കുവൈത്ത് സിറ്റി: രണ്ട് ഇറ്റാലിയന്‍ സാങ്കേതിക വിദഗ്ധര്‍ കൊല്ലപ്പെട്ട കുവൈത്ത് ഡ്രോണ്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം തള്ളി ഇറാന്‍. ആക്രമണത്തില്‍ ഇറാന് പങ്കില്ലെന്നും സംയുക്ത അന്വേഷണത്തിന് തയ്യാറെന്നും ഇറാന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇറാന്‍ തന്നെയാണ് ആക്രമണം നടത്തിയത് എന്ന നിലപാടിലാണ് കുവൈത്തും ഇറ്റലിയും. അതിനിടെ സൗദിയിലെ എണ്ണ ശാലകള്‍ ലക്ഷ്യമിട്ട ഹൂത്തികള്‍ ജിസാനിലെ ആരാംകോ റിഫൈനറിയും ആക്രമിച്ചു. വ്യോമാക്രമണത്തില്‍ ഒരു നേപ്പാള്‍ പൗരന്‍ കൊല്ലപ്പെട്ടു.
കുവൈത്തിലെ സുപ്രധാന സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ടത്. ജർമൻ പ്രതിരോധ കമ്പനിയായ റൈൻമെറ്റലിന്റെ സാങ്കേതിക വിദഗ്ധരായിരുന്നു ഇരുവരും. ഇറാനിൽനിന്നുള്ള ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്നാണ് കുവൈത്തിന്റെയും ഇറ്റലിയുടെയും ആരോപണം. എന്നാൽ ഉത്തരവാദിത്തം തള്ളുകയാണ് ഇറാൻ. വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കുവൈത്ത്, ഇറ്റാലിയൻ വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ചു. ആക്രമണത്തിൽ ഇറാന് പങ്കില്ലെന്നും സംയുക്ത അന്വേഷണത്തിന് തയ്യാറാണെന്നും വ്യക്തമാക്കി. എക്സിലെ കുറിപ്പിൽ ആക്രമണത്തെ സംശയാസ്പദമെന്നും മുൻകൂട്ടി തയ്യാറാക്കിയ യുദ്ധ നീക്കമെന്നും അബ്ബാസ് അരാഗ്ചി വിശേഷിപ്പിച്ചു.
അതിനിടെ, സൗദി അറേബ്യയ്ക്ക് നേരെ ഹൂത്തികളുടെ ആക്രമണം തുടരുകയാണ്. ജിസാനിലെ സൗദി അരാംകോ റിഫൈനറിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ ഒരു നേപ്പാൾ സ്വദേശിയായ തൊഴിലാളി കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. തീപിടിത്തത്തെ തുടർന്ന് റിഫൈനറിയുടെ ചില പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. ആക്രമണത്തിന് പിന്നിൽ ഹൂത്തികളാണെന്ന് സൗദി സഖ്യസേന ആരോപിച്ചു. യെമനിലെ ഹുദൈദയിൽ ഹൂത്തികൾ ഉപയോഗിച്ച മിസൈൽ വിക്ഷേപണ കേന്ദ്രം തകർത്തതായും സഖ്യസേന അറിയിച്ചു. ഇതിന് തൊട്ടുമുമ്പ് സൗദിയുടെ ഏറ്റവും വലിയ റാസ് തനൂറ എണ്ണ റിഫൈനറിയും ഹൂത്തികൾ ലക്ഷ്യമിട്ടിരുന്നു. ജിദ്ദ, ജിസാൻ തുറമുഖങ്ങൾക്കും ആക്രമണ ഭീഷണിയുണ്ടായി. റിയാദിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആസ്ഥാനത്തുള്ള കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പതിനൊന്ന് പേർക്കും പരിക്കേറ്റിരുന്നു.































