പ്രോട്ടീൻ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് എത്തുന്നത് മസിലുകൾ പെരുപ്പിക്കലും ജിം വ്യായാമങ്ങളുമാണ്. എന്നാൽ മസിലുകൾ വളർത്തുന്നതിന് അപ്പുറമായി പ്രോട്ടീൻ നമ്മുടെ ശരീരത്തിൽ പല പ്രധാന ധർമ്മങ്ങളും നിർവ്വഹിക്കുന്നുണ്ട്. ശരീര കോശങ്ങളെ പിന്തുണയ്ക്കുന്നതിനും, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും, ഭക്ഷണം കഴിച്ച ശേഷം വയർ നിറഞ്ഞ അനുഭവം നൽകുന്നതിനും പ്രോട്ടീൻ അത്യാവശ്യമാണ്.
അതിനാൽ തന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീന്റെ അളവ് നമ്മുടെ ദിനചര്യയെ ബാധിക്കും. ഭക്ഷണത്തിൽ പ്രോട്ടീൻ കുറവാണെങ്കിൽ അടിക്കടി വിശപ്പ് ഉണ്ടാവാനും മധുരപലഹാരങ്ങൾ കഴിക്കാൻ ആഗ്രഹം തോന്നാനും സാധ്യതയുണ്ട്. ശരീരത്തിൽ പ്രോട്ടീൻ കുറവാണെന്ന് സൂചിപ്പിക്കുന്ന 3 ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
കാൽപ്പാദങ്ങളിലും കണങ്കാലുകളിലും ഉണ്ടാകുന്ന വീക്കം
ശരീരത്തിൽ പ്രോട്ടീന്റെ അളവ് ഗണ്യമായി കുറയുമ്പോൾ, രക്തത്തിലെ ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്ന ആൽബുമിൻ എന്ന പ്രോട്ടീന്റെ അളവ് കുറയുകയും ഇത് ശരീരത്തിൽ വെള്ളം കെട്ടിക്കിടക്കാൻ കാരണമാവുകയും ചെയ്യുന്നു.
മധുരത്തോടുള്ള താല്പര്യം
ശരീരത്തിന് ആവശ്യത്തിനുള്ള പ്രോട്ടീൻ ലഭിക്കാതെ വരുമ്പോൾ, പെട്ടെന്ന് ഊർജ്ജം നൽകുന്ന ഭക്ഷണങ്ങൾക്കായി ശരീരം ആഗ്രഹിക്കുന്നു. ഇത് അടിക്കടി മധുരപലഹാരങ്ങൾ കഴിക്കാനുള്ള തോന്നലിലേക്ക് നയിക്കുന്നു.
ഭക്ഷണം കഴിച്ച ഉടൻ തന്നെ വിശപ്പ് തോന്നുക
വയറുനിറയെ ഭക്ഷണം കഴിച്ചിട്ടും ഒരു മണിക്കൂറിനുള്ളിൽ വീണ്ടും വിശപ്പ് തോന്നാറുണ്ടോ? എങ്കിൽ അത് പ്രോട്ടീന്റെ കുറവാകാം. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നത് വരെ ശരീരം വിശപ്പിന്റെ സൂചനകൾ നൽകിക്കൊണ്ടേയിരിക്കും.

































