Home Blog Page 199

പുലിക്കളിയിലും മിസ നാടകത്തിലും കലാകാരന്മാര്‍ക്ക് പിന്തുണയുമായി മന്ത്രി പി സി വിഷ്ണുനാഥ്

തിരുവനന്തപുരം: ഓണക്കാലത്തെ ആവേശമായ തൃശൂരിലെ പുലിക്കളിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ ശക്തമായ നിലപാടുമായി ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്. പുലിക്കളി കലാകാരന്മാരുടെ ശരീരത്തെ പരിഹസിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒരു പരിഷ്‌കൃത സമൂഹത്തിന് ഒട്ടും ചേര്‍ന്നതല്ലെന്നും ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. പുലിക്കളി സംഘങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം ഇത്തവണ മുതല്‍ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പുലിക്കളി പ്രകടനങ്ങളിലെ ശരീരഘടനയെ ‘ഓക്കാനം ഉണ്ടാക്കുന്ന കലാവികൃതി’ എന്ന് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍ സോഷ്യല്‍ മീഡിയയില്‍ വിശേഷിപ്പിച്ചതാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. സംഭവം കലാകാരന്മാര്‍ക്കിടയില്‍ അമര്‍ഷത്തിന് ഇടയാക്കുകയും വ്യാപക വിമര്‍ശനമുയര്‍ന്നതോടെ ശ്രീരാമന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വിവാദ പരാമര്‍ശം പുലിക്കളി കലാകാരന്മാര്‍ക്ക് വലിയ മനോവിഷമമുണ്ടാക്കിയതായി മന്ത്രി പി.സി. വിഷ്ണുനാഥ് ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി. മനുഷ്യരെ അവരുടെ ശരീരത്തിന്റെയോ ബാഹ്യരൂപത്തിന്റെയോ പേരില്‍ അധിക്ഷേപിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. കാര്യങ്ങളെ വ്യത്യസ്ത വീക്ഷണകോണുകളില്‍ നിന്ന് നോക്കിക്കാണാന്‍ പഠിപ്പിച്ച പ്രിയപ്പെട്ട വികെ ശ്രീരാമനില്‍ നിന്നാണ് ഇത്തരം ഒരു പ്രതികരണം ഉണ്ടായതെന്നത് ഏറെ വിഷമിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.

ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയില്‍ അവതരിപ്പിച്ച ‘മിസ’ എന്ന നാടകത്തിനെതിരെ നടക്കുന്ന സദാചാര സൈബര്‍ ആക്രമണങ്ങളില്‍ നാടകപ്രവര്‍ത്തകരെ പൂര്‍ണ്ണമായി പിന്തുണച്ച് സാംസ്‌കാരിക മന്ത്രി. നാടകം ആവശ്യപ്പെടുന്ന രീതിയിലാണ് കലാകാരന്മാര്‍ വേദിയിലേക്ക് എത്തുന്നതെന്നും അത് പൂര്‍ണ്ണമായും അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ എപ്പോഴും നാടക പ്രവര്‍ത്തകര്‍ക്കൊപ്പമാണെന്നും കലാരംഗത്തെ ഇത്തരം കടന്നാക്രമണങ്ങളെ അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കിയ മന്ത്രി, കലാകാരന്മാര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.

ഒപ്പമുള്ളവരെ ചേർത്തുനിർത്തുന്നതാകണം ഓണം: ഡെ. മേയർ

കൊല്ലം.സമൂഹത്തിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ താഴെത്തട്ടിൽ കഷ്ടപ്പെടുന്നവരെ കൂടി ഓർക്കാനും ചേർത്തുനിർത്താനും നമുക്ക് കഴിയണം, അതാകണം നമ്മുടെ ഓണാഘോഷമെന്നും കൊല്ലം ഡെപ്യൂട്ടി മേയർ ഉദയ സുകുമാരൻ കരുമാലിൽ
അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ ഓൺലൈൻ ചാനലായ പള്ളിക്കുടം ടിവിയും ജില്ലാ ശിശു ക്ഷേമ സമിതിയും ചേർന്ന് സംഘടിപ്പിച്ച സ്കൂളമ്മയ്ക്ക് ഒരു ഓണപ്പുടവ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം ചാത്തിനാകുളം എംഎസ്എം എച്ച്എസ്എസിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

അന്നം തരുന്നവരെ ആദരിക്കുവാനും ഏത് തൊഴിലിനും അതിന്റെതായ മാന്യതയും ബഹുമാനവും കൊടുക്കണമെന്നും യുവതലമുറയേ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനതലത്തിൽ ഈ പരിപാടിക്ക് തുടക്കം കുറിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തെരെഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ഈ പദ്ധതിക്ക് നടപ്പാക്കി. സ്കൂൾ പാചക തൊഴിലാളികളെ അതിഥികളോടൊപ്പം ഇരുത്തി ഓണപ്പുടവ നൽകി ആദരിച്ചപ്പോൾ കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെയുള്ള കാണികൾക്ക് അതൊരു പുത്തൻ അനുഭവമായി. സ്കൂൾ പാചക തൊഴിലാളികൾക്ക് അവരുടെ ജീവിതത്തിലെ ആദ്യത്തെ അനുഭവവുമായി മാറി.


