Home News Breaking News നടക്കില്ല, ആ 2 നിർദ്ദേശങ്ങളും പിൻവലിച്ചേ പറ്റു, കടുപ്പിച്ച് സുധീരൻ; മുഖ്യമന്ത്രിക്ക് കത്തയച്ചു, വീര്യം കുറഞ്ഞ...

നടക്കില്ല, ആ 2 നിർദ്ദേശങ്ങളും പിൻവലിച്ചേ പറ്റു, കടുപ്പിച്ച് സുധീരൻ; മുഖ്യമന്ത്രിക്ക് കത്തയച്ചു, വീര്യം കുറഞ്ഞ മദ്യത്തിലും കരിമണല്‍ ഖനനത്തിലും എതിർപ്പ്

Advertisement

ആലപ്പുഴ: സംസ്ഥാന ബജറ്റിലെ മദ്യവ്യാപനത്തിനും കരിമണല്‍ ഖനനത്തിനും വഴിയൊരുക്കുന്ന രണ്ട് പ്രധാന നിര്‍ദ്ദേശങ്ങളും അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള ബജറ്റ് പ്രഖ്യാപനം യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ലഹരിവിരുദ്ധ വാഗ്ദാനങ്ങൾക്ക് വിരുദ്ധവും ജനങ്ങളോടുള്ള വാഗ്ദാന ലംഘനവുമാണെന്ന് സുധീരൻ കുറ്റപ്പെടുത്തി.

Also Read: യുദ്ധത്തിൽ ഇറാൻ ജയിച്ചുവെന്ന് 92 ശതമാനം ഇസ്രായേലുകാർ; ട്രംപിൻ്റെ രീതിയോട് 65 ശതമാനം അമേരിക്കക്കാർക്കും വിയോജിപ്പ്: സർവേ ഫലം

കൂടാതെ, ധാതുമണൽ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനം ആലപ്പുഴയിലെ തീരദേശ ജനതയെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണെന്നും, മുൻ പിണറായി സർക്കാരിന്റെ കാലത്ത് പൊതുമേഖലയുടെ മറവിലും സ്വകാര്യ ലോബികൾക്ക് വേണ്ടിയും തോട്ടപ്പള്ളിയിൽ നടത്തിയ ഖനന ഉത്തരവുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടത് ഓർമ്മപ്പെടുത്തിയ സുധീരൻ, തീരദേശത്തെ തകർക്കുന്ന ഇത്തരം ജനവിരുദ്ധ നിർദ്ദേശങ്ങളിൽ നിന്നും യു ഡി എഫ് സർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.

വി എം സുധീരന്റെ കത്ത്

മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ നൂതനവും ഭാവനാസമ്പന്നവുമായ പല പദ്ധതികളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ടെങ്കിലും ചില ബജറ്റ് നിര്‍ദ്ദേശങ്ങളെക്കുറിച്ച് എനിക്കുള്ള വിയോജിപ്പും എതിര്‍പ്പും അന്നേദിവസം തന്നെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നല്ലോ. അതിന്റെ തുടര്‍ച്ചയാണ് ഇവിടെ കുറിക്കുന്നത്. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങളുടെ വ്യാപനം കേരളത്തില്‍ അതിഗുരുതരമായ വിപത്തായ സാഹചര്യത്തില്‍ കേരളത്തെ ഈ മാരക വിപത്തില്‍നിന്നും മുക്തമാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ശക്തവും ഫലപ്രദവുമായ നയങ്ങളും കര്‍മ്മപദ്ധതികളും ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ക്ക് നിരക്കാത്ത ഒരു നിര്‍ദ്ദേശവും പ്രത്യക്ഷമായോ പരോക്ഷമായോ ബജറ്റില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണല്ലോ. എന്നാല്‍ ആ വാഗ്ദാനത്തിന് വിരുദ്ധമായി മദ്യവ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്ന നിര്‍ദ്ദേശം ബജറ്റില്‍ വന്നത് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയുടെ അന്തസത്തയ്ക്കുതന്നെ നിരക്കാത്തതാണ്, ജനങ്ങളോടുള്ള വാഗ്ദാന ലംഘനവുമാണ്.

