തിരുവനന്തപുരം.സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിയിൽ കെ.എസ്.ഇ.ബിക്ക് ഉണ്ടായത് ഗുരുതര വീഴ്ച. ഡാം മാനേജ്മെൻ്റിൽ സംഭവിച്ച വീഴ്ചയാണ് പ്രതിസന്ധിയുടെ ആക്കം കൂട്ടിയത്. ഉയർന്ന അളവിലുള്ള വെള്ളം ഉണ്ടായിരുന്ന സമയത്ത് ആസൂത്രണമില്ലാതെയാണ് വൈദ്യുതി ഉല്പാദിപ്പിച്ചത്.
കഴിഞ്ഞ 2 സാമ്പത്തിക വർഷങ്ങളിൽ സംസ്ഥാനത്തെ ഡാമുകളിലേക്ക് എത്തിയത് അളവിൽ കൂടിയ വെള്ളം. ആവശ്യമില്ലാത്തപ്പോഴും വൈദ്യുതി ഉൽപാദനം നടത്തി. പ്രതിസന്ധി മുന്നിൽ കണ്ടുള്ള വെള്ളം സംഭരിച്ചില്ല. കേന്ദ്ര വിഹിതമായി കിട്ടിയ 1514 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനം സറണ്ടർ ചെയ്തു. ആവശ്യത്തിന് വൈദ്യുതി ഉണ്ടായിരുന്ന ഘട്ടത്തിലായിരുന്നു സംസ്ഥാനത്തിന്റെ ഈ നിലപാട്.
എന്നാൽ അപ്പോഴും വൈദ്യുതി ഉല്പാദനം തകൃതിയായി നടന്നു. 2023 – 24 സാമ്പത്തിക വർഷം ഡാമുകളിൽ ഉണ്ടായിരുന്നത് 1916 ദശ ലക്ഷം യൂണിറ്റിന് ആവശ്യമായ വെള്ളമാണ്. 2024 – 25 സാമ്പത്തിക വർഷം അത് 1935 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമായി ഉയർന്നു. ഈ വർഷം മാർച്ച് 31ന് ശേഷം 1749 ദശലക്ഷം യൂണിറ്റിന് മാത്രമായി ചുരുങ്ങി. 6608 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ലഭിച്ച സ്ഥാനത്ത് കഴിഞ്ഞവർഷം 8399 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ലഭിച്ചിട്ടും പ്രതിസന്ധി ഉണ്ടായി. ദീർഘവീക്ഷണത്തോടെയുള്ള ഡാം മാനേജ്മെൻറ് നടപ്പിലാക്കിയിരുന്നെങ്കിൽ സംസ്ഥാനം ഇപ്പോൾ ഇരുട്ടലാവില്ലായിരുന്നു എന്ന് സാരം.


































