തൃശൂർ. പെൺ സുഹൃത്തിനെ കൊല്ലാൻ പെൺ വേഷം ധരിച്ചെത്തി യുവാവ്
സംഭവം ഗുരുവായൂരിൽ തൊടുപുഴ സ്വദേശി പ്രസാദും നാലു സുഹൃത്തുക്കളും കസ്റ്റഡിയിൽ.
ഇന്നലെ രാത്രിയോടെയാണ് ഗുരുവായൂരിൽ സ്ത്രീ വേഷം ധരിച്ച് ഒരാൾ നിൽക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് പരസ്പര വിരുദ്ധമായ മൊഴികൾ.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൊടുപുഴ രജിസ്ട്രേഷൻ ഉള്ള കാറിൽ നിന്ന് നാലു പേരെ കൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു
തൊടുപുഴ മുട്ടം സ്വദേശികളായ ഒറ്റപ്ലാക്കല്‍ വീട്ടില്‍ ആദര്‍ശ്, ചോലമറ്റത്തില്‍ പ്രസാദ്, തൈപ്പറമ്പില്‍ ബിനീഷ്, തേങ്ങില്‍ ഷാഹിദ്, കാരക്കുന്നേല്‍ സ്റ്റീഫന്‍ എന്നിവരാണ് ഗുരുവായൂര്‍ ടെംപിള്‍ പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് പതിനാറ് ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതക ഗൂഢാലോചന പുറത്തുവന്നത്.
തൃശൂരിലെ സ്പായിലെ ജീവനക്കാരിയാണ് ഇവര്‍ കൊല്ലാന്‍ പദ്ധതിയിട്ട യുവതി. അഞ്ചംഗസംഘം തൃശൂരില്‍ എത്തിയെന്നറിഞ്ഞ യുവതി ഗുരുവായൂരിലേക്ക് മാറുകയായിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ പ്രതികളും അവിടെയെത്തി
സ്പായിൽ ജോലിചെയ്യുന്ന യുവതിയുമായി അടുപ്പത്തിലായിരുന്നു പ്രസാദ്.
മാസങ്ങൾക്കു മുൻപ് ഇരുവരും തെറ്റിപ്പിരിയുകയും യുവതി തൃശ്ശൂരിലേക്ക് ജോലി മാറുകയും ചെയ്തു.
തന്നെ ഒഴിവാക്കിയതിനുള്ള വൈരാഗ്യത്താലാണ് യുവതി താമസിക്കുന്ന ലോഡ്ജിൽ കയറി കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പ്രസാദിന്റെ മൊഴി. അറസ്റ്റിലായ പ്രസാദും ആദര്‍ശും കൊലപാതകശ്രമം ഉള്‍പ്പെടെ 20 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.

