പിടിഎ പ്രസിഡന്റ് എ നൗഫൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീകുമാർ കെ എസ് സ്വാഗതം പറഞ്ഞു. പള്ളിക്കൂടം ടി വി ചീഫ് എഡിറ്റർ എൽ സുഗതൻ പദ്ധതി വിശദീകരിച്ചു.ജോ. ആർ ടി ഓ ആർ ശരത്ചന്ദ്രൻ വീശിഷ്ട അതിഥി ആയി. കെ പി എ സി ലീലകൃഷ്ണൻ ഓണസന്ദേശം നൽകി. ശിശു ക്ഷേമ സമിതി ജില്ലാ സെക്രട്ടറി അഡ്വ. ഡി ഷൈൻ ദേവ് സ്കൂൾ മാനേജർ എച്ച് അബ്ദുൽ കലാം,സ്കൂൾ പ്രിൻസിപ്പൽ റാണി എസ് നായർ, ഹാരീഷ്, തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ എസ് രാധാകൃഷ്ണ പിള്ള നന്ദി പറഞ്ഞു

എസ് പി എം യുപി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു

ആയിക്കുന്നം. എസ്പിഎം യുപി സ്കൂളിൽ ഈ വർഷത്തെ ഓണാഘോഷം വിപുലമായി ആഘോഷിച്ചു. നാടൻ പൂക്കൾ ഉപയോഗിച്ചുള്ള അത്തപ്പൂക്കള മത്സരം, രക്ഷിതാക്കളുടെയും അധ്യാപകരുടെയും വിവിധ നാടൻ കളികൾ എന്നിവയ്ക്ക് പുറമേ, പരമ്പരാഗത ഓണക്കളികളായ കുപ്പിയിൽ വെള്ളം നിറയ്ക്കൽ,

കസേരകളി, നടക്കാൻ പഠിക്കാം, മിഠായി പെറുക്ക്, ഓണപ്പാട്ട് തുടങ്ങിയവ ആഘോഷത്തിന് മാറ്റുകൂട്ടി. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. ആഘോഷ പരിപാടികൾക്ക് അധ്യാപകരും രക്ഷിതാക്കളും സ്കൂൾ മാനേജ്മെൻറും പി ടി എ ഭാരവാഹികളും നേതൃത്വം നൽകി.

ഓണപ്പൂവിളിയും കാർഷികപ്പെരുമയും

ശാസ്താംകോട്ട: ബ്രൂക് ഇൻ്റർനാഷണൽ സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടികളുടെയും കാർഷികോത്പന്ന -കാർഷികോപകരണ മേളയുടെയും ഉദ്ഘാടനം സ്കൂൾ ഡയറക്ടർ ഫാദർ ഡോ. ജി. എബ്രഹാം തലോത്തിൽ നിർവഹിച്ചു.

ഓണത്തിന്റെ പൈതൃകവും കാർഷികസംസ്കാരത്തിൻ്റെ മഹത്വവും വിളിച്ചോതിയ ആഘോഷത്തിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷാകർത്താക്കളും പങ്കെടുത്തു. മാവേലിയും വാമനനും മലയാളമങ്കമാരുമായി വിവിധ വേഷങ്ങളിൽ കുട്ടികൾ അണിനിരന്നത് ആഘോഷത്തിന് വർണപ്പകിട്ടേകി.

കലപ്പ, നുകം, മെതിപ്പലക, പറ, നാഴി, ഇടങ്ങഴി, തുടം, അരിവാൾ, ചാണ, ചാട്ട, കോളാമ്പി, ചെല്ലപ്പെട്ടി, തളിക, ഓട്ടുവിളക്കുകൾ തുടങ്ങിയ പരമ്പരാഗത കാർഷിക-ഗൃഹോപകരണങ്ങളും കാർഷികോത്പന്നങ്ങളും അണിനിരന്ന മേള ഏറെ ശ്രദ്ധേയമായി.

