Home Blog Page 703

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസ് അന്വേഷണം ടി വീണയില്‍ മാത്രം ഒതുങ്ങില്ല,പണം പറ്റിയ മുഴുവന്‍പേരിലേക്കും അന്വേഷണം നീളും

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസ് അന്വേഷണം മുൻമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ ടി വീണയില്‍ മാത്രം ഒതുങ്ങില്ല. സിഎംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റിയ മുഴുവന്‍ പേരിലേക്കും അന്വേഷണം നീളുമെന്നാണ് ഇഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മന്ത്രിസഭയിലെ അംഗങ്ങളും അന്വേഷണ പരിധിയിലുണ്ടെന്നാണ് വിവരം.

സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണയും പിണറായി വിജയനും താമസിക്കുന്ന വീട് ഉള്‍പ്പെടെ 12 ഓളം കേന്ദ്രങ്ങളില്‍ ഇന്നലെ ഇഡി റെയ്ഡ് നടത്തിയിരുന്നു. നിരവധി രേഖകളും ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കുകയും ചെയ്തു. വീണയുടെ മൂന്ന് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും, മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് സിഎംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റിയ മറ്റുള്ളവരിലേക്കും ഇഡി അന്വേഷണം വ്യാപിക്കുന്നത്. സിഎംആര്‍എല്ലിന്റെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സിഎംആര്‍എല്ലിന്റെ പക്കല്‍ നിന്നും നേരത്തെ പിടിച്ചെടുത്ത ഡയറികളില്‍ നിന്നും ഏതാനും ചുരുക്കപ്പേരുകള്‍ കണ്ടെത്തിയിരുന്നു. ഇപ്പോഴത്തെ യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ അടക്കം സിഎംആര്‍എല്ലുമായ സാമ്പത്തിക ഇടപാടുകളും പരിശോധിക്കാനൊരുങ്ങുന്നത്.

സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട മുഴുവന്‍ സാമ്പത്തിക ഇടപാടു രേഖകളും വിശദമായി പരിശോധിച്ചശേഷം, ഇതുമായി ബന്ധപ്പെട്ടവരെ സമന്‍സ് അയച്ച് വിളിച്ചു വരുത്തി ഇഡി ചോദ്യം ചെയ്യുമെന്നാണ് സൂചന. കണ്ടെടുത്ത രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം ആദ്യഘട്ടത്തില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിനു വിളിപ്പിക്കാനായിരുന്നു ഇ ഡി ആലോചിച്ചിരുന്നത്. ഇതിനുശേഷം വീണയെ വിളിച്ചു വരുത്തിയാല്‍ മതിയെന്നും തീരുമാനമുണ്ടായിരുന്നു. എന്നാല്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയ സാഹചര്യത്തില്‍ ഉടന്‍ വീണയ്ക്ക് സമന്‍സ് അയച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ക്ഷേത്രക്കുളത്തിൽ കാൽ വഴുതി വീണ് അപകടത്തിൽപ്പെട്ട 15 വയസ്സുകാരിയെ സ്വന്തം ജീവൻ പോലും വകവെയ്ക്കാതെ സാഹസികമായി രക്ഷിച്ച് കൂട്ടുകാർ

കണ്ണൂർ: ക്ഷേത്രക്കുളത്തിൽ കാൽ വഴുതി വീണ് അപകടത്തിൽപ്പെട്ട 15 വയസ്സുകാരിയായ പെൺകുട്ടിയെ സ്വന്തം ജീവൻ പോലും വകവെയ്ക്കാതെ സാഹസികമായി രക്ഷിച്ച് കൂട്ടുകാർ മാതൃകയായി. പെരളശ്ശേരി മാവിലായി കീഴറ ശ്രീ ചേനാരത്ത് ക്ഷേത്രക്കുളത്തിൽ കാൽ വഴുതി വീണ് വെള്ളത്തിൽ താഴ്ന്നുപോവുകയായിരുന്ന പെൺകുട്ടിയെയാണ് ഒപ്പമുണ്ടായിരുന്ന കീഴറ സ്വദേശിനി റിഷിക രജിലും മയ്യിൽ സ്വദേശി റിഥിൻ രാജും ചേർന്ന് കുളത്തിലിറങ്ങി അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. ഇരുവരുടെയും തക്കസമയത്തുള്ള ഇടപെടലും ധീരതയുമാണ് ഒരു വലിയ ദുരന്തം ഒഴിവാക്കിയത്.

