില്‍ കെട്ടിത്താഴ്ത്തിയ പ്രതി പിടിയില്‍

ആലപ്പുഴ. കായംകുളത്ത് വയോധികയെ കൊലപ്പെടുത്തി മൃതദേഹം കായലില്‍ കെട്ടിത്താഴ്ത്തിയ പ്രതി പിടിയില്‍. അയല്‍വാസിയായ പ്രകാശനാണ് പിടിയിലായത്. കണ്ടല്ലൂര്‍ സ്വദേശിനി തങ്കമ്മയുടെ (80) മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെയാണ് കനകക്കുന്ന് ജെട്ടിക്ക് സമീപത്തുനിന്ന് കണ്ടെത്തിയത്. മൃതദേഹത്തിന്റെ കൈകാലുകള്‍ കയറുകൊണ്ട് കെട്ടിയ നിലയിലായതിനാല്‍ സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പൊലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു.

മോഷണശ്രമത്തിനിടെ തങ്കമ്മയെ ബോധരഹിതയാക്കി ശേഷം മരിച്ചെന്ന ധാരണയില്‍ കായലില്‍ ഉപേക്ഷിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് മൂന്ന് ടീമുകളായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ആറുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് ഉച്ചയോടെയാണ് യഥാര്‍ഥ പ്രതിയിലേക്ക് പൊലീസ് എത്തിയത്.

വയോധികയുടെ കഴുത്തില്‍ മാല, കൈയില്‍ അഞ്ച് വളകള്‍, മോതിരം, കമ്മല്‍ എന്നിവയുണ്ടായിരുന്നു. എന്നാല്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടയില്‍ തങ്കമ്മയുടെ ശരീരത്തില്‍ ആഭരണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. തങ്കമ്മ വീട്ടില്‍ തനിച്ചായിരുന്നു താമസം. ഇവരുടെ മകനും കുടുംബവും മറ്റൊരു വീട്ടിലും, വിവാഹിതയായ മകള്‍ ഭര്‍തൃവീട്ടിലുമാണ് താമസിക്കുന്നത്. കൊലപാതകത്തിന് രണ്ടുദിവസം മുന്‍പ് തങ്കമ്മയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ കനകക്കുന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് കായലില്‍ മീന്‍പിടിത്തക്കാര്‍ മൃതദേഹം കണ്ടെത്തിയത്.

സൂപ്പര്‍ സ്പ്ലെന്‍ഡര്‍ എക്സ്ടെക് 2.0′ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി

മുംബൈ: ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ പുതിയ ‘സൂപ്പര്‍ സ്പ്ലെന്‍ഡര്‍ എക്സ്ടെക് 2.0’ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 86,500 രൂപയാണ് ഇതിന്റെ എക്‌സ്-ഷോറൂം വില. നിരവധി മാറ്റങ്ങളുമായാണ് ബൈക്ക് വിപണിയില്‍ എത്തിയത്. ബൈക്കിന് മികച്ച മൈലേജ് ലഭിക്കുമെന്നതാണ് കമ്പനിയുടെ അവകാശവാദം.

10.7 bhp കരുത്തും 10.6 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന അതേ 124.7cc, സിംഗിള്‍-സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് സൂപ്പര്‍ സ്പ്ലെന്‍ഡര്‍ എക്സ്ടെക് 2.0 മോഡലിലും ഉപയോഗിച്ചിരിക്കുന്നത്. ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റത്തിന്റെ സഹായത്തോടെ ഈ ബൈക്ക് ലിറ്ററിന് 72 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ഹീറോയുടെ അവകാശവാദം. ട്രാഫിക്കില്‍ എന്‍ജിന്‍ സുഗമമായി സ്റ്റാര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്ന ‘ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍’ ഈ മോട്ടോര്‍സൈക്കിളില്‍ നല്‍കിയിട്ടുണ്ട്.


ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ കോള്‍/എസ്എംഎസ് അലര്‍ട്ടുകള്‍, കോളര്‍ ഐഡി, ഫോണ്‍ ബാറ്ററി നില, തത്സമയ മൈലേജ് വിവരം, കുറഞ്ഞ ഇന്ധന നില എന്നിവ അറിയാനുള്ള സാങ്കേതികവിദ്യ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ സൗകര്യത്തിനായി യുഎസ്ബി ടൈപ്പ്-സി ചാര്‍ജിങ്ങും പോര്‍ട്ടും ഇതിലുണ്ട്. സുരക്ഷയുടെ ഭാഗമായി ഹാസാര്‍ഡ് ലൈറ്റുകള്‍, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാഴ്ചയില്‍ കൂടുതല്‍ ഭംഗിയേകാന്‍ പുതിയ ഡ്യുവല്‍-ടോണ്‍ ഗ്രാഫിക്‌സ്, പുത്തന്‍ കളര്‍ ഓപ്ഷനുകള്‍, എക്സ്ടെക് 2.0 ബാഡ്ജിങ്, സ്റ്റിച്ചിങ് ഉള്ള ഡ്യുവല്‍-ടെക്സ്ചര്‍ സീറ്റ് എന്നിവ നല്‍കി ബൈക്കിന്റെ സ്‌റ്റൈല്‍ പുതുക്കിയിട്ടുണ്ട്.
ഗ്ലോസി ബ്ലാക്ക്, കാന്‍ഡി ബ്ലേസിംഗ് റെഡ്, മാറ്റ് ആക്‌സിസ് ഗ്രേ , മാറ്റ് നെക്‌സസ് ബ്ലൂ, മാറ്റ് ചെസ്റ്റ്‌നട്ട് ബ്രൗണ്‍ എന്നി അഞ്ചു നിറങ്ങളില്‍ പുതിയ സൂപ്പര്‍ സ്പ്ലെന്‍ഡര്‍ എക്സ്ടെക് 2.0 ലഭ്യമാണ്.

ഹാപ്പിലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ആകാശത്തൊട്ടില്‍ പൊട്ടിവീണ അപകടത്തില്‍ ഒഴിവായത് വന്‍ദുരന്തം

തിരുവനന്തപുരം. വെമ്പായം ഹാപ്പിലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ആകാശത്തൊട്ടില്‍ പൊട്ടിവീണ അപകടത്തില്‍ ഒഴിവായത് വന്‍ദുരന്തം. തൊട്ടിലിന്‍റെ ഇരുമ്പുഭാഗങ്ങള്‍ ശരീരത്തില്‍ തറയ്ക്കുകയോ, തൊട്ടി തൂണുകളിലോ പാറയിലോ അടിക്കുകയോ ചെയ്തെങ്കില്‍ വന്‍ ദുരന്തം സംഭവിച്ചേനേ എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ജയിന്റ് വീലില്‍ നിന്ന് താഴെവീണ് കുട്ടികള്‍ അടക്കം 25ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇതില്‍ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. കാല്‍ ഒടിഞ്ഞ സ്്ത്രീയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കാണ് മാറ്റിയത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. ജയിന്റ് വീലിന്റെ വെല്‍ഡിങ് മുറിഞ്ഞാണ് അപകടം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. റൈഡില്‍ ഉണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. തെക്കന്‍ കേരളത്തിലെ പ്രധാന അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ ഒന്നാണിത്. അവധിക്കാലമായതിനാലും ഇന്ന് അവധി ദിവസമായതിനാലും അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ കുട്ടികള്‍ അടക്കം നിരവധിപ്പേര്‍ എത്തിയിരുന്നു. അവധിക്കാലം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. അതുകൊണ്ട് തന്നെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ നല്ല തിരക്ക് ഉണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം

ആകാശത്തൊട്ടില്‍ പൊട്ടിവീണ് അപകടത്തില്‍പ്പെട്ടവരെ ഉടന്‍ തന്നെ പൊലീസുകാരും അവിടെ കൂടിയിരുന്നവരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിക്കേറ്റ അഞ്ചുപേരില്‍ നാലുപേരെ വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവരെയും വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്നാണ് വിവരം. ആരുടെയും പരിക്ക് സാരമുള്ളതല്ല എന്നാണ് പൊലീസ് പറയുന്നത്.

പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡല്‍ പാറക്കുളത്തിൽ മുങ്ങി മരിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡല്‍ മുങ്ങി മരിച്ചു. ഡല്‍ഹി അംബേദ്കര്‍ നഗര്‍ സ്വദേശി ദിയാന്‍ഷു ജോഷിയാണ് മരിച്ചത്. പാറമടയിലെ വെള്ളക്കെട്ടില്‍ നീന്താന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം.


ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തുണിമില്ലിന്റെ പരസ്യ ചിത്രീകരണത്തിനാണ് പെരുമ്പാവൂരില്‍ ദിയാന്‍ഷു ഉൾപ്പെടുന്ന സംഘം എത്തിയത്. നാളെയാണ് ഷൂട്ടിംഗ് നിശ്ചയിച്ചിരുന്നത്. അതിന് മുന്നോടിയായി ലൊക്കേഷൻ കാണാൻ വന്ന സംഘത്തിൽ ഉൾപ്പെട്ട പ്രധാന മോഡലാണ് ദിയാന്‍ഷു.


ദില്ലി സ്വദേശികളായ നാല് പേരും മലയാളികളും അടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിക്കാൻ എത്തിയത്. അപകടം സംഭവിച്ച ഉടനെ തന്നെ നാട്ടുകാരും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ദിയാന്‍ഷുവിനെ രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

സ്വകാര്യ ബസ് കണ്ടക്ടറെയും ഭാര്യയെയും മറ്റൊരു ബസിലെ ഡ്രൈവർ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി


ശാസ്‌താംകോട്ട:സമയക്രമത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് കണ്ടക്ടറെ മറ്റൊരു ബസിലെ ഡ്രൈവർ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി.ശൂരനാട് തെക്ക് കിടങ്ങയം കന്നിമേൽ ജയഭവനിൽ സിർദ്ധാർത്ഥിനെയാണ് മർദ്ദിച്ചത്.കൊട്ടാരക്കര – ചവറ റൂട്ടിൽ സർവീസ് നടത്തുന്ന സൊസൈറ്റി ബസിലെ ഡ്രൈവർ അജേഷിനെതിരെയാണ് ശൂരനാട് പോലീസിൽ പരാതി നൽകിയത്.കൊട്ടാരക്കര – കരുനാഗപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന സ്വാതി ബസിലെ കണ്ടക്ടറായ പരാതിക്കാരനെയും മറ്റ് ജീവനക്കാരെയും ബുധനാഴ്ച രാത്രി 7.30 ഓടെ ഭരണിക്കാവ് സ്‌റ്റാൻഡിൽ വച്ച് അസഭ്യം പറയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു.കൊട്ടാരക്കരയിൽ നിന്നും ഭരണിക്കാവിലേക്ക് വരവേ പുത്തൂരിലടക്കം വാഹനങ്ങൾ ഗതാഗത കുരുക്കിൽ അകപ്പെട്ടിരുന്നു.മർദ്ദനമേറ്റ സിദ്ധാർത്ഥിൻ്റെ ബസിൻ്റെ പിന്നാലെ എത്തിയ അജേഷ് ഇക്കാരണം കൊണ്ടാണ് പ്രകോപിതനായതെന്ന് പരാതിയിൽ പറയുന്നു.തുടർന്ന് രാത്രി 9.30 ഓടെ സിദ്ധാർത്ഥിൻ്റെ വീട്ടിലെത്തിയ അജേഷ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു മർദ്ദനം തടയാനെത്തിയ ഭാര്യയ്ക്കും മർദ്ദനമേറ്റു.
മർദ്ദനത്തിൽ സാരമായി പരിക്കേറ്റ യുവതിയെ താലൂക്കാശുപത്രിയിൽ പ്രവേശിപിച്ചു.ഭാര്യാ പിതാവിനെ ഹെൽമറ്റു കൊണ്ട് അടിച്ചു വീഴ്ത്തിയതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.അതിനിടെ ശൂരനാട് പോലീസ് പ്രതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും, കേസ് ഒത്തുതീർപ്പാക്കണമെന്നും അല്ലാത്തപക്ഷം ഇരു കൂട്ടർക്കുമെതിരെ നടപടിയെടുക്കുമെന്നും ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്.