പ്രിൻസിപ്പൽ ബോണി ഫേഷ്യാ വിൻസൻ്റ്, അഡ്‌മിനിസ്ട്രേറ്റർ കൊച്ചുമോൾ கெ. സാമുവൽ, വൈസ് പ്രിൻസിപ്പൽമാർ, കോർഡിനേറ്റർമാർ എന്നിവർ വിദ്യാർത്ഥികൾക്ക് ഓണാശംസകൾ നേർന്നു. വിവിധ കലാപരിപാടികളും ഓണക്കളികളും നിറഞ്ഞ ആഘോഷം സ്കൂൾ അങ്കണത്തെ ഉത്സവലഹരിയിലാഴ്ത്തി.

കാണാതായ ദമ്പതികളിൽ ഭാര്യയുടെ മൃതദേഹം പുഴയിൽ ചാക്കിൽ കെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തി

മലപ്പുറം. തിരൂര്‍ പുറത്തൂര്‍ പടിഞ്ഞാറെക്കരയില്‍ കാണാതായ ദമ്പതികളിൽ ഭാര്യയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി.കൊലപ്പെടുത്തി ചാക്കിൽ കെട്ടി താഴ്ത്തിയ നിലയിലാണ് ഫൗസിയയുടെ മൃതദേഹം ലഭിച്ചത്.തിരൂർ – പൊന്നാനി പുഴയിൽ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.ഭർത്താവ് ഹുസൈനെ കണ്ടെത്താനായില്ല.

ഇന്നലെയാണ് ദമ്പതിമാരെ കാണാതായത്,ബുധനാഴ്ച രാത്രി ബീച്ച് പ്രദേശത്തേക്ക് പോയ ഫൗസിയയും ഭർത്താവ് ഹുസൈനും വ്യാഴാഴ്ച വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ഫൗസിയയുടെ മകൻ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും ചെയ്തു. ഫോൺ ലൊക്കേഷൻ പുറത്തൂർ ബസ് സ്റ്റാൻഡിന് സമീപമുള്ള പ്രദേശത്താണ് അവസാനമായി കണ്ടെത്തിയതെന്നാണ് വിവരം.

ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നതായും ഹുസൈൻ മദ്യപിച്ച ശേഷം ഫൗസിയയെ മർദിക്കാറുണ്ടായിരുന്നതായും പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. ബുധനാഴ്ച രാവിലെയും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടെ ഫൗസിയ ആധാർ കാർഡും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള സാധനങ്ങൾ നശിപ്പിച്ച് വീട്ടിൽനിന്ന് പോയിരുന്നു. പിന്നീട് മദ്യപിച്ച നിലയിൽ രാത്രിയിൽ വീട്ടിലെത്തി ഉറങ്ങുകയായിരുന്നു.

വ്യാഴാഴ്ച തീരപ്രദേശത്ത് കൂടുതൽ മത്സ്യം ലഭിക്കുന്നുണ്ടെന്ന് പറഞ്ഞ് ഫൗസിയയെ മീൻ ശേഖരിക്കാനായി ഹുസൈൻ കൊണ്ടുപോയതായാണ് പരാതിയിലുള്ളത്. മകനെയും മകളെയും വീട്ടിൽ നിർത്തിയാണ് ഫൗസിയ ഭർത്താവിനൊപ്പം പോയത്. തുടർന്ന് ഇരുവരെയും കാണാതാവുകയായിരുന്നു.

മകൻ പടിഞ്ഞാറേക്കരയിലെ ഐസ് കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഫൗസിയ വിവിധ വീടുകളിൽ വീട്ടുജോലി ചെയ്തുവരികയായിരുന്നു. മകൾ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോൾ അമ്മയെ കാണാതായതിനെ തുടർന്ന് അയൽവാസികളോട് അന്വേഷിച്ചെങ്കിലും പകൽ സമയത്ത് ഫൗസിയയെ കണ്ടിട്ടില്ലെന്നാണ് ലഭിച്ച വിവരം. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ഹുസൈനെ കണ്ടെത്തിയ ശേഷമേ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വ്യക്തമാകൂ.

അമ്പലമേട് വഞ്ചനാക്കേസ്,ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധി ചോദ്യംചെയ്തുള്ള അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി തള്ളി

കൊച്ചി. തടി ഇടപാടുമായി ബന്ധപ്പെട്ട അമ്പലമേട് വഞ്ചനാക്കേസ്.ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധി ചോദ്യംചെയ്തുള്ള ഹർജി തള്ളി.അഗസ്റ്റിൻ സഹോദരങ്ങളുടെ വാദം തള്ളി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്

ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിക്ക് കേസ് പരിഗണിക്കാൻ അധികാരമില്ലെന്നായിരുന്നു പ്രതികളുടെ വാദം.ഈ വാദം കോടതി തള്ളി.കേസ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ തന്നെ തുടരും

ഒന്നാംപ്രതി റോജി അഗസ്റ്റിൻ കോടതിയിൽ നേരിട്ട് ഹാജരാകണം. മറ്റു പ്രതികൾക്ക് ഓൺലൈനിൽ ഹാജരാകാം.ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്

