28.4 C
Kollam
Tuesday 6th October, 2026 | 09:48:30 PM
Home News Kerala പുലിക്കളിയിലും മിസ നാടകത്തിലും കലാകാരന്മാര്‍ക്ക് പിന്തുണയുമായി മന്ത്രി പി സി വിഷ്ണുനാഥ്

പുലിക്കളിയിലും മിസ നാടകത്തിലും കലാകാരന്മാര്‍ക്ക് പിന്തുണയുമായി മന്ത്രി പി സി വിഷ്ണുനാഥ്

തിരുവനന്തപുരം: ഓണക്കാലത്തെ ആവേശമായ തൃശൂരിലെ പുലിക്കളിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ ശക്തമായ നിലപാടുമായി ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്. പുലിക്കളി കലാകാരന്മാരുടെ ശരീരത്തെ പരിഹസിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒരു പരിഷ്‌കൃത സമൂഹത്തിന് ഒട്ടും ചേര്‍ന്നതല്ലെന്നും ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. പുലിക്കളി സംഘങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം ഇത്തവണ മുതല്‍ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പുലിക്കളി പ്രകടനങ്ങളിലെ ശരീരഘടനയെ ‘ഓക്കാനം ഉണ്ടാക്കുന്ന കലാവികൃതി’ എന്ന് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍ സോഷ്യല്‍ മീഡിയയില്‍ വിശേഷിപ്പിച്ചതാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. സംഭവം കലാകാരന്മാര്‍ക്കിടയില്‍ അമര്‍ഷത്തിന് ഇടയാക്കുകയും വ്യാപക വിമര്‍ശനമുയര്‍ന്നതോടെ ശ്രീരാമന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വിവാദ പരാമര്‍ശം പുലിക്കളി കലാകാരന്മാര്‍ക്ക് വലിയ മനോവിഷമമുണ്ടാക്കിയതായി മന്ത്രി പി.സി. വിഷ്ണുനാഥ് ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി. മനുഷ്യരെ അവരുടെ ശരീരത്തിന്റെയോ ബാഹ്യരൂപത്തിന്റെയോ പേരില്‍ അധിക്ഷേപിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. കാര്യങ്ങളെ വ്യത്യസ്ത വീക്ഷണകോണുകളില്‍ നിന്ന് നോക്കിക്കാണാന്‍ പഠിപ്പിച്ച പ്രിയപ്പെട്ട വികെ ശ്രീരാമനില്‍ നിന്നാണ് ഇത്തരം ഒരു പ്രതികരണം ഉണ്ടായതെന്നത് ഏറെ വിഷമിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.

ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയില്‍ അവതരിപ്പിച്ച ‘മിസ’ എന്ന നാടകത്തിനെതിരെ നടക്കുന്ന സദാചാര സൈബര്‍ ആക്രമണങ്ങളില്‍ നാടകപ്രവര്‍ത്തകരെ പൂര്‍ണ്ണമായി പിന്തുണച്ച് സാംസ്‌കാരിക മന്ത്രി. നാടകം ആവശ്യപ്പെടുന്ന രീതിയിലാണ് കലാകാരന്മാര്‍ വേദിയിലേക്ക് എത്തുന്നതെന്നും അത് പൂര്‍ണ്ണമായും അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ എപ്പോഴും നാടക പ്രവര്‍ത്തകര്‍ക്കൊപ്പമാണെന്നും കലാരംഗത്തെ ഇത്തരം കടന്നാക്രമണങ്ങളെ അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കിയ മന്ത്രി, കലാകാരന്മാര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.