കമ്പൈൻഡ് സർവീസസ് എക്‌സാമിനേഷൻ: വിജ്ഞാപനം പ്രസിദ്ധീകരിച്ചു

കംപെയ്ൻഡ് ഡിഫൻസ് സർവീസസ് എക്‌സാമിനേഷൻ (II) -2026-ന് യു.പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 451 പേർക്കാണ് പ്രവേശനം. ദെഹ്ദാറൂണിലെ ഇന്ത്യൻ മിലിറ്ററി അക്കാദമി, ഏഴിമല നാവിക അക്കാദമി, ഹൈദരാബാദിലെ എയർഫോഴ്‌സ് അക്കാദമി, ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി എന്നിവിടങ്ങളിലാണ് പ്രവേശനം.

വനിതകൾക്ക് അപേക്ഷിക്കാവുന്ന ഒഴിവുകളും ഉണ്ട്. ബിരുദധാരികൾക്കാണ് അവസരം. തിരഞ്ഞെടുപ്പിനായുള്ള പരീക്ഷ 2026 സെപ്റ്റംബർ 13-ന് നടക്കും.

ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 2027 ഒക്ടോബറിലും മറ്റ് കേന്ദ്രങ്ങളിൽ 2027 ജൂലായിലും കോഴ്‌സ് ആരംഭിക്കും. എൻ.സി.സി.-സി സർട്ടിഫിക്കറ്റുള്ളവർക്ക് നിശ്ചിത എണ്ണം സീറ്റുകൾ നീക്കിവെച്ചിട്ടുണ്ട്.

അപേക്ഷ https://upsconline.nic.in/ വഴി ഓൺലൈനായി സമർപ്പിക്കണം. അപേക്ഷയോടൊപ്പം ഫോട്ടോ, ലൈവ് ഫോട്ടോ, ഒപ്പ് എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള മാതൃകയിൽ അപ്ലോഡ് ചെയ്യണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും upsconline.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 09.

ആർത്തവകാലത്തെ ശുചിത്വം : ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ; മെയ് 28 ലോക ആർത്തവ ശുചിത്വ ദിനം

നല്ല ആർത്തവ ആരോഗ്യത്തിന് ശുചിത്വം വളരെ പ്രധാനമാണ്. ശുചിത്വമില്ലായ്മ, വൃത്തികെട്ട പാഡുകൾ/തുണി എന്നിവയുടെ ഉപയോഗം, വൃത്തിഹീനമായ ടോയ്‌ലറ്റുകൾ ഉപയോഗിക്കുന്നത് എന്നിവ നിരവധി അണുബാധകൾക്കും രോഗങ്ങൾക്കും കാരണമാകും.
മെയ് 28 ന് ലോക ആർത്തവ ശുചിത്വ ദിനം ആചരിച്ച് വരുന്നു. ആർത്തവകാലത്ത് ശുചിത്വം പാലിക്കേണ്ടത് സ്ത്രീയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകമാണ്. ആർത്തവ ശുചിത്വം ആരോഗ്യകരമായ ജീവിതത്തിന്റെ അനിവാര്യ ഘടകമാണ്. സാനിറ്ററി പാഡുകൾ ലഭ്യമാകുന്നതിലെ ബുദ്ധിമുട്ട് ഒരു പ്രധാന പ്രശ്നമാണ്. ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയില്ല. ഗ്രാമപ്രദേശങ്ങളിൽ, സ്ത്രീകൾ സാനിറ്ററി പാഡുകൾ ഉപയോഗിക്കുമ്പോൾ പോലും, അവർ അവ അമിതമായി ഉപയോഗിക്കുകയും 14-26 മണിക്കൂർ വരെ ഒരേ പാഡ് ധരിക്കുകയും ചെയ്യുന്നു. ഇത് അണുബാധകൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.