വീര്യം കുറഞ്ഞതെന്ന പേരില്‍ നടത്തുന്ന ഏതൊരു മദ്യവ്യാപനവും ആപല്‍ക്കരമാണെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് യു ഡി എഫിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് നേരെ വിപരീതമായിട്ടുള്ളതും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ ഈ നിര്‍ദ്ദേശവുമായി ഒരുകാരണവശാലും മുന്നോട്ടുപോകരുത്. അത് പിന്‍വലിച്ചേ മതിയാകൂ. പിണറായി സര്‍ക്കാരിന്റെ ദുര്‍നയത്തിന്റെ ഫലമായി നാടിനുണ്ടായിക്കൊണ്ടിരിക്കുന്ന കെടുതികളില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന് ഫലപ്രദമായ ജനപക്ഷ മദ്യനയത്തിന് എത്രയും പെട്ടെന്ന് രൂപം നല്‍കേണ്ടിയിരിക്കുന്നു. ഇതേക്കുറിച്ച് 01.06.2026 ല്‍ ഞാന്‍ അയച്ച കത്തും ആശയവിനിമയവും ഓര്‍ക്കുമല്ലോ.

ശക്തമായി വിയോജിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന മറ്റൊന്ന് ധാതുമണല്‍ മേഖലയിലേയ്ക്ക് സ്വകാര്യ നിക്ഷേപത്തിന് കളമൊരുക്കുന്ന ബജറ്റ് നിര്‍ദ്ദേശമാണ്. ബജറ്റില്‍ ഇക്കാര്യം വന്നതോടെ ആലപ്പുഴയിലെ തീരദേശ ജനത വളരെയേറെ ആശങ്കയിലായിരിക്കുകയാണ്. ആലപ്പുഴ തീരദേശത്തെ സര്‍വ്വനാശത്തിലേയ്‌ക്കെത്തിക്കുന്ന സ്വകാര്യ കരിമണല്‍ കമ്പനിയുടെ എല്ലാവിധ നീക്കങ്ങള്‍ക്കും അക്കാലത്തെ യു.ഡി.എഫ്. സര്‍ക്കാര്‍ നല്‍കിയ അനുമതി ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ജനവികാരം മാനിച്ചുകൊണ്ട് പിന്‍വലിക്കപ്പെട്ടത് ഇന്നും സജീവ സ്മരണയായി നമ്മുടെയെല്ലാം മനസ്സിലുണ്ടല്ലോ. ഒരു മേഖലയിലും കരിമണല്‍ ഖനനം പാടില്ലെന്ന ആവശ്യത്തെ മുന്‍നിര്‍ത്തി തീരദേശ ജനത നടത്തിയ സമരമുന്നേറ്റവും 2003 ജൂണ്‍ 16ന് വലിയഅഴിക്കല്‍ മുതല്‍ ആലപ്പുഴ വരെ നടത്തിയ മനുഷ്യക്കോട്ടയെയും തുടര്‍ന്നാണ് അന്നത്തെ സര്‍ക്കാര്‍ അതെല്ലാം പിന്‍വലിച്ചത്. ഇതുമായി ബന്ധപ്പെട്ട സമരങ്ങളിലെല്ലാം പങ്കാളിയായ സി പി എം നേതൃത്വം നല്‍കുന്ന പിണറായി സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ മറയില്‍ തോട്ടപ്പള്ളിയില്‍ ആരംഭിച്ച കരിമണല്‍ ഖനനത്തിനെതിരെ തീരദേശ ജനത സമരരംഗത്താണല്ലോ. അടുത്തിടെയുണ്ടായ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഒരു വിദഗ്ദ്ധ സമിതിയുടെ നേതൃത്വത്തില്‍ സമഗ്രമായ പഠനത്തിനുശേഷമേ ഖനന നടപടികളുമായി മുന്നോട്ടുപോകാവൂ എന്ന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഖനനം ഇപ്പോള്‍ നിര്‍ത്തിവെക്കപ്പെട്ടിരിക്കുകയാണ്.

