24.9 C
Kollam
Thursday 22nd October, 2026 | 10:44:28 PM
Home News Breaking News കരമന കൂടത്തിൽ കൊലപാതക കേസിൽ മുഖ്യ പ്രതി രവീന്ദ്രൻ നായർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ

കരമന കൂടത്തിൽ കൊലപാതക കേസിൽ മുഖ്യ പ്രതി രവീന്ദ്രൻ നായർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ

തിരുവനന്തപുരം.കരമന കൂടത്തിൽ കൊലപാതക കേസിൽ മുഖ്യ പ്രതി രവീന്ദ്രൻ നായർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ. അന്വേഷണ സംഘത്തിൻ്റെ അപേക്ഷ പരിഗണിച്ച് നാളെ വൈകിട്ട് നാല് വരെയാണ് കോടതി പ്രതിയെ കസ്റ്റഡിയിൽ നൽകിയത്. രവീന്ദ്രനെ വിശദമായി ചോദ്യംചെയ്ത് കൊലപാതകത്തെ സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിൻ്റ ലക്ഷ്യം. ഇയാളെ സഹായിച്ചവരെയും വരും ദിവസങ്ങളിൽ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കും.

2017 ഏപ്രിൽ 2 ന് കരമന ഉമാമന്ദിരത്തിൽ ജയമാധവൻ നായർ കൊല്ലപ്പെട്ട കേസിൽ കഴിഞ്ഞയാഴ്ചയാണ് മുൻ കാര്യസ്ഥനായിരുന്ന രവീന്ദ്രൻ നായർ അറസ്റ്റിലായത്. വർഷങ്ങൾ നീണ്ട അന്വേഷണത്തിൽ ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിൽ ആയിരുന്നു അറസ്റ്റ്. രവീന്ദ്രനെ കർണാടകയിൽ എത്തിച്ചു നടത്തിയ ബ്രെയിൻ മാപ്പിംഗ് ടെസ്റ്റിലും പോലീസിന് അനുകൂലമായ തെളിവുകൾ ലഭിച്ചിരുന്നു. അറസ്റ്റിൽ ആയതിന്റെ പിന്നാലെ തന്നെ റിമാൻഡിലേക്ക് പോയ പ്രതിയെ ദിവസങ്ങൾക്ക് ശേഷമാണ് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ ലഭിക്കുന്നത്.

അതുകൊണ്ടുതന്നെ വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പുമാണ് അന്വേഷണസംഘം ഉദ്ദേശിക്കുന്നത്. കൊലപാതകത്തിന് പിന്നാലെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ രേഖകൾ ചമച്ചതടക്കമുള്ള തെളിവുകൾ നിരത്തിയാകും ചോദ്യം ചെയ്യൽ. ജയമാധവൻ നായരുടെ സഹചാരിയും സഹായിയുമായിരുന്നു രവീന്ദ്രൻ എന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകത്തിലും സ്വത്തു തട്ടിയെടുക്കാൻ വ്യാജരേഖ ചമച്ചതിലും രവീന്ദ്രനെ സഹായിച്ചവരെയും അന്വേഷണസംഘം നിരീക്ഷിച്ചുവരികയാണ്. പ്രതിയുടെ സുഹൃത്തായ സാജു, ജോലിക്കാരിയായിരുന്ന ലീല , മുൻ കാര്യസ്ഥൻ ആയിരുന്ന സഹദേവൻ, ഇയാളുടെ മരുമകൻ സെന്തിൽ, വിവാദ ഓട്ടോ ഡ്രൈവർ എന്നിവരാണ് ക്രൈംബ്രാഞ്ചിന്റെ റഡാറിൽ ഉള്ളത്.

രവീന്ദ്രനിൽ നിന്ന് ലഭിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിനും അന്വേഷണസംഘം നീക്കം നടത്തിയേക്കും. നിലവിൽ വിദേശത്തുള്ള സാജുവിന് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ചിന്റെ റിമാൻഡ് റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. വിദേശത്തുള്ള ഇയാളെ നാട്ടിലെത്തിക്കാൻ ഇന്റർപ്പോളിന്റെ സഹായവും അന്വേഷണസംഘം തേടിയിട്ടുണ്ട്. നാട്ടിലെത്തിച്ചാലുടൻ ഇയാളെ അറസ്റ്റ് ചെയ്യും. കരമനയിലെ കൂടത്തിൽ തറവാട്ടിൽ എത്തിച്ച് പ്രതി രവീന്ദ്രനെ നാളെ തെളിവെടുപ്പ് നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here