കീഴറയിലെ ശില്പയുടെയും ആർമി ഉദ്യോഗസ്ഥനായ രജിലിന്റെയും മകളാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയായ റിഷിക. പെരളശ്ശേരി എകെജി സ്മാരക ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയായ റിഷിക സ്കൂളിലെ സജീവ എൻ.സി.സി കേഡറ്റ് കൂടിയാണ്. ഈ പരിശീലനത്തിലൂടെ ലഭിച്ച മനോധൈര്യമാണ് അപകടം കണ്ട നിമിഷത്തിൽ ഒട്ടും പരിഭ്രമിക്കാതെ കുളത്തിലേക്ക് ഇറങ്ങാൻ പെൺകുട്ടിക്ക് കരുത്തായത്. അപകടത്തിൽപ്പെട്ട കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് റിഷികയ്ക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ റിഥിൻ രാജ്.

കുളത്തിലെ ആഴമേറിയ വെള്ളത്തിൽ വീണ് കുട്ടി മുങ്ങിത്താഴുന്നത് കണ്ടയുടൻ റിഷികയും റിഥിനും ഒന്നിച്ച് വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു. വെള്ളത്തിൽ ജീവനായി പിടയുകയായിരുന്ന പെൺകുട്ടിയെ ഇരുവരും ചേർന്ന് ശരീരബലം ഉപയോഗിച്ച് താങ്ങിനിർത്തുകയും ഏറെ പ്രയത്നപ്പെട്ട് സാഹസികമായി കുളത്തിന്റെ കരയിലേക്ക് സുരക്ഷിതമായി എത്തിക്കുകയുമായിരുന്നു.

വെമ്പായത്തെ ഹാപ്പി ലാൻഡില്‍ റൈഡ്‌ പൊട്ടി വീണ് അപകടം

വെമ്പായം.റൈഡ്‌ പൊട്ടി വീണ് അപകടം.തിരുവനന്തപുരം അമ്യുസ്മെന്റ് പാർക്കിലാണ് റൈഡ്‌ പൊട്ടി വീണ് അപകടം
ഉണ്ടായത്.വെമ്പായത്തെ ഹാപ്പി ലാൻഡിലാണ് അപകടം. പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റി

ഊഞ്ഞാൽ പൊട്ടിവീണാണ് അപകടം. 25 ഓളം പേർക്ക് പരിക്കുണ്ട്. ഊഞ്ഞാലിന്റ അടിയിൽ പെട്ടുപോയ 3 പേർക്ക് കാര്യമായ പരിക്കുണ്ട്. 5 പേരെ സെന്റ് ജോൺസ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്

ത്യാഗസ്മരണകൾ പുതുക്കി ഇന്ന് ബലി പെരുന്നാൾ

തിരുവനന്തപുരം : ത്യാഗസ്മരണകൾ പുതുക്കി ഇസ്ലാം മത വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. രാവിലെ മുതൽ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരങ്ങൾ നടക്കും. ജില്ലകളിൽ വിവിധ കേന്ദ്രങ്ങളിൽ ഈദ് ഗാഹ് നടക്കും. മഴസാധ്യത മുൻനിർത്തി കോഴിക്കോട് ബീച്ചിലെ ഈദ് ​ഗാഹ് ഒഴിവാക്കിയിട്ടുണ്ട്.

