Home Blog Page 544

അതിരുവിട്ട പ്രകടനങ്ങള്‍ ,യൂട്യൂബര്‍ തൊപ്പിക്കും കൂട്ടര്‍ക്കുമെതിരെ കര്‍ശന നടപടിക്കൊരുങി പൊലീസ്

കൊച്ചി. സമൂഹമാധ്യമങ്ങളിലൂടെ അതിരുവിട്ട പ്രകടനങ്ങള്‍ നടത്തിയ യൂട്യൂബര്‍ തൊപ്പിക്കും കൂട്ടര്‍ക്കുമെതിരെ കര്‍ശന നടപടിക്കൊരുങി പൊലീസ്. സുഹൃത്തുക്കളുടെ അശ്ലീലദൃശ്്യങ്ങള്‍ പ്രചരിപ്പിച്ച തൊപ്പിയെന്ന മുഹമ്മദ് നിഹാദിനെതിരെ കേസെടുത്ത് സൈബര്‍ പൊലീസ്. ലഹരിയുപയോഗം പ്രോത്സാഹിപ്പിച്ചതടക്കമുള്ള പരാതികളില്‍ കേസെടുക്കാനും തീരുമാനം.


കൗമാരക്കാരടക്കം ആയിരകണക്കിന് ഫോളോവേഴ്‌സുള്ള തൊപ്പിയെന്ന മുഹമ്മദ് നിഹാദിന്റെ സമൂഹമാധ്യമ അക്കൗണ്ടിലെ കണ്ടന്റുകള്‍ പരിധിവിട്ട് തുടങ്ങിട്ട് നാളേറെയായി. സ്ത്രീകള്‍ക്കെതിരായ അധിക്ഷേപം, ലഹരിയുപയോഗത്തെ പ്രോത്സാഹിപ്പിക്കല്‍ അങ്ങനെ കൗമാരക്കാരെ കുറ്റകൃത്യത്തിന് പ്രോത്സാഹിപപ്പിക്കുന്ന ഉള്ളടക്കങള്‍ക്കെതിരെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ പരാതിയെത്തി. തൊപ്പിയോടൊപ്പം ഒരുകൂട്ടം സുഹൃത്തുക്കളും ചേര്‍ന്നാണ് കണ്ടന്റുകള്‍ നല്‍കിയിരുന്നത്. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് തൊപ്പി ഗ്യാങില്‍ അടിപൊട്ടി. ഇതിന് പിന്നാലെ വാടകവീട് കേന്ദ്രീകരിച്ച് നടക്കുന്ന ഇടപാടുകള്‍ സുഹൃത്തുക്കള്‍ തന്നെ പുറത്ത് പറഞ്ഞു.

വീട്ടില്‍ ലഹരിമരുന്ന് സൂക്ഷിക്കുന്നുണ്ടെന്നും ഉപയോഗിക്കുന്നുണ്ടെന്നും വെളിപ്പെടുത്തല്‍. ഇതിന് മറുപടിയെന്ന നിലയിലാണി് സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങള്‍ തൊപ്പി പുറത്തുവിട്ടത്. പോക്‌സോ വകുപ്പടക്കം ചുമത്താന്‍ കഴിയുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചത്. അഭിഭാഷകനായ ശ്രീജിത് പെരുമന ഡിജിപിക്ക് ഇത് സംബന്ധിച്ച പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് തൊപ്പിക്കെതിരെ കേസെടുത്തത്. ഐടി ആക്ടിലെ വിവിധ വകുപ്പുകളാണ് നിലവില്‍ ചുമത്തിയിട്ടുള്ളത്. ഇതിന് പുറമെ കൊച്ചി സിറ്റി സൈബര്‍ പൊലീസിനും കളമശേരി, വരാപ്പുഴ പൊലീസിനും തൊപ്പിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. ഇതില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണ്. വരാപ്പുഴ സ്‌റ്റേഷന്‍ പരിധിയിലെ വാടകവീട്ടിലാണ് തൊപ്പിയും കൂട്ടരും താമസിച്ചിരുന്നത്. സുഹൃത്തുക്കള്‍ക്കെതിരെ തൊപ്പിയും വരാപ്പുഴ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ ക്രൈസ്തവ സഭ

കോഴിക്കോട്.വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ ക്രൈസ്തവ സഭ. തീരുമാനം സര്ക്കാർ പിൻവലിക്കണമെന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു.
മദ്യനയത്തിൽ നിലപാട് വ്യക്തമാക്കി കെസിബിസി നേരത്തെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു..