മാത്രമല്ല, ഇത് ടോക്സിക് ഷോക്ക് സിൻഡ്രോം, സ്ത്രീകളുടെ മാനസികാരോഗ്യത്തെ പോലും ബാധിക്കുന്ന ദീർഘകാല അസ്വസ്ഥത എന്നിവയിലേക്ക് നയിച്ചേക്കാം. ഈ സങ്കീർണതകളുടെ ദീർഘകാല സാന്നിധ്യം സ്ത്രീയുടെ പ്രത്യുത്പാദന ആരോഗ്യത്തിൽ സ്ഥിരമായ സ്വാധീനം ചെലുത്തുകയും വന്ധ്യതയ്ക്കും ഗർഭകാലത്ത് സങ്കീർ‍ണതകൾക്കും കാരണമാവുകയും ചെയ്യും. അതിനാൽ, സ്ത്രീകൾ എല്ലായ്പ്പോഴും വൃത്തിയുള്ള പാഡുകൾ ഉപയോഗിക്കുകയും, ദിവസവും കുറഞ്ഞത് 2-3 തവണയെങ്കിലും അവ മാറ്റുകയും ശരിയായ രീതിയിൽ അവ നീക്കം ചെയ്യുകയും വേണമെന്ന് മണിപ്പാൽ ആശുപത്രി പട്യാലയിലെ ഗൈനക്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. ഗോൾഡി കാംബോജ് പറഞ്ഞു. ആർത്തവ ശുചിത്വത്തിൽ സ്ത്രീകൾ പാലിക്കേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ഒന്ന്

ആർത്തവ സമയത്ത് ഉപയോഗിക്കുന്ന സാനിട്ടറി പാഡ്, മെൻസ്ട്രൽ കപ്പ്, ടാമ്പൂൺ എന്നിവ നാലോ അഞ്ചോ മണിക്കൂർ ഇടവേളകളിൽ മാറ്റാൻ ശ്രദ്ധിക്കണം. മണിക്കൂറുകളോളം അവ ഉപയോഗിക്കുന്നത് ബാക്ടീരിയ രോഗങ്ങളും അണുബാധയുമുണ്ടാക്കും.

രണ്ട്

ഉപയോഗിച്ച സാനിട്ടറി പാഡുകളും ടാമ്പൂണുകളും കൃത്യമായി സംസ്‌കരിച്ചുവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. കടലാസിൽ വൃത്തിയായി പൊതിഞ്ഞ് അവ ഇടേണ്ട വേസ്റ്റ് ബിന്നുകളിൽ നിക്ഷേപിക്കാൻ ശ്രമിക്കുക.

മൂന്ന്

ദിവസത്തിൽ രണ്ട് നേരം സോപ്പും വെള്ളവും ഉപയോഗിച്ച് ജനനേന്ദ്രിയം കഴുകുകയും വേണം. വായു സഞ്ചാരമുള്ള കോട്ടൺ അടിവസ്ത്രങ്ങൾ വേണം ഈ സമയത്ത് ധരിക്കേണ്ടത്. ഇല്ലെങ്കിൽ ഇത് അണുബാധയ്ക്ക് ഇടയാക്കും.

നാല്

ആർത്തവ സമയത്ത് ധാരാളം വെള്ളം കുടിക്കാനും പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കാനും ശ്രദ്ധിക്കണം. കഫീൻ അടങ്ങിയ ഭക്ഷണം, ഉപ്പ് ധാരാളം ചേർത്ത ഭക്ഷണം എന്നിവ ഒഴിവാക്കുക.