പ്രവാചകപ്രവാചകനായ ഇബ്രാഹീം നബി മകൻ ഇസ്‌മായിലിനെ ബലികൊടുക്കാൻ തയ്യാറായതിന്റെ ത്യാഗസ്‌മരണയിലാണ്‌ ബലിപെരുന്നാൾ ആഘോഷിക്കുന്നത്‌. ഹജ്ജ്കർമങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ച അറഫ നോമ്പ് പൂർത്തിയാക്കിയാണ് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷത്തിലേക്ക് കടക്കുന്നത്.

പ്രവാചകനായ ഇബ്രാഹിം നബിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അചഞ്ചലമായ ദൈവവിശ്വാസത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത ത്യാഗസന്നദ്ധതയുടെയും ഓർമ്മപ്പെടുത്തലാണ് ഈ സുദിനം. ഗൾഫ് നാടുകളിൽ ഇന്നലെയായിരുന്നു ബലി പെരുന്നാൾ. ബക്രീദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് രണ്ട് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

തമിഴ്നാട്ടിൽ ഗോവധ നിരോധനം കർശനമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി

തമിഴ്നാട്ടിൽ ഗോവധ നിരോധനം കർശനമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. പശുവിനെ അറുക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ബലിപെരുന്നാളിന് പശുവിനെയോ പശുക്കിടാവിനെയോ അറുക്കുന്നത് മതപരമായ ചടങ്ങല്ലെന്നും അങ്ങനെയൊരു  രീതിയില്ലെന്നും കോടതി വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1976 ഓഗസ്റ്റ് 30 മുതല്‍ തമിഴ്നാട്ടില്‍ ഗോവധ നിരോധനം നിലവിലുണ്ട്. 

ജസ്റ്റിസുമാരായ ജി.ആര്‍.സ്വാമിനാഥന്‍, വി. ലക്ഷ്മിനാരായണന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നിയമം കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിയോട് ഉത്തരവിട്ടത്. കോയമ്പത്തൂര്‍ സ്വദേശി കെ സൂര്യ പ്രശാന്ത് എന്നായാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഉത്തരവ്. പൊതുസ്ഥലങ്ങളിലെ ഗോവധം നിരോധിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. 


അറവുശാലകളില്‍ കൃത്യമായ മാനദണ്ഡം പാലിച്ചല്ലാതെ ഒരു മൃഗത്തെയും കശാപ്പ് ചെയ്യാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. താല്‍കാലിക അറവുശാലകള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് കോയമ്പത്തൂര്‍ സെല്‍വപുരം പൊലീസ് സ്റ്റേഷനിലെ എസ്പി സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ കോടതി നിലപാടെടുത്തു. ഭരണഘടനയിലെ 48–ാം അനുച്ഛേദമനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് ഗോവധമടക്കമുള്ള തടയാനുള്ള അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

തമിഴ്നാട് സ്വദേശികളായ സ്ത്രീകൾ മാല പിടിച്ചുപറി കേസിൽ അറസ്റ്റിൽ



കൊട്ടാരക്കര:- വയോധികയുടെ കഴുത്തിൽ നിന്നും സ്വർണമാല മോഷണം ചെയ്യ്ത കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുനെൽവേലി ജില്ലയിൽ തൂത്തുക്കുടി താലൂക്കിൽ അണ്ണാനഗർ 12 ൽ ഡോർ നമ്പർ 23 ൽ താമസിക്കുന്ന ശിവ ഭാര്യ കല്യാണി (45), പ്രശാന്ത് ഭാര്യ പാർവ്വതി (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.


