തിരുവനന്തപുരം: ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളോട് അനുബന്ധിച്ച് ചെമ്പഴന്തി ഗുരുകുലത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രി വി ഡി സതീശൻ. കണ്ണാടി പ്രതിഷ്ഠ നടത്തി മനുഷ്യനെ തന്നിലേക്ക് തന്നെ തിരിഞ്ഞുനോക്കാൻ പ്രേരിപ്പിച്ചത് ശ്രീനാരായണ ഗുരുവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകമെമ്പാടുമുള്ള സകല സംഘർഷങ്ങൾക്കും ഭിന്നിപ്പുകൾക്കും പരിഹാരവും മരുന്നുമായി ഗുരുദർശനങ്ങൾ മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. വിദ്യകൊണ്ട് പ്രബുദ്ധരാകാൻ പ്രേരിപ്പിച്ച ശ്രീനാരായണഗുരു യഥാർത്ഥത്തിൽ ഒരു വിശ്വഗുരുവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെപ്പോലും ഗുരുദേവദർശനങ്ങൾ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് സതീശൻ ചൂണ്ടിക്കാട്ടി. ഭാരതത്തിന്റെ അതിർത്തിയും കഴിഞ്ഞ് ലോകമെമ്പാടും സഞ്ചരിക്കേണ്ട ഒന്നാണ് അവിടുത്തെ ആശയങ്ങൾ. ഡൽഹിയിലെ ഗുരുദേവ കേന്ദ്രം കേവലം ഒരു പൂർണ്ണകായ പ്രതിമയിൽ മാത്രം ഒതുങ്ങിനിൽക്കരുത്. ചെമ്പഴന്തിയും ശിവഗിരിയും ലോകത്തിനു മുന്നിൽ കൂടുതൽ ശക്തമായി അവതരിപ്പിക്കപ്പെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം ശ്രീനാരായണ ഗുരുദേവന്റെ 172 -ാമത് ജയന്തി ആഘോഷത്തിന് വർക്കല ശിവഗിരിയിൽ തുടക്കമായി. ശിവഗിരി മഠത്തിൽ സംഘടിപ്പിച്ച തിരുജയന്തി സമ്മേളനം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു. വൈകിട്ട് 6 30 ന് ചെമ്പഴന്തി ഗുരുകുലത്തിൽ വെച്ച് നടന്ന തിരുജയന്തി മഹാസമ്മേളനമാണ് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചത്.


