അഞ്ച്

ആർത്തവ സമയത്ത് ലൈംഗിക ബന്ധത്തിലേർപ്പടണോ വേണ്ടയോ എന്നുള്ളത് വ്യക്തിപരമായ കാര്യമാണ്. ലൈംഗിക ബന്ധത്തിലേർപ്പെടാൻ ആഗ്രഹിക്കുന്നവർ സുരക്ഷിതമായ മാർഗ്ഗങ്ങളിലൂടെ ബന്ധപ്പെടാൻ ശ്രദ്ധിക്കണം.

ആറ്

ആർത്തവദിനങ്ങൾ ആണെങ്കിലും അല്ലെങ്കിലും കൈകൾ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ആർത്തവ ദിനങ്ങളിൽ പ്രത്യേകിച്ചും. ആർത്തവവുമായി ബന്ധപ്പെട്ട് നിങ്ങൾ ഉപയോഗിക്കുന്ന അനുബന്ധ ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിന് മുൻപും ശേഷവും കൈകൾ രണ്ടും വൃത്തിയായി കഴുകണം.

ഏഴ്

യോനിയുടെ ഭാഗങ്ങളിൽ സുഗന്ധം അടങ്ങിയിട്ടുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. സുഗന്ധം അടങ്ങിയിട്ടുള്ള ഏതൊരു ശുദ്ധീകരണ ഉൽപ്പന്നമോ ആർത്തവ ഉൽ‌പ്പന്നമോ ആയിക്കൊള്ളട്ടെ. അവ ഉപയോഗിക്കുമ്പോൾ യോനിയിൽ കൂടുതൽ അണുബാധകൾ ഉണ്ടാകാം.

എൻ്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ… പിന്നാലെ അസഭ്യവർഷം, അമേരിക്കയിൽ നേരിട്ട വംശീയ അധിക്ഷേപം ശാന്തതയോടെ നേരിട്ട് ഇന്ത്യൻ ദമ്പതികൾ

ന്യൂയോർക്ക്: അമേരിക്കയിൽ ഇന്ത്യൻ ദമ്പതികൾക്ക് നേരെ വംശീയ അധിക്ഷേപം. സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാൻ ഒരു അമേരിക്കൻ സ്വദേശി ആവശ്യപ്പെടുന്നതിൻ്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.’ടോൺ’ എന്ന എക്സ് യൂസർ പങ്കുവെച്ച വീഡിയോയിൽ റോഡരികിൽ നിൽക്കുകയായിരുന്ന ദമ്പതികളെ ഇയാൾ തൻ്റെ കാറിലിരുന്ന് ക്യാമറയിൽ പകർത്തിക്കൊണ്ട് അനാവശ്യമായി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണുള്ളത്.

Also Read: രാജകുടുംബവുമായി അടുപ്പമുള്ളവർ പരിശോധനകളില്ലാതെ ചെമ്പകത്തുമൂട് വഴി പത്മനാഭ സ്വാമി ക്ഷേത്രത്തിൽ കയറിയിറങ്ങുന്നു, അമൂല്യ വസ്തുക്കൾ കാണാതായി

നിങ്ങൾ ഇന്ത്യയിൽ നിന്നാണോ? എന്ന ചോദ്യത്തോടെയാണ് ഇയാൾ ദമ്പതികളെ സമീപിച്ചത്. അവർ ആണെന്ന് മറുപടി നൽകിയപ്പോൾ, അവർക്ക് അമേരിക്ക ഇഷ്ടമാണോ എന്നും അമേരിക്കയും ഇന്ത്യയും തമ്മിൽ ഏതാണ് കൂടുതൽ മികച്ച രാജ്യമെന്നും ഇയാൾ ചോദിക്കുന്നു. ഇരു രാജ്യങ്ങൾക്കും അതിൻ്റേതായ നല്ല വശങ്ങളുണ്ടെന്നും ഇന്ത്യ കുടുംബ പശ്ചാത്തലം നൽകുമ്പോൾ ഓരോ സ്ഥലത്തിനും അതിൻ്റേതായ മൂല്യമുണ്ടെന്നും നയതന്ത്രപരമായ രീതിയിൽ ദമ്പതികൾ മറുപടി നൽകി. എന്നാൽ ഈ മറുപടിക്ക് തൊട്ടുപിന്നാലെ ഇയാളുടെ പെരുമാറ്റം കൂടുതൽ ശത്രുതാപരമായി മാറുകയായിരുന്നു.