സര്ക്കാർ നിലപാടിനെതിരെ വിമർശനം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. അതിനിടെയാണ് മത സംഘടനകൾ കൂടി സർക്കാരിനെതിരെ സമ്മർദം ശക്തമാക്കുന്നത്. ലഹരിക്കെതിരെ വാരിയർമാരെ സൃഷ്ടിക്കാൻ മുൻകൈയ്യെടുക്കുന്ന സര്ക്കാർ കാരിയർമാരെ സൃഷ്ടിക്കരുതെന്ന് കെസിബിസി മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് താമരശ്ശേരി ബിഷപ്പിൻ്റെ പരസ്യ പ്രതികരണം. വീര്യം കുറഞ്ഞ ലഹരി വലിയ ലഹരിയിലേക്ക് എത്തിക്കും. മദ്യത്തിൻ്റെ നികുതി കുറച്ചത് തെറ്റായ സന്ദേശം നൽകുമെന്നും തൂഫാനിൻ്റെ ലക്ഷ്യം ഇല്ലാതാക്കരുതെന്നും ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ.

വിഷത്തിൽ മുസ്ലിം മതസംഘടനകളുടെ ഭാഗത്ത് നിന്നുള്ള എതിർപ്പ് കൂടി വരും ദിവസങ്ങളിൽ പ്രകടമാകും.

ലിജുവിന് അത്ര വീര്യമില്ല, വീര്യം കുറഞ്ഞ മദ്യം കൊണ്ടുവരാനുള്ള ബജറ്റ് പ്രഖ്യാപനത്തിൽ വിയോജിച്ച്‌ എക്സൈസ് മന്ത്രി

തിരുവനന്തപുരം.വീര്യം കുറഞ്ഞ മദ്യം കൊണ്ടുവരാനുള്ള ബജറ്റ് പ്രഖ്യാപനത്തിൽ വിയോജിച്ച്‌ എക്സൈസ് മന്ത്രി എം ലിജു. എൽഡിഎഫ് നയം അതേപടി നടപ്പാക്കേണ്ടതില്ല. സോഷ്യൽ ഇമ്പാക്ട് സ്റ്റഡി നടത്തണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചർച്ച നടത്താനും എക്സൈസ് മന്ത്രി തീരുമാനിച്ചു

( വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇത് വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉപയോഗം കൂട്ടും.ഇതിനെതിരെയാണ് എക്സൈസ് മന്ത്രി എം ലിജു രംഗത്തെത്തിയത്. കൂടിയാലോചനകൾ ഇല്ലാതെയാണ് പ്രഖ്യാപനം എന്ന് മന്ത്രി പറയാതെ പറയുന്നു. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണ്. പാർട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും വിശദ ചർച്ച നടത്തണം.സമൂഹത്തിൽ ഇത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ജനങ്ങളെ കേൾക്കണം. വീര്യം കുറഞ്ഞ മദ്യം വരുമ്പോൾ യുവതലമുറ കൂടുതലായി മദ്യം ഉപയോഗിക്കാൻ സാധ്യതയുണ്ടോ എന്ന തടക്കം പഠിക്കണം. അതിനുശേഷം മാത്രമേ നടപ്പാക്കാൻ പാടുള്ളൂ എന്നാണ് മന്ത്രിയുടെ നിലപാട്.എൽഡിഎഫ് ആണ് ഇത്തരത്തിൽ വീര്യം കുറഞ്ഞ മദ്യം കൊണ്ടുവരാൻ തീരുമാനിച്ചത്. ആ നയം അതേപടി യുഡിഎഫ് പിന്തുടരേണ്ടതില്ല. ബജറ്റിൽ പ്രഖ്യാപിച്ചു എന്ന് പറയുമ്പോഴും നടപ്പാക്കാൻ ഒരുപാട് കടമ്പകൾ ഉള്ളതിനാൽ ചർച്ചകൾ സാധ്യമാകും എന്നാണ് പ്രതീക്ഷ.

ഇതുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി എം ലിജു മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. മന്ത്രിസഭാ യോഗത്തിലും ചർച്ച ഉണ്ടാകും. നിലവിലെ പ്രഖ്യാപനം മദ്യ വിപണനവും ഉപയോഗവും കൂട്ടും എന്നുള്ളതും കോൺഗ്രസിന്റെ നയത്തിന് വിരുദ്ധമാണ്.
സംസ്ഥാനത്ത് മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം അങ്ങേയറ്റം ദുരൂഹമാണെന്നും
ഇതിനു പിന്നില്‍ മദ്യ കമ്പനികളുടെ കച്ചവട താല്‍പ്പര്യം ഉണ്ട്. ഇത് അഴിമതി ലക്ഷ്യമിട്ടാണെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്

യോഗക്ക് ജാതിയോ മതമോ ഇല്ല,ആരോഗ്യകരമായ ജീവിതത്തിന് യോഗ ശീലമാക്കണം മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം.യോഗക്ക് ജാതിയോ മതമോ ഇല്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. ആരോഗ്യകരമായ ജീവിതത്തിന് യോഗ ശീലമാക്കാനും ആരോഗ്യമന്ത്രിയുടെ ആഹ്വാനം. അന്താരാഷ്ട്ര യോഗദിനത്തിലെ സംസ്ഥാന തല ഉത്ഘാടന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. യോഗയിൽ പങ്കെടുത്തു കൊണ്ടാണ് ആരോഗ്യമന്ത്രി യോഗ ദിന സന്ദേശം നൽകിയത്.


ആരോഗ്യകരമായ വാർധക്യം യോഗയിലൂടെ എന്ന ആപ്തവാക്യമാണ് അന്താരാഷ്ട്ര യോഗദിനത്തിലെ പ്രമേയം. സംസ്ഥാന ആയുഷ് വകുപ്പും കേന്ദ്ര ആയുഷ്വകുപ്പും സംയുക്തമായി സംഘടിപ്പിച്ച യോഗ ദിനാചരണത്തിൽ മന്ത്രി കെ മുരളീധരനും പങ്കാളിയായി

ആരോഗ്യമില്ലാത്ത വ്യക്തിക്ക് ആയുസ്സ് കുറയുമെന്നും ആരോഗ്യം നിലനിർത്താൻ വ്യായാമം ആവശ്യമാണെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു. ദീർഘായുസോടെ ജീവിച്ച വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യത്തിൻ്റെ രഹസ്യവും യോഗ യായിരുന്നു എന്നും മുരളീധരൻ പറഞ്ഞു. എറണാകുളം അടക്കം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ യോഗ ദിന പരിപാടികൾ സംഘടിപ്പിച്ചു

പകർച്ചവ്യാധിപ്രതിരോധത്തിൽ പുതിയ തീരുമാനം,സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെയും കൂടി പങ്കാളികളാക്കി മുന്നോട്ട് പോകും

തിരുവനന്തപുരം.പകർച്ചവ്യാധിപ്രതിരോധത്തിൽ പുതിയ തീരുമാനങ്ങളുമായി ആരോഗ്യവകുപ്പ്.സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെയും കൂടി പങ്കാളികളാക്കി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം.ഏകാരോഗ്യ രീതിയിൽ മുന്നോട്ട് പോകാൻ നിർദേശം

ആരോഗ്യവകുപ്പിന്റെ പോർട്ടലിൽ ഉള്ള വിവരങ്ങൾ മാത്രമേ പ്രചരിപ്പിക്കാൻ പാടുള്ളു.ആരോഗ്യവകുപ്പിന്റെ പോർട്ടൽ ജനങ്ങൾക്ക് വേണ്ടി സുതാര്യമാകും.പൊതുജനങ്ങൾക്ക് എല്ലാ വിവരങ്ങളും ലഭ്യമാകും

