തൃശൂർ: അസുരതാളം കൊട്ടിക്കയറുമ്പോൾ, അരമണിയും വയറും കുലുക്കി വന്യമായ ചുവടുകളുമായി മടവിട്ടിറങ്ങുന്ന പുലികൾക്കൊപ്പം ചേരാൻ കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ നഗരം ഒരുങ്ങി.
പുലിമടകളിൽനിന്നു വരയൻപുലികളും പുള്ളിപ്പുലികളും കരിന്പുലികളും ഇന്നു വൈകിട്ട് നാലുമുതല്‍ സ്വരാജ് റൗണ്ടിലേക്കു കുതിച്ചെത്തും. നിറങ്ങളും താളവും ചുവടുകളും മേളവും ചേർന്ന് നഗരവീഥികൾ പുലിക്കടലായി മാറുന്ന കാഴ്ചയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം.
ഒൻപതുദേശങ്ങൾ, നാനൂറ്റിയൻപതിലേറെ പുലികൾ, നൂറുകണക്കിനു കലാകാരൻമാർ, പുലിക്കളിപ്രേമികൾ ചേർന്നൊഴുകുന്ന ജനസാഗരം… തൃശൂരിന്റെ തനതു കലാരൂപമായ പുലിക്കളിമഹോത്സവത്തിന് അരങ്ങുണരുകയാണ്.
ഓരോ ദേശത്തിനും സ്വന്തം താളവും ഭാവവും അത്ഭുതങ്ങളും. ഓണാഘോഷത്തേക്കാൾ ഉപരി തൃശൂരിന്റെ മണ്ണും മനസും പാരമ്പര്യവും ഒരുമിച്ചു ചുവടുവയ്ക്കുന്ന മഹോത്സവത്തിന് പുലിമടകൾ ഒരുങ്ങിക്കഴിഞ്ഞു.
പുലിക്കളിയോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടുമുതൽ തൃശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗതനിയന്ത്രണമുണ്ടാവും. സ്വകാര്യബസുകൾക്കും നിയന്ത്രണമുണ്ട്. സ്വരാജ് റൗണ്ടിലും സമീപറോഡുകളിലും രാവിലെ മുതൽ പാർക്കിംഗ് അനുവദിക്കില്ല.





