ഇന്ത്യ അത്രയധികം അത്ഭുതകരമായ രാജ്യമാണെങ്കിൽ എന്തുകൊണ്ടാണ് നിങ്ങൾ അവിടെത്തന്നെ നിൽക്കാത്തത്, എന്തിനാണ് അമേരിക്കയിലേക്ക് വരുന്നത്? എന്ന് ഇയാൾ ദമ്പതികളോട് ചോദിക്കുന്നത്. ലോകം ചുറ്റിക്കാണാനും പര്യവേക്ഷണം ചെയ്യാനുമാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്ന് ദമ്പതികൾ വ്യക്തമാക്കിയപ്പോൾ, ഇല്ല, നിങ്ങളെ ഇവിടെ ആവശ്യമില്ല, നിങ്ങൾ സ്വന്തം നാട്ടിലേക്ക് മടങ്ങണം, എൻ്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ എന്ന് ഇയാൾ ആക്രോശിക്കുകയായിരുന്നു. താൻ കുറച്ച് എച്ച് 1ബി ഇന്ത്യക്കാരെ കണ്ടുമുട്ടിയെന്നും അവരോട് ചില കാര്യങ്ങൾ വ്യക്തമാക്കേണ്ടി വന്നുവെന്നുമുള്ള അടിക്കുറിപ്പോടെയാണ് ഇയാൾ ഈ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഈ വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇയാൾക്കെതിരെ ഉയരുന്നത്. തികച്ചും അനാവശ്യവും വിവേചനപരവുമായ പെരുമാറ്റമാണിതെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.

നിയമാനുസൃതമായി അമേരിക്കയിലേക്ക് കുടിയേറുന്നവരും സന്ദർശനം നടത്തുന്നവരും അവിടുത്തെ സമൂഹത്തിന് വലിയ സംഭാവനകൾ നൽകുന്നവരും കൃത്യമായി നികുതി അടയ്ക്കുന്നവരുമാണെന്ന് പലരും ഓർമ്മിപ്പിച്ചു. രാജ്യസ്‌നേഹത്തിൻ്റെ മറവിൽ വംശീയതയെ സ്വാഭാവികവൽക്കരിക്കാനുള്ള ശ്രമമാണിതെന്നും, അപരിചിതരായ ആളുകളോട് അവരുടെ ദേശീയതയുടെയോ വംശത്തിൻ്റെയോ പേരിൽ തട്ടിക്കയറുന്നത് ദേശീയ വികാരമല്ല, മറിച്ച് അസഹിഷ്ണുതയാണെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പലരും പ്രതികരിക്കുന്നത്. ഇത്രയധികം മോശമായി പെരുമാറിയിട്ടും യാതൊരുവിധ പ്രകോപനവുമില്ലാതെ പൂർണ്ണമായ ശാന്തതയോടും അച്ചടക്കത്തോടും കൂടി ഈ സാഹചര്യത്തെ നേരിട്ട ഇന്ത്യൻ ദമ്പതികളെ അഭിനന്ദിച്ചും നിരവധിപേർ രംഗത്തെത്തുകയുണ്ടായി.

രാജകുടുംബവുമായി അടുപ്പമുള്ളവർ പരിശോധനകളില്ലാതെ ചെമ്പകത്തുമൂട് വഴി പത്മനാഭ സ്വാമി ക്ഷേത്രത്തിൽ കയറിയിറങ്ങുന്നു, അമൂല്യ വസ്തുക്കൾ കാണാതായി

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ഡിജിപി നൽകിയ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി മന്ത്രി രമേശ് ചെന്നിത്തലക്കു കൈമാറും. സുപ്രീം കോടതി പരിഗണിക്കുന്ന വിഷയമായതിനാൽ സർക്കാർ തീരുമാനമെടുക്കുo. പത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ഭരണസമിതിയുടെ അടിയന്തരയോഗം നാളെ നടക്കാനിരിക്കെയാണ് റിപ്പോർട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറുന്നത്.