അടുത്ത മൂന്ന് മാസത്തേക്ക് തുടർച്ചയുള്ള ശുചീകരണ പരിപാടികളും ബോധവൽക്കരണങ്ങളും സംഘടിപ്പിക്കും.ആശാവർക്കർമാർ വഴി കൂടുതൽ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കും.മീഡിയ വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കും.ജില്ലാതലങ്ങളിലും യോഗങ്ങൾ സംഘടിപ്പിക്കും.തിരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ ഹൈപവർ കമ്മിറ്റി അംഗങ്ങൾ സന്ദർശിക്കും.ഇന്നലെ നടന്ന ഉന്നതാധികാരസമിതി യോഗത്തിലാണ് തീരുമാനം

ഡോ.കെ ജെ റീനയെ ആരോഗ്യവകുപ്പിലെ ഭരണപരമായ ചുമതലകളുള്ള തസ്തികകളിൽ നിയമിക്കരുതെന്ന ഭിന്നശേഷി കമ്മീഷന്റെ ഉത്തരവ് പിണറായി വിജയൻ സർക്കാർ അട്ടിമറിച്ചു

തിരുവനന്തപുരം. ഡോ.കെ ജെ റീനയെ ആരോഗ്യവകുപ്പിലെ ഭരണപരമായ ചുമതലകളുള്ള തസ്തികകളിൽ നിയമിക്കരുതെന്ന ഭിന്നശേഷി കമ്മീഷന്റെ ഉത്തരവ് പിണറായി വിജയൻ സർക്കാർ അട്ടിമറിച്ചെന്ന് ആരോപണം .ഇവർക്കെതിരെ അന്വേഷണം നടത്തണമെന്ന ഉത്തരവും നടപ്പാക്കിയില്ല.സർവീസ് ക്വാട്ടയിൽ പിജി എടുത്ത ഡോ. റീന, ബോണ്ട് വ്യവസ്ഥ ലംഘിച്ചു എന്ന ആരോപണവും നിലനിൽക്കുകയാണ്. എന്നാൽ ഭിന്നശേഷി കമ്മീഷന്റെ ഉത്തരവ് സർവീസ് വ്യവസ്ഥകൾ മനസ്സിലാക്കാതെ ആണെന്നും അത് സർക്കാരിന് മനസിലായതുകൊണ്ടാണ് തുടർ നടപടികൾ ഉണ്ടാകാത്തത് എന്നും ഡോ റീന പ്രതികരിച്ചു.

