വടകര. മൂരാട് ഓയില്‍ മില്ലിന് സമീപം കാറില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികള്‍ക്ക് നേരെ ആക്രമണം. മൂരാട് സ്വദേശി വിഷ്ണു, ഭാര്യ അഞ്ജു എന്നിവര്‍ക്ക് നേരെയായിരുന്നു ആക്രമണം. പയ്യോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഭാര്യയുടെ ബന്ധുവിന്റെ മരണവീട് സന്ദര്‍ശിക്കാൻ വടകര മൂരാട് നിന്ന് പയ്യോളിയിലേക്ക് പോവുകയായിരുന്നു ദമ്പതികള്‍. ഓയില്‍ മില്‍ ബസ്സ് സ്റ്റോപ്പിന് സമീപമെത്തിയപ്പോള്‍ പിന്നാലെ സ്കൂട്ടറില്‍ എത്തിയവര്‍ നിരന്തരം ഹോണ്‍ മുഴക്കുകയും ഇവരുടെ വാഹനത്തെ മറികടന്ന് മുന്നില്‍ കുറുകെ നിര്‍ത്തി അസഭ്യം പറയുകയും ചെയ്തു. ഡോർ തുറന്ന് പുറത്തിറങ്ങിയ വിഷ്ണുവിന് നേരെ ഹെൽമറ്റ് കൊണ്ട് ആക്രമണം.
ഹെല്‍മറ്റ് കൊണ്ട് തലക്ക് അടിയേറ്റതിനെ തുടര്‍ന്ന് വിഷ്ണുവിന്റെ ചെവിക്ക് പരിക്കുണ്ട്. ഇത് കണ്ട് തടയാന്‍ ശ്രമിച്ച വിഷ്ണുവിന്റെ ഭാര്യ അഞ്ജുവിനെ കഴുത്തില്‍ പിടിച്ച് റോഡിലേക്ക് തള്ളിയിട്ടെന്നും പരാതിയില്‍ പറയുന്നു.
നാട്ടുകാർ ഇടപെട്ടതോടെ യുവാക്കൾ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു.ദമ്പതികൾ വടകര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ പരാതിയിൽ കേസെടുത്ത പയ്യോളി പൊലീസ് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.


































