ശാസ്താംകോട്ട.കൊല്ലം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും കുന്നത്തൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കുന്നത്തൂർ താലൂക്കിലെ എൽപി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള അധ്യാപകർക്കായി കുട്ടികളിലെ ആത്മഹത്യാ പ്രവണത തടയൽ എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ശാസ്താംകോട്ട എ ഇ ഒ അജിത.ജി.എസ് അധ്യക്ഷത വഹിച്ചു. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർപേഴ്സണും, മോഡൽ ഡിജിറ്റൽ ഫാമിലി കോടതി ജഡ്ജുമായ സഞ്ജു. ടി ഉദ്ഘാടനം നിർവഹിച്ചു.
കുട്ടികളിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യ പ്രവണതകളും അസ്വാഭാവിക പെരുമാറ്റങ്ങളും മുൻകൂട്ടി കണ്ടറിയുവാൻ അധ്യാപകർക്ക് കഴിയണം, ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്ന ജില്ലകളിലൊന്നായ കൊല്ലത്ത് ആത്മഹത്യയ്ക്കെതിരായ ശക്തമായ ബോധവൽക്കരണവും അവബോധവും ഉണ്ടാകണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി ഉദയ് ശബരീശം സ്വാഗതവും പി.ചന്ദ്രഹാസൻ നന്ദിയും പറഞ്ഞു. ടൗൺ വാർഡ് അംഗം എസ്.ദിലീപ് കുമാർ, ബി ആർ സി കോഡിനേറ്റർ വേണുഗോപാലപിള്ള, എന്നിവർ സംസാരിച്ചു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി സൈക്യാട്രിസ്റ്റ് ഡോക്ടർ നീതു സുരേഷ് ബാബു, കുടുംബ കോടതി കൗൺസിലർ റിട്ട. പ്രൊഫസർ പി. വി സുവർണനി എന്നിവർ പരിശീലന ക്ലാസുകൾ നയിച്ചു.


