ഡോ. കെ ജെ റീന തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർ ആയിരിക്കെ ഭിന്നശേഷി ഉള്ള ഡോക്ടർക്ക് അവധിയും ശമ്പളവും നിരസിച്ചതുമായി ബന്ധപ്പെട്ടാണ് ഭിന്നശേഷി കമ്മീഷന്റെ ഇടപെടൽ ഉണ്ടായത്.കൊവിഡ് കാലയളവിൽ ഡെന്റൽ സർജൻ ആയിരുന്ന ഡോക്ടർക്ക് സർക്കാർ ഉത്തരവ് അനുസരിച്ചുള്ള സ്പെഷ്യൽ കാഷ്വൽ ലീവിന് അർഹതയില്ലെന്ന് കാട്ടി അവധി നിഷേധിച്ചു. ഒരു മാസത്തെ ശമ്പളവും പിടിച്ചുവച്ചു. ഇതിനെതിരെയായിരുന്നു നിയമ പോരാട്ടം.വിശദമായി കേട്ട ഭിന്ന ശേഷി കമ്മീഷൻ അന്നത്തെ ചാലക്കുടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ആയിരുന്ന ഡോക്ടറേയും തൃശൂർ ഡിഎംഒ ആയിരുന്നു ഡോക്ടർ കെ ജെ റീനയും ഭരണപരമായ തസ്തികകളിൽ നിയമിക്കുന്നത് ഒഴിവാക്കണമെന്നും അഡീഷണൽ സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിച്ച്‌ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിരുന്നു.എന്നാൽ നടപടി ഉണ്ടായില്ലെന്ന് മാത്രമല്ല ആരോഗ്യവകുപ്പ് ഡയറക്ടർ ആക്കി നിയമിക്കുകയും ചെയ്തു. ആ കേസുമായി ബന്ധപ്പെട്ട് നിയമപരമായ ബാധ്യത ഡിഎംഒയ്ക്ക് ഉണ്ടായിരുന്നില്ല എന്നും ആരോഗ്യവകുപ്പ് ഡയറക്ടർ ആയിരുന്നു അതിന്റെ ചുമതല എന്നും സർക്കാരിനെ ബോധ്യപ്പെടുത്താനായി എന്നാണ് ഡോക്ടർ റീനയുടെ മറുപടി.
മറ്റൊരു പരാതി ഉയരുന്നത് സർവീസ് ക്വാട്ടയിലെ പിജി പഠനവുമായി ബന്ധപ്പെട്ടാണ്. സർവീസിൽ ഇരിക്കുകയാണ് ഡോക്ടർ റീന പിജി പഠനം പൂർത്തിയാക്കിയത് അങ്ങനെ പൂർത്തിയാക്കുന്നവർ 10 വർഷം അവർ പഠിക്കുന്ന സ്പെഷ്യാലിറ്റിയിൽ ജോലി ചെയ്യണമെന്ന് ബോണ്ട് ഉണ്ട്. അത് മറികടന്നാണ് ഡോക്ടർ റീന അഡ്മിനിസ്ട്രേറ്റീവ് കേഡറിൽ തുടരുന്നതെന്നാണ് ആരോപണം. എന്നാൽ ഡോക്ടർ റീന പറയുന്നത് 10 വർഷം സർക്കാരിനെ സേവിക്കാം എന്ന് മാത്രമാണ് ബോണ്ട് വ്യവസ്ഥയെന്നും അത് സ്പെഷ്യാലിറ്റി കേഡറിൽ വേണമെന്നില്ല

മുല്ലപ്പെരിയാർ അണക്കെട്ട് വിദഗ്ധ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ നീക്കി

 ന്യൂഡെല്‍ഹി.മുല്ലപ്പെരിയാർ അണക്കെട്ട് വിദഗ്ധ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ നീക്കി. ഏകപക്ഷിയമായാണ് കേരള പ്രതിനിധി ടി.കെ. ശിവരാജനെ മാറ്റിയത്. പകരം ഉത്തർപ്രദേശ് സ്വദേശി എംഎൽ ശർമയെ നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ശിവരാജനെ ലഭ്യമാകുന്നില്ല എന്നാണ് ഉത്തരവിൽ പറയുന്നത്. അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി (CDSE) ദേശീയ ഡാം സുരക്ഷാ അതോറിറ്റി (NDSA) രൂപീകരിച്ച സ്വതന്ത്ര വിദഗ്ധ സമിതിയെയാണ് പുനഃസംഘടിപ്പിച്ചത്. മുൻ സി.ഡബ്ല്യു.സി ചീഫ് എഞ്ചിനീയർ ടി.കെ. ശിവരാജനായിരുന്നു കേരളത്തെ പ്രതിനിധീകരിച്ചിരുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ ശിവരാജൻ ഒഴിഞ്ഞുവെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.

ഐ.ഐ.ടി റൂർക്കിയിലെ ഭൂകമ്പ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസറും ഇന്റർനാഷണൽ സെന്റർ ഓഫ് എക്സലൻസ് ഫോർ ഡാംസ് മേധാവിയുമാണ് പ്രൊഫ. എം.എൽ. ശർമ്മ. 2021-ലെ ഡാം സുരക്ഷാ നിയമപ്രകാരം ഈ വർഷം ജനുവരി 6-നാണ് മുല്ലപ്പെരിയാർ പരിശോധനയ്ക്കായി അതോറിറ്റി ആദ്യ സമിതിക്ക് രൂപം നൽകിയത്. ബൽരാജ് ജോഷിയാണ് ചെയർമാൻ, ഗോപാൽ ധവാൻ, ഗുൽഷൻ രാജ്, എൻ. ശിവകുമാർ എന്നിവരാണ് മറ്റം​ഗങ്ങൾ. അംഗങ്ങളുടെ മാറ്റം ഒഴികെ, ജനുവരി 6-ലെ ഉത്തരവിലെ മറ്റ് നിബന്ധനകളിലും വ്യവസ്ഥകളിലും മാറ്റമില്ലെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവിന്റെ പകർപ്പുകൾ കേരള അഡീഷണൽ ചീഫ് സെക്രട്ടറിക്കും തമിഴ്നാട് ജലവിഭവ വകുപ്പ് സെക്രട്ടറിക്കും കൈമാറി.