പ്രഭാത സവാരിക്ക് ഇറങ്ങിയ യുവതിയെ കാറിടിച്ചു വീഴ്ത്തി

കോട്ടയം. പ്രഭാത സവാരിക്ക് ഇറങ്ങിയ യുവതിയെ കാറിടിച്ചു വീഴ്ത്തി. തിരുവഞ്ചൂർ നീലാണ്ടപ്പടിയിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ CCTV ദൃശ്യം പുറത്ത്.തിരുവഞ്ചൂർ സ്വദേശിനി ദീപ (50) യ്ക്കാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ദീപ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

അപകടത്തിനിടയാക്കിയ കാർ നിർത്താതെ ഓടിച്ചുപോയി. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി

ചുളുവിലൂടെയാണ് അധികാരത്തിൽ എത്തി,ഷംസീറിന് കമ്മ്യൂണിസ്റ്റ് മനസ്സല്ല ലീഗ് മനസ്സ് എന്ന വെള്ളാപ്പള്ളി

ആലപ്പുഴ. എ എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടേശൻ.ഷംസീർ യഥാർത്ഥ ലീഗുകാരൻ കമ്മ്യൂണിസ്റ്റുകാരൻ അല്ല.ഷംസീറിന് കമ്മ്യൂണിസ്റ്റ് മനസ്സല്ല ലീഗ് മനസ്സ് എന്ന വെള്ളാപ്പള്ളി.ഷംസീർ ചുളുവിലൂടെയാണ് അധികാരത്തിൽ എത്തിയത്.ഭരണകൂടത്തിലെ പുഴുക്കുത്തുകൾ ആണ് ഇടതുപക്ഷത്തെ തുടർഭരണത്തിൽ നിന്നും ഇറക്കിയത്

പി ശശിയായിരുന്നു പിണറായി വിജയൻറെ ഓഫീസിലെ പുഴുക്കുത്തൊന്നും വെള്ളാപ്പള്ളി.ഗണേഷ് കുമാർ പരനാറി എന്ന് വെള്ളാപ്പള്ളി. ഉമ്മൻചാണ്ടിയെ ഒറ്റുകൊടുത്താണ് ഗണേഷ് കുമാർ മന്ത്രി ആയത്

അധ്യാപകൻ കിണറിൽ വീണു മരിച്ചു

കാസർകോട്: കാഞ്ഞങ്ങാട് അധ്യാപകൻ കിണറിൽ വീണു മരിച്ചു. പെരിയ, വടക്കേക്കരയിലെ നടുവിൽവീട്ടിൽ പുരുഷോത്തമൻ നായർ (64) ആണ് മരിച്ചത്. വ്യാഴം രാവിലെയാണ് സംഭവം. വെള്ളം കോരുന്നതിനിടെ കാൽതെറ്റി കിണറിലേയ്ക്ക് വീഴുകയായിരുന്നു.

ഏറെ നേരം കഴിഞ്ഞിട്ടും പുരുഷോത്തമനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കിണറ്റിൽ കയർ താഴ്ന്ന നിലയിൽ കണ്ടെത്തി. തുട‌ർന്ന് അ​ഗ്നിരക്ഷാസേനയെ വിവരമറിച്ചു. ശേഷം നടത്തിയ തിരച്ചിലിലാണ് പുരുഷോത്തമന്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ശോഭ .മക്കൾ: സച്ചിൻ കൃഷ്ണ, ശ്വേത. പാരലൽ കോളേജ് അധ്യാപകനാണ് പുരുഷോത്തമൻ നായർ.

ഓണാഘോഷത്തിനിടെ വിദ്യാർഥികൾ സഞ്ചരിച്ച കാറിൽ എംഡിഎംഎ; മൂന്ന് പേർക്കെതിരെ കേസ്

കൊണ്ടോട്ടി: കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികൾ സഞ്ചരിച്ച കാറിൽനിന്ന് എംഡിഎംഎ പിടികൂടി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. ഒരു ഗ്രാം എംഡിഎംഎയാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.

കോളേജിന് പുറത്താണ് വിദ്യാർഥികൾ എത്തിയ കാർ നിർത്തിയിട്ടിരുന്നത്. എക്സൈസ് വാഹനം കണ്ടതോടെ കാറിലുണ്ടായിരുന്ന വിദ്യാർഥികൾ ഇറങ്ങിയോടി. സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് വിദ്യാർഥികൾക്കെതിരെ എക്സൈസ് കേസെടുത്തു. ഇവരെ ഇതുവരെ പിടികൂടാനായിട്ടില്ല. അന്വേഷണം തുടരുകയാണ്.