കാസർകോട്: കാസർകോട് ബെളളൂർ പാളപ്പാടിയിൽ യുവതി ജീവനൊടുക്കിയ നിലയിൽ. പള്ളപ്പാടിയിലെ സൈനുദ്ദീന്റെ ഭാര്യ സെറീനയാണ് മരിച്ചത്. ഗാർഹിക പീഡനത്തെ തുടർന്നാണ് മരണമെന്നാണ് പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതി. പ്രശ്നങ്ങളുള്ളതായി പെൺകുട്ടി പറഞ്ഞിട്ടുണ്ടെന്നും സഹോദരൻ പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Also Read: വിദേശ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും; ആദ്യ ഹൈഡ്രജൻ ട്രെയിൻ വരുന്നൂ, ഈ റൂട്ടിൽ സർവീസ്
സെറീനക്ക് 24 വയസ്സാണ് പ്രായം. ഗാർഹിക പീഡനം നടന്നുവെന്ന് സഹോദരൻ ആരോപിക്കുന്നു. സെറീനയുടെ വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി. കുട്ടികളില്ലാത്തതിനാൽ ഭർതൃവീട്ടുകാർ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നുവെന്നും സെറീനയുടെ കുടുംബം പറയുന്നു. മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാർ ആതൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)




