തൂഫാൻ ഓപ്പറേഷനിടയ്ക്ക് പോലീസ് ഉദ്യോഗസ്ഥന് പരുക്ക്

തൃശൂർ. ചേലക്കരയിൽ തൂഫാൻ ഓപ്പറേഷനിടയ്ക്ക് പോലീസ് ഉദ്യോഗസ്ഥന് പരുക്ക്.ചേലക്കര പോലീസ് സ്റ്റേഷനിലെ സിപിഒ മനുവിനാണ് പരിക്കേറ്റത്.പുലാക്കോട് ഭാഗത്ത് വെച്ച് ലഹരി ഉപയോഗ സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെയാണ് വീണ് പരിക്കേറ്റത്

പരിക്കേറ്റ മനുവിനെ ചേലക്കര താലൂക്ക് ആശുപത്രിയിലും, തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.മൂന്നു പ്രതികളിൽ രണ്ടുപേരെ പോലീസ് പിടികൂടി ഒരാൾ ഓടി രക്ഷപ്പെട്ടു.പുലാക്കോട് കുട്ടാടൻ സ്വദേശികളായ അരുൺ, സുബിൻ എന്നീ ആളുകളുടെ കയ്യിൽ നിന്നും ഏകദേശം ഒരു ഗ്രാമോളം വരുന്ന ഹാഷിഷ് ഓയിൽ പിടികൂടി.

ജപ്പാൻ ടുണീഷ്യയെ തകർത്തത് എതിരില്ലാത്ത നാല് ഗോളുകൾക്ക്

ഗ്രൂപ്പ് എഫിൽ നടന്ന ആവേശ പോരാട്ടത്തിൽ ആധികാരിക ജയവുമായി ഏഷ്യൻ ശക്തികളായ ജപ്പാൻ. മെക്സിക്കോയിലെ മോണ്ടെറി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ജപ്പാൻ ടുണീഷ്യയെ തകർത്തത്. ഇതോടെ ഒരു വിജയവും ഒരു സമനിലയുമടക്കം നാല് പോയിന്റ് നേടി ജപ്പാൻ നെതർലൻസിനൊപ്പമെത്തി. ഈ ലോകകപ്പിലെ ജപ്പാന്റെ ആദ്യ വിജയമാണിത്. ഗോൾ വ്യത്യാസത്തിൽ നെതർലൻസാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ട് മത്സരങ്ങളിൽ നിന്നായി ഏഴ് ഗോളുകളാണ് നെതർലൻസ് നേടിയത്. ആറ് ഗോളുകളാണ് ജപ്പാന്റെ സമ്പാദ്യം.


തുടക്കം മുതൽ ജപ്പാൻ കളിയിൽ ആധിപത്യം പുലർത്തി. ലക്ഷ്യത്തിലേക്ക് അഞ്ച് ഷോട്ടുകൾ തൊടുത്തതിൽ നാലെണ്ണവും ജപ്പാൻ ടുണീഷ്യയുടെ വലയിലെത്തിച്ചു. കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ ജപ്പാൻ ഗോളടിച്ചു. കെയ്റ്റോ നകാമുറയുടെ അസിസ്റ്റിൽ ദെയ്ചി കമാദയാണ് ജപ്പാനായി ആദ്യ ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കുന്നതിനു മുമ്പ് തന്നെ രണ്ടാം ഗോളും പിറന്നു. 31ാം മിനിറ്റിൽ അയാസെ ഉയീദ രണ്ടാം ഗോൾ നേടി. പ്രതിരോധത്തിലായ ടുണീഷ്യ ആക്രമിച്ചു കളിക്കാൻ ശ്രമിച്ചെങ്കിലും വിലപ്പോയില്ല.


