30.4 C
Kollam
Sunday 1st November, 2026 | 12:17:19 PM
Home News Breaking News കൈക്കൂലി വാങ്ങുന്നതിനിടെ മിമിക്രി കലാകാരനായ പഞ്ചായത്ത്‌ ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ മിമിക്രി കലാകാരനായ പഞ്ചായത്ത്‌ ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

Advertisement

കോഴഞ്ചേരി: ലൈസൻസ് പുതുക്കി നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഹെഡ് ക്ലാർക്ക് വിജിലൻസിന്റെ പിടിയിലായി. അയിരൂർ പഞ്ചായത്ത് ഹെഡ് ക്ലാർക്കും പത്തനംതിട്ട കുലശേഖരപതി സ്വദേശിയുമായ താജുദ്ദീൻ (50) ആണ് അറസ്റ്റിലായത്. വിജിലൻസ് സംഘം ഇയാളിൽനിന്ന് കൈക്കൂലിയായി വാങ്ങിയ 5000 രൂപയും പിടിച്ചെടുത്തു. സ്റ്റേജ് ഷോകളിൽ സജീവമായ മിമിക്രി കലാകാരൻ കൂടിയാണ് താജുദ്ദീൻ.

വെൺമണി സ്വദേശിയായ മത്സ്യവ്യാപാരിയാണ് വിജിലൻസിന് പരാതി നൽകിയത്. അയിരൂർ പഞ്ചായത്തിലെ തടിയൂരിൽ മറ്റൊരാൾ നടത്തിയിരുന്ന മത്സ്യവ്യാപാര സ്ഥാപനം ഏറ്റെടുത്ത പരാതിക്കാരൻ, പഴയ ഉടമയുടെ പേരിലുള്ള ലൈസൻസ് സ്വന്തം പേരിലേക്ക് മാറ്റാൻ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ലൈസൻസ് പുതുക്കി നൽകിയില്ല.

കഴിഞ്ഞ മാസം ആദ്യം പഞ്ചായത്തിലെ രണ്ട് ഉദ്യോഗസ്ഥർ കടയിലെത്തി ലൈസൻസ് ആവശ്യപ്പെട്ടു. ലൈസൻസ് മാറ്റുന്നതിനായി അപേക്ഷ നൽകിയിട്ടും ലഭിച്ചില്ലെന്ന് വ്യാപാരി അറിയിച്ചതോടെ പഞ്ചായത്ത് ഓഫീസിലെത്താൻ നിർദേശിച്ചു. തുടർന്ന് ഓഫീസിലെത്തിയ വ്യാപാരിയോട് ഹെഡ് ക്ലാർക്ക് 20,000 രൂപ പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. 8000 രൂപ നൽകിയാൽ പിഴയിൽനിന്ന് ഒഴിവാക്കാമെന്നും പിന്നീട് തുക 5000 രൂപയായി കുറച്ചെന്നും പരാതിയിൽ പറയുന്നു.

ഇതോടെ വ്യാപാരി പത്തനംതിട്ട വിജിലൻസ് യൂണിറ്റിലെ ഡിവൈഎസ്പിക്ക് പരാതി നൽകി. തുടർന്ന് വിജിലൻസ് സംഘം കെണിയൊരുക്കി. മഷി പുരട്ടിയ 5000 രൂപ വ്യാപാരിക്ക് കൈമാറി താജുദ്ദീന് നൽകാൻ നിർദേശിച്ചു.

ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ അയിരൂർ ജില്ലാ ആയുർവേദ ആശുപത്രിക്ക് സമീപം വ്യാപാരി പണം കൈമാറുന്നതിനിടെ വിജിലൻസ് സംഘം താജുദ്ദീനെ പിടികൂടുകയായിരുന്നു. ഇയാളെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

അസിസ്റ്റന്റ് സെക്രട്ടറിയായി ഉദ്യോഗക്കയറ്റം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു താജുദ്ദീൻ. ഇയാൾക്കെതിരെ നേരത്തെയും പണപ്പിരിവുമായി ബന്ധപ്പെട്ട പരാതികളുണ്ടായിരുന്നുവെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here