26.1 C
Kollam
Wednesday 16th September, 2026 | 05:39:41 AM
Home News Local വിമാനം വൈകി: വിദേശയാത്ര മുടങ്ങി…. യാത്രക്കാരന് 1.36 ലക്ഷം നല്‍കാന്‍ എയര്‍ ഇന്ത്യയ്ക്ക് ഉത്തരവ്

വിമാനം വൈകി: വിദേശയാത്ര മുടങ്ങി…. യാത്രക്കാരന് 1.36 ലക്ഷം നല്‍കാന്‍ എയര്‍ ഇന്ത്യയ്ക്ക് ഉത്തരവ്

കൊല്ലം: വിമാന സര്‍വീസ് മൂന്ന് മണിക്കൂറിലധികം വൈകിയതിനെ തുടര്‍ന്ന് സാമ്പത്തിക നഷ്ടവും മാനസിക ക്ലേശവും നേരിടേണ്ടി വന്ന യാത്രക്കാരന് 1.36 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. കൊല്ലം മരുത്തടി സ്വദേശിയായ കപില്‍ദേവ് നല്‍കിയ പരാതിയിലാണ് വിധി. പരാതിക്കാരന്റെ ഭാര്യയും അംഗീകൃത പ്രതിനിധിയുമായ ഷിജിയാണ് കേസ് നടത്തിയത്. തിരുവനന്തപുരം, മുംബൈ എയര്‍ ഇന്ത്യ വിമാനം മൂന്ന് മണിക്കൂറിലധികം വൈകിയതിനെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്ര ചെയ്യാന്‍ പരാതിക്കാരന് കഴിഞ്ഞില്ല. ഇതുമൂലം പുതിയ ടിക്കറ്റ് എടുക്കേണ്ടി വരികയും സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്തതായി പരാതിയില്‍ ചൂണ്ടിക്കാട്ടി.
വിമാനം വൈകിയ വിവരം യാത്രക്കാരനെ യഥാസമയം അറിയിച്ചിരുന്നുവെന്നോ ആവശ്യമായ സഹായം നല്‍കിയിരുന്നുവെന്നോ തെളിയിക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി. ഇത് സേവനത്തിലെ ഗുരുതരമായ വീഴ്ചയാണെന്നും യാത്രക്കാരന് സാമ്പത്തിക നഷ്ടവും മാനസിക ക്ലേശവും ഉണ്ടായെന്നും കമ്മീഷന്‍ വിലയിരുത്തി. ഉത്തരവില്‍ സാമ്പത്തിക നഷ്ടപരിഹാരമായി 83,000, മാനസിക ക്ലേശത്തിനുള്ള നഷ്ടപരിഹാരമായി 50,000, കേസ് ചെലവായി 3,000 എന്നിവ ഉള്‍പ്പെടെ ആകെ 1,36,000 ഒരു മാസത്തിനകം നല്‍കാന്‍ എയര്‍ ഇന്ത്യയ്ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. നിശ്ചിത സമയത്തിനകം തുക നല്‍കാത്തപക്ഷം നഷ്ടപരിഹാര തുകയ്ക്ക് വാര്‍ഷിക 9 ശതമാനം പലിശയും നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. പരാതിക്കാരന് വേണ്ടി അഡ്വ. മനോജ് ശ്രീധര്‍, അഡ്വ. ടി.കെ. ജയകുമാരി, അഡ്വ. ദേവലക്ഷ്മി മനോജ്, അഡ്വ. സൂര്യ രാജ് എന്നിവര്‍ ഹാജരായി.