26.05.2026 ഉച്ചയോടെ വാളകം അണ്ടൂർ സ്വദേശിനിയായ വയോധിക വാളകം മാർക്കറ്റിൽ നിന്നും വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി മടങ്ങുന്നതിനായി ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടയിലാണ് സംഭവം. വീട്ടിലേക്ക് പോകുന്നതിനായി വയോധിക വിളിച്ച ഓട്ടോറിക്ഷയിൽ പിടിയിലായ ഒന്നാം പ്രതിയായ കല്യാണി ആദ്യം ഓട്ടോറിക്ഷയിൽ കയറിയിരിക്കുകയും  തുടർന്ന് കൂട്ടാളിയായ  പാർവ്വതി വയോധികയെ അതേ ഓട്ടോറിക്ഷയിൽ തന്ത്ര പൂർവ്വം കയറ്റി ടിയാളുകളുടെ നടുക്ക് ഇരുത്തി യാത്ര ചെയ്യുകയും യാത്രയ്ക്കിടെ ഓട്ടോറിക്ഷയ്ക്കുള്ളിൽ വച്ച് ഇരുവരും ചേർന്ന് കഴുത്തിൽ നിന്നും രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാലയുടെ കൊളുത്ത് ഊരി മോഷണം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. പരാതിക്കാരിക്ക് സംശയം തോന്നിയതിനെ തുടർന്ന്  പോലീസിൽ വിവരം  അറിയിക്കുകയും തുടർന്ന് കൊട്ടാരക്കര പോലീസ് സ്റ്റേഷൻ SHO ജിജുകുമാർ പി.ഡി.യുടെ നേതൃത്വത്തിൽ എസ്.ഐമാരായ പങ്കജ് കൃഷ്ണ, ലയമോൾ, ആതിര, എ.എസ്.ഐ ശ്രീജ, എസ്.സി.പി.ഒ രാജി, ശുഭ, അസർ എന്നിവരടങ്ങിയ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാന സ്വഭാവമുള്ള നിരവധി കേസുകൾ നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show quoted text

സ്വർണവിലയിൽ ഇന്നും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,305 രൂപയും പവന് 560 രൂപ താഴ്ന്ന് 1,14,440 രൂപയിലെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില ഇടിവിന്റെ പാതയിലാണ്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടർന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്.


വിലയിലെ ഇടിവ് ആഭരണപ്രിയർക്കും വിവാഹ ആവശ്യത്തിന് സ്വർണാഭരണങ്ങൾ‌ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസം നൽകുന്നതാണ്. വിവാഹ സീസണിലെ വിലയിടിവ് വിപണിക്കും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. എന്നാൽ സ്വർണത്തിൽ നിക്ഷേപം നടത്തിയവർക്ക് വിലയിറക്കം വലിയ തിരിച്ചടിയാണുണ്ടാക്കുന്നത്. സ്വർണാഭരണങ്ങൾ, നാണയങ്ങൾ അല്ലെങ്കിൽ കട്ടികള്‍ എന്നിവ വാങ്ങുന്നതിന് പകരമായി ഡിജിറ്റൽ ഗോൾഡ്, ഗോൾഡ് മ്യൂച്ച്വൽ ഫണ്ടുകൾ തുടങ്ങിയ ബദലുകൾക്ക് ആവശ്യക്കാരേറെയാണ്.

ഇ ഡി റെയ്‌ഡിൽ മാദ്ധ്യമങ്ങളോട് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി

കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഉൾപ്പെടെ ഇന്നലെ നടന്ന ഇ ഡി റെയ്‌ഡുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതികരിക്കാൻ തയ്യാറാകാതെ മുഖ്യമന്ത്രി വി ഡി സതീശൻ. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഇന്നും അദ്ദേഹം ഒഴിഞ്ഞുമാറി.

പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി മലപ്പുറം പാണക്കാട് തറവാട്ടിൽ വി ഡി രാവിലെ സന്ദർശനം നടത്തിയിരുന്നു. പാണക്കാട് കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണത്തിൽ പങ്കുചേരാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും ജാതിമത വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരുമിച്ച ആഘോഷിക്കാൻ കഴിയുന്ന രീതിയിൽ വരും കാലം മാറണമെന്നും മാത്രമാണ് വി ഡി സതീശൻ പറഞ്ഞത്.