കോടതി നിര്‍ദ്ദേശപ്രകാരം രൂപീകരിക്കപ്പെട്ട പ്രസ്തുത കമ്മിറ്റി കരിമണല്‍ ലോബിയുടെ താല്‍പര്യത്തെ മുന്‍നിര്‍ത്തിയാണെന്ന് വ്യാപകമായ ജന പ്രതിഷേധം ഉയര്‍ന്നുവന്നിരിക്കുയാണ്. അതുകൊണ്ട് തീരദേശ ജനതയുടെ താല്‍പര്യം കണക്കിലെടുത്ത് അര്‍ഹതയുള്ള വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് പ്രസ്തുത കമ്മിറ്റി പുനസംഘടിപ്പിക്കണമെന്ന സമരസമിതിയുടെ ആവശ്യം അറിയിച്ചുകൊണ്ട് ഞാന്‍ എഴുതിയ 01.06.2026 ലെ കത്തും തുടര്‍ന്നുള്ള ആശയവിനിമയവും ശ്രദ്ധയിലുണ്ടല്ലോ. കുട്ടനാട്ടിലെ പ്രളയക്കെടുതികള്‍ക്ക് പരിഹാരമുണ്ടാക്കാനെന്ന വ്യാജേന പൊതുമേഖലാ സ്ഥാപനങ്ങളെ കരുവാക്കി തോട്ടപ്പള്ളിയില്‍ നടത്തിയ കരിമണല്‍ ഖനനം അനുവദിച്ചുകൊണ്ടുള്ള സര്‍വ്വ ഉത്തരവുകളും റദ്ദാക്കേണ്ടതാണ്. ഇക്കാര്യവും ഞാന്‍ അയച്ച കത്തില്‍ ഉന്നയിച്ചിരുന്നു. കുട്ടനാടിന്റെ രക്ഷയ്ക്കായി അനിവാര്യമായി ചെയ്യേണ്ടതായ ഒരൊറ്റ കാര്യവും ചെയ്യാതെ കുട്ടനാട്ടിലെയും തീരദേശത്തെയും ജനങ്ങളെ കബളിപ്പിച്ചുകൊണ്ട് പിണറായി സര്‍ക്കാര്‍ നടത്തിയ തോട്ടപ്പള്ളിയിലെ ഖനനം സ്വകാര്യ കരിമണല്‍ ലോബിയുടെ താല്‍പര്യം സംരക്ഷിക്കുന്നതിനുവേണ്ടി മാത്രമായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഈ സാഹചര്യമെല്ലാം കണക്കിലെടുത്ത് ആലപ്പുഴ തീരദേശത്തെ ജനജീവിതത്തിന് അങ്ങേയറ്റത്തെ ആഘാതം വരുത്തിവയ്ക്കുന്ന കരിമണല്‍ ഖനനത്തിന് അവസരമൊരുക്കുന്ന ബജറ്റ് നിര്‍ദ്ദേശവും പിന്‍വലിക്കേണ്ടിയിരിക്കുന്നു. കരിമണല്‍ കര്‍ത്താക്കന്മാര്‍ക്ക് ആലപ്പുഴ തീരം തീറെഴുതാനുള്ള ഒരു നീക്കവും നടപടിയും ജനങ്ങള്‍ വളരെയേറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഈ സര്‍ക്കാരില്‍ നിന്നും ഉണ്ടാകരുതെന്നാണ് എന്റെ അഭ്യര്‍ത്ഥന.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here