തിരുവനന്തപുരം: ഹൈക്കമാന്‍ഡ് കര്‍ശനമായി വിലക്കിയിട്ടും സംസ്ഥാന കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി കസേരക്കായുള്ള ചരടവുവലി ശക്തം. കെ സി വേണുഗോപാലിന് പിന്തുണ നല്‍കുന്ന യുവ നേതൃനിരയിലെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഡൽഹിയില്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി.
Also Read: പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ മൂത്ത സഹോദരൻ അനോഷ് നാളെ ആശുപത്രി വിടും
കെ സി വേണുഗോപാലിന്‍റെ പേരില്‍ അദ്ദേഹത്തിന്‍റെ അനുയായിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് പാലക്കാട്ടെ ക്ഷേത്രത്തില്‍ തുലാഭാരത്തിന് ബുക്ക് ചെയ്തു. മൂവാറ്റുപുഴയില്‍ വി ഡി സതീശനായി ഫ്ലക്സ് ഉയര്‍ന്നു. കേരളത്തില്‍ ഒരു ദളിത് മുഖ്യമന്ത്രി വേണ്ടേയെന്ന ചോദ്യത്തിന് നാലിന് മറുപടി പറയാമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയും പ്രതികരിച്ചു.
മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വളമൊരുക്കുന്ന ഒരു സാഹചര്യവും പാടില്ലെന്ന ഹൈക്കമാന്‍ഡിന്‍റെയും കെപിസിസിയുടെയും നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവിലയാണ് സംസ്ഥാനത്ത് കോൺഗ്രസിലുള്ളത്. കെ സി വേണുഗോപാല്‍ ആ പദവിയിലേക്കെത്തണമെന്നാഗ്രഹിക്കുന്ന യുവനിരയിലെ പ്രമുഖന്‍ മാത്യു കുഴല്‍ നാടന്‍ ഒന്നരമണിക്കൂര്‍ നേരം കെ സിയുമായി ഡൽഹിയിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. മാധ്യമങ്ങള്‍ക്ക് മുഖം തരാതെ പിന്‍ഗേറ്റിലൂടെ മടങ്ങുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം മന്ത്രിസഭയില്‍ ബര്‍ത്ത് ഉറപ്പിക്കാനും ഭാഗ്യാന്വേഷികള്‍ നെട്ടോട്ടത്തിലാണെന്നാണ് വിവരം. പശ്ചാത്തലം ഇതാണെന്നരിക്കേ കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിക്കാന്‍ കെ സി വേണുഗോപാലും തയ്യാറായില്ല.
മറ്റൊരാരാധകനായ യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ മുന്‍ ജില്ലാ വൈസ് പ്രസിഡന്‍റ് അഡ്വ സി എം അനില്‍ കുമാര്‍ കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയായാല്‍ പാലക്കാട്ടെ കൈപ്പത്തി പ്രതിഷ്ഠയുള്ള ഹേമാംബിക ക്ഷേത്രത്തില്‍ കളഭം കൊണ്ട് തുലാഭാരം നടത്താമെന്ന് നേര്‍ന്നിരിക്കുകയാണ്. ഈ ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷമാണ് ഇന്ദിര ഗാന്ധി കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ചിഹ്നമായി കൈപ്പത്തി തെരഞ്ഞെടുത്തതെന്ന് പറയപ്പെടുന്നു. വി ഡി സതീശന്‍റെ ആരാധകരും അടങ്ങിയിരിക്കുന്നില്ല. മൂവാറ്റുപുഴ നഗരത്തില്‍ സതീശന് അഭിവാദ്യമര്‍പ്പിച്ച് ബോര്‍ഡുയര്‍ത്തി, പിന്നീട് എടുത്തുമാറ്റി. കെപിസിസി അധ്യക്ഷ പദവിയായാലും മുഖ്യമന്ത്രി സ്ഥാനമായാലും ദളിത് പ്രാതിനിധ്യം വേണ്ടേയെന്നും, തനിക്ക് എന്താണ് അയോഗ്യതയെന്നും എപ്പോഴും ചോദിക്കുന്ന കൊടിക്കുന്നില്‍ സുരേഷിന്‍റെ പ്രതികരണവും വന്നു.
സാധാരണ ഫലം വന്ന ശേഷം നടക്കാറായ ഇത്തരം നാടകീയ നീക്കങ്ങള്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഇപ്പോഴെ സജീവമായതിന്‍റെ അമ്പരപ്പ് ഹൈക്കമാന്‍ഡിനുണ്ട്. ഹൈക്കമാന്‍ഡിന്‍റെ ഭാഗമായ കെ സി വേണുഗോപാലും ഇത്തരം നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലെ അതൃപ്തി നേതൃനിരയിലുണ്ട്. കൂടുതല്‍ പരിഹാസ്യമായ രീതിയിലേക്ക് കാര്യങ്ങള്‍ പോകുന്നതിലെ അപകടം തിരിച്ചറിഞ്ഞ രാഹുല്‍ ഗാന്ധി തന്നെ ഈ ചര്‍ച്ചകളും, അണിയറ നീക്കങ്ങളും വിലക്കിയിട്ടും, ഫലമില്ല.




