ഇ ഡി റെയ്‌ഡിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയില്ല. റെയ്‌ഡ് വലിയ രാഷ്‌ട്രീയ ചർച്ചയായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നത്. ഇന്നലെയും മാദ്ധ്യമങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാതെ അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. റെയ്ഡ് തുടങ്ങിയ ശേഷം ഇതുവരെ അഞ്ച് തവണ മാധ്യമങ്ങൾ ഇതേപറ്റി ചോദിച്ചപ്പോഴെല്ലാം ഭാവ ഭിനനയത്തോടെ നിൽക്കുകയാണ് മുഖ്യമന്ത്രി.

ഗംഗാ നദിയിൽ ബോട്ട് മുങ്ങി അപകടം; രണ്ടുപേർ മരിച്ചു

പട്‌ന: ഗംഗാ നദിയിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. അഞ്ചുപേരെ കാണാതായി. ഇന്ന് രാവിലെ പട്‌ന ജില്ലയിലെ ഉമാനാഥ് ഗംഗാ ഘട്ടിലാണ് സംഭവം. മരണസംഖ്യ ഇനിയും ഉയരാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിവരം. ശക്തമായ കാറ്റിനെത്തുടർന്നാണ് ബോട്ട് മുങ്ങിയത്.

14പേർ ബോട്ടിലുണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. മുങ്ങുന്നത് കണ്ട സമീപവാസികളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അപകടത്തിൽപ്പെട്ട ചിലരെ ഇവർ ബോട്ടിൽ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. മറ്റൊരു ബോട്ടിൽ കയറ്റിയാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. ഏഴുപേർ സുരക്ഷിതരാണ്. രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇനി അഞ്ചുപേരെ കൂടി കണ്ടെത്താനുണ്ട്. എസ്‌ഡിആർഎഫ് സംഘം കൂടി സ്ഥലത്തെത്തി തെരച്ചിൽ നടത്തുമെന്ന് ബാർഹ് എസ്‌ഡിപിഒ രാമകൃഷ്‌ണ പറഞ്ഞു.

ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം; ഡി.ജി.പിയെ വിളിപ്പിച്ച് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം:പ്രതിപക്ഷ നേതാവിന്റെ തിരുവനന്തപുരത്തെ വസതിയിൽ നടന്ന ഇ.ഡി പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇടപെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ ആക്രമിച്ച സംഭവത്തിൽ പോലീസിന് സുരക്ഷാ വീഴ്ച സംഭവിച്ചോ എന്ന കാര്യത്തിലാണ് ആഭ്യന്തര മന്ത്രി ഡി.ജി.പിയിൽ നിന്ന് വിശദീകരണം തേടുന്നത്.

പരിശോധന കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇ.ഡി സെർച്ച് ടീമിനും സി.ആർ.പി.എഫ് ഉദ്യോഗസ്ഥർക്കും നേരെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം ഉണ്ടായെന്നാണ് റിപ്പോർട്ട്. അക്രമം പ്ലാൻ ചെയ്തതാണെന്ന് ഇ.ഡി വിലയിരുത്തുന്നു. “കൊല്ലെടാ” എന്ന് ആക്രോശിച്ച് മാരകായുധങ്ങളുമായി സംഘം ചേർന്നാണ് ആക്രമണം നടത്തിയത്.

ഇഷ്ടിക ഉപയോഗിച്ച് ഡ്രൈവറെ വധിക്കാൻ ശ്രമിച്ചതായും ഇരുമ്പ് ദണ്ഡും വടിയും ഉപയോഗിച്ച് ഉദ്യോഗസ്ഥരെ പരിക്കേൽപ്പിച്ചതായും എഫ്.ഐ.ആറിൽ പറയുന്നു. അക്രമവുമായി ബന്ധപ്പെട്ട് ഇന്ന് നാല് പേർ കൂടി പിടിയിലായിട്ടുണ്ട്. കണ്ടാലറിയാവുന്ന 300 പേർക്കെതിരെയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച മൂന്ന് കാറുകൾ അക്രമികൾ തകർത്തിരുന്നു.