Home News Breaking News ജപ്പാൻ ടുണീഷ്യയെ തകർത്തത് എതിരില്ലാത്ത നാല് ഗോളുകൾക്ക്

ജപ്പാൻ ടുണീഷ്യയെ തകർത്തത് എതിരില്ലാത്ത നാല് ഗോളുകൾക്ക്

Advertisement

ഗ്രൂപ്പ് എഫിൽ നടന്ന ആവേശ പോരാട്ടത്തിൽ ആധികാരിക ജയവുമായി ഏഷ്യൻ ശക്തികളായ ജപ്പാൻ. മെക്സിക്കോയിലെ മോണ്ടെറി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ജപ്പാൻ ടുണീഷ്യയെ തകർത്തത്. ഇതോടെ ഒരു വിജയവും ഒരു സമനിലയുമടക്കം നാല് പോയിന്റ് നേടി ജപ്പാൻ നെതർലൻസിനൊപ്പമെത്തി. ഈ ലോകകപ്പിലെ ജപ്പാന്റെ ആദ്യ വിജയമാണിത്. ഗോൾ വ്യത്യാസത്തിൽ നെതർലൻസാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ട് മത്സരങ്ങളിൽ നിന്നായി ഏഴ് ഗോളുകളാണ് നെതർലൻസ് നേടിയത്. ആറ് ഗോളുകളാണ് ജപ്പാന്റെ സമ്പാദ്യം.


തുടക്കം മുതൽ ജപ്പാൻ കളിയിൽ ആധിപത്യം പുലർത്തി. ലക്ഷ്യത്തിലേക്ക് അഞ്ച് ഷോട്ടുകൾ തൊടുത്തതിൽ നാലെണ്ണവും ജപ്പാൻ ടുണീഷ്യയുടെ വലയിലെത്തിച്ചു. കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ ജപ്പാൻ ഗോളടിച്ചു. കെയ്റ്റോ നകാമുറയുടെ അസിസ്റ്റിൽ ദെയ്ചി കമാദയാണ് ജപ്പാനായി ആദ്യ ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കുന്നതിനു മുമ്പ് തന്നെ രണ്ടാം ഗോളും പിറന്നു. 31ാം മിനിറ്റിൽ അയാസെ ഉയീദ രണ്ടാം ഗോൾ നേടി. പ്രതിരോധത്തിലായ ടുണീഷ്യ ആക്രമിച്ചു കളിക്കാൻ ശ്രമിച്ചെങ്കിലും വിലപ്പോയില്ല.


രണ്ടാം പകുതിയിൽ 69ാം മിനിറ്റിൽ അയാസെ ഉയീദ നൽകിയ പന്ത് വലയിലേക്ക് പായിച്ച് ജുന്യ ഇറ്റോ ജപ്പാനായി മൂന്നാം ഗോൾ നേടി. കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ 83ാം മിനിറ്റിൽ അയാസെ ഉയീദ തന്റെ രണ്ടാം ഗോളും ജപ്പാന്റെ നാലാം ഗോളും നേടി ടുണീഷ്യയുടെ നെഞ്ചിൽ ആണിയടിച്ച് പതനം പൂർത്തിയാക്കി.


നിലവിൽ നാല് പോയിന്റാണ് ജപ്പാന്റെ സമ്പാദ്യം. ആദ്യ കളിയിൽ കരുത്തരായ നെതർലൻഡ്സിനെ സമനിലയിൽ തളച്ചിരുന്നു. 26ന് സ്വീഡനുമായാണ് ജപ്പാന്റെ അടുത്ത മത്സരം. അന്നുതന്നെ നെതർലൻഡ്സ് ടുണീഷ്യയെയും നേരിടും. സ്വീഡനെതിരെ നടന്ന ആദ്യമത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾ വഴങ്ങി തോറ്റതിനു പിന്നാലെ ടുണീഷ്യ കോച്ചിനെ പുറത്താക്കിയിരുന്നു. എന്നാൽ പുതിയ പരിശീലകനെത്തിയിട്ടും ടീമിന് വിജയം കാണാനായില്ല.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here