രണ്ടാം പകുതിയിൽ 69ാം മിനിറ്റിൽ അയാസെ ഉയീദ നൽകിയ പന്ത് വലയിലേക്ക് പായിച്ച് ജുന്യ ഇറ്റോ ജപ്പാനായി മൂന്നാം ഗോൾ നേടി. കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ 83ാം മിനിറ്റിൽ അയാസെ ഉയീദ തന്റെ രണ്ടാം ഗോളും ജപ്പാന്റെ നാലാം ഗോളും നേടി ടുണീഷ്യയുടെ നെഞ്ചിൽ ആണിയടിച്ച് പതനം പൂർത്തിയാക്കി.


നിലവിൽ നാല് പോയിന്റാണ് ജപ്പാന്റെ സമ്പാദ്യം. ആദ്യ കളിയിൽ കരുത്തരായ നെതർലൻഡ്സിനെ സമനിലയിൽ തളച്ചിരുന്നു. 26ന് സ്വീഡനുമായാണ് ജപ്പാന്റെ അടുത്ത മത്സരം. അന്നുതന്നെ നെതർലൻഡ്സ് ടുണീഷ്യയെയും നേരിടും. സ്വീഡനെതിരെ നടന്ന ആദ്യമത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾ വഴങ്ങി തോറ്റതിനു പിന്നാലെ ടുണീഷ്യ കോച്ചിനെ പുറത്താക്കിയിരുന്നു. എന്നാൽ പുതിയ പരിശീലകനെത്തിയിട്ടും ടീമിന് വിജയം കാണാനായില്ല.

വീണയ്ക്ക് വീണ്ടും ഇഡി സമൻസ്, ഈ മാസം 29ന് ഹാജരാകണം

തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് ഇഡി അന്വേഷണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണയ്ക്ക് വീണ്ടും ഇഡി സമൻസ്. ഈ മാസം 29ന് ഹാജരാകണം. പരിശോധനകളില്‍ എസ്എഫ്ഐഒ രേഖകൾ ഇനിയും ഇഡിയ്ക്ക് ലഭിച്ചില്ല. കോടതി അനുവദിച്ച 10 ദിവസത്തെ സമയം കഴിഞ്ഞു. ബുധനാഴ്ചയായിരുന്നു അവസാന തീയതി. രേഖകൾക്കായി എസ്എഫ്ഐഒ അന്വേഷണ സംഘവുമായി ഇഡി ചർച്ച നടത്തും. 134 രേഖകളാണ് ലഭിക്കേണ്ടത്. രേഖകൾ ലഭിച്ച ശേഷം മാത്രമേ വീണയെ വീണ്ടും വിളിപ്പിക്കുന്നതിന്റെ തീയതി തീരുമാനിക്കൂ എന്നായിരുന്നു റിപ്പോർട്ടുകൾ.

താൽകാലിക കണ്ടുകെട്ടലിന്റെ തെളിവ് സമാഹരണമാണ് നിലവിൽ ഇഡി നടത്തുന്നത്. 242 അക്കൗണ്ടുകളിലായി 18 കോടി രൂപ മരവിപ്പിച്ചിരുന്നു. ഇതിൽ വീണയുടെ രണ്ട് അക്കൗണ്ടും എക്‌സാലോചിക്കിന്റെ ഒരു അക്കൗണ്ടും ഉൾപ്പെടുന്നുണ്ട്. അതേസമയം, വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച ഇഡിയ്ക്ക് സിഎംആർഎല്ലുമായുള്ള ഇടപാടിന്റെ രേഖകൾ ഒന്നും കിട്ടിയില്ലെന്നാണ് സൂചന. എന്തെങ്കിലും സുപ്രധാന രേഖകൾ വീണ അന്വേഷണ ഏജൻസിയിൽ നിന്ന് മറച്ചിട്ടുണ്ടോ എന്നറിയാനായിരുന്നു തിരുവനന്തപുരത്തെ എച്ച്ഡിഎഫ്സി ബാങ്ക് ശാഖയിലെ ലോക്കർ തുറന്നത്.