തിരുവനന്തപുരം: മരുന്നുകമ്പനിയായ നാറ്റ്കോയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിൽ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ ഉരുണ്ടുകളിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. കൂടിക്കാഴ്ച നടത്തുന്ന ചിത്രം പുറത്തുവന്നശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായ മറുപടിയാണ് ആരോഗ്യമന്ത്രി നൽകിയത്.
മരുന്ന് കമ്പനിക്കാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നോ എന്ന് ചോദിച്ചപ്പോൾ താൻ ഒരു കമ്പനിക്കാരെയും കണ്ടിട്ടില്ല എന്നായിരുന്നു മറുപടി. കൂടിക്കാഴ്ചയുടെ ഫോട്ടോ പുറത്തുവന്നല്ലോ എന്ന് മാധ്യമപ്രവർത്തകർ മന്ത്രിയോട് പറഞ്ഞു. തന്നെ പലരും കാണാൻ വന്നിട്ടുണ്ടാകും എന്ന് ഒഴുക്കൻമട്ടിൽ പറഞ്ഞ് മന്ത്രി തടിതപ്പി.
സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികൾക്ക് ക്ലിനിക്കൽ ട്രയൽ പൂർത്തിയാകാത്ത നാറ്റ്‌കോ കമ്പനിയുടെ മരുന്ന് വാങ്ങാൻ തീരുമാനിച്ച യുഡിഎഫ് സർക്കാരിന്റെ വഴിവിട്ട നീക്കത്തിന്റെ കൂടുതൽ തെളിവുകളാണ് പുറത്തുവന്നത്. രോഗബാധിതരായ കുട്ടികൾക്ക് സൗജന്യമായി നൽകിവന്നിരുന്ന മരുന്ന് ഒഴിവാക്കിക്കൊണ്ട് നാറ്റ്കോ കമ്പനിയുടെ മരുന്ന് നൽകാൻ തീരുമാനിച്ചതിനും മാസങ്ങൾക്ക് മുൻപേ കമ്പനി പ്രതിനിധികൾ ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മരുന്നു കമ്പനിക്കാർ ആരും തന്നെ വന്നുകണ്ടിട്ടില്ലെന്നായിരുന്നു മുരളീധരൻ മുൻപ് അവകാശപ്പെട്ടിരുന്നത്. എന്നാൽ കൂടിക്കാഴ്ചയുടെ ഫോട്ടോ പുറത്തുവന്നതോടെ മന്ത്രി പറഞ്ഞത് നുണയെന്ന് തെളിഞ്ഞു.
ആഗസ്ത് അഞ്ചിനായിരുന്നു മന്ത്രിയുടെ ഓഫീസിൽവെച്ചുള്ള കൂടിക്കാഴ്ച. എസ്എടി ആശുപത്രി സൂപ്രണ്ടിനൊപ്പമായിരുന്നു കമ്പനി പ്രതിനിധികൾ മന്ത്രിയെ കാണാനെത്തിയത്. ഒരു രേഖ മന്ത്രിക്ക് കൈമാറുകയും ചെയ്തു.
കോൺഗ്രസിന് 13 കോടി രൂപ ഇലക്‌ടറൽ ബോണ്ട് നൽകിയ കമ്പനിയാണ്. അഞ്ചര ലക്ഷം രൂപ വിലയുള്ള എവ്‌റിസ്‌ഡി (റിസ്‌ഡിപ്ലാം) കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വിലപേശി ഒരു ലക്ഷത്തോളം രൂപയ്‌ക്ക് വാങ്ങി സൗജന്യമായാണ് വിതരണംചെയ്‌തത്. ഈ മരുന്ന് ഒഴിവാക്കി നാറ്റ്‌കോ കമ്പനിയുടെ ക്ലിനിക്കൽ ട്രയൽ പൂർത്തിയാകാത്ത മരുന്ന് വാങ്ങാൻ ജൂലൈയിലാണ് യുഡിഎഫ് സർക്കാർ തീരുമാനിച്ചത്.
ഇൗ മരുന്ന് നൽകണമെന്ന ആവശ്യവുമായി നാറ്റ്‌കോ കമ്പനി എൽഡിഎഫ് സർക്കാരിന്റെ കാലത്തും കെഎംഎസ്‌സിയെ സമീപിച്ചിരുന്നു. എന്നാൽ, അനുമതി നൽകിയില്ല. സ്വിസ് കമ്പനി റോചെയുടെ റിസ്ഡിപ്ലാം മരുന്ന് തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇൗ മരുന്ന് തുടരണമെന്ന ആവശ്യവുമായി ക്യൂർ എസ്‌എംഎ എന്ന സംഘടന യുഡിഎഫ് സർക്കാരിനെ സമീപിച്ചെങ്കിലും അനുമതി നല്‍കിയില്ല.
കൃത്യമായ അറിയിപ്പില്ലാതെ ക്ലിനിക്കൽ ടെസ്റ്റ് എന്ന് മാർക്ക് ചെയ്‌ത മരുന്ന് കുട്ടികൾക്ക് നൽകിയത് രക്ഷിതാക്കൾക്കിടയിൽ ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ട്.
