Also Read: കാസർകോട് പള്ളപ്പാടിയിൽ യുവതി ജീവനൊടുക്കിയ നിലയിൽ; ​ഗാർഹിക പീഡനമെന്ന ആരോപണവുമായി കുടുംബം

കോടികൾ വിലയുള്ള അമൂല്യമായ പല വസ്തുക്കളും ക്ഷേത്രത്തിൽ നിന്ന് കാണാതായിയെന്നാണ് ഡിജിപി റിപ്പോർട്ട് വിശദമാക്കുന്നത്. സ്വർണ്ണ വിളക്ക് അറ്റകുറ്റപ്പണികൾക്കായി മാറ്റിയെങ്കിലും അത് പിന്നീട് കാണാതായി. പകരം ഔദ്യോഗിക രേഖകളില്ലാതെ വെള്ളി വിളക്ക് സ്ഥാപിച്ചു. വൈര നമ എന്ന ആഭരണം ആറ് മാസമായി കാണാനില്ലെന്നും റിപ്പോർട്ട് വിശദമാക്കുന്നുണ്ട്. രാജകുടുംബവുമായി ബന്ധപ്പെട്ടതെന്ന പേരിൽ പലരും വളരെ സ്വാതന്ത്ര്യത്തോടെ ക്ഷേത്രത്തിൽ പരിശോധനകളില്ലാതെ കയറുകയും ഇറങ്ങുകയും ചെയ്യുന്നുവെന്നും റിപ്പോർട്ട് വിശദമാക്കുന്നു.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ചില ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും രാജകുടുംബവുമായി അടുപ്പമുള്ളവരും മറ്റൊരു പ്രവേശന കവാടമായ ചെമ്പകത്തുമൂടിലൂടെ സുരക്ഷാ പരിശോധനകൾ ഒഴിവാക്കി ക്ഷേത്രത്തിലേക്ക് കടക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ആദിത്യവർമ്മയുമായി ബന്ധമുള്ള ചില വ്യക്തികൾ സുരക്ഷക്രമീകരണം മറികടന്ന് ക്ഷേത്രത്തിൽ കയറുന്നു എന്നാണ് റിപ്പോർട്ടിലുള്ള വിവരം. സ്ഥിരമായി ചെമ്പകത്തുമൂട് പ്രവേശന കവാടത്തിലൂടെ കടക്കുന്നവരുടെ പേരുകളടക്കം വ്യക്തമാക്കിയാണ് റിപ്പോർട്ട് നൽകിയിട്ടുള്ളത്. ക്ഷേത്രത്തിലെ സ്വർണകട്ടികൾ സൂക്ഷിക്കുന്നതടക്കമുള്ള ക്രമീകരണം മാറ്റണമെന്നും ഡിജിപി റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റ അടിസ്ഥാനത്തിലാണ് സർക്കാരിന് ഡിജിപി റിപ്പോർട്ട് നൽകിയത്.

പൂവട്ടക കാണാതായിയെന്ന് പരാതിയുയർന്നു. നിലവറ എച്ചിൽ നിന്നാണ് പൂവട്ടക ക്ഷേത്രാവശ്യത്തിനായി എടുത്തത്. പിന്നാലെ ഇത് തിരിച്ചുവന്നുവെന്ന് മുതൽപ്പിടി വിശദമാക്കി. ഇതിലൊന്നും അന്വേഷണമില്ലെന്നും റിപ്പോർട്ട് വിശദമാക്കുന്നു. രണ്ട് മാസം മുൻപാണ് ഡിജിപി റിപ്പോർട്ട് തയ്യാറാക്കിയത്. സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടി എഡിജിപി എസ് ശ്രീജിത്താണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്.