26.8 C
Kollam
Sunday 27th September, 2026 | 01:37:03 AM
Home News Breaking News ‘ഇന്ദിരാ കട്ട്’ വീണ്ടും ചർച്ചയിൽ; ശിവൻകുട്ടിയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണങ്ങൾ

‘ഇന്ദിരാ കട്ട്’ വീണ്ടും ചർച്ചയിൽ; ശിവൻകുട്ടിയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി നിയന്ത്രണത്തെ ചൊല്ലി സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നു. മുൻ മന്ത്രി വി. ശിവൻകുട്ടിയും മുൻ മേയർ വികെ പ്രശാന്തും സാമൂഹ്യമാധ്യമങ്ങളിലൂടെ പരിഹാസവുമായി രംഗത്തെത്തി.

‘ഇതിനെ ഇന്ദിരാ കട്ട് എന്നാണോ വിളിക്കുന്നത്’ എന്ന പോസ്റ്ററാണ് വി ശിവൻകുട്ടി പങ്കുവച്ചത്. ‘ഇന്ദിരാ കട്ട് ഇത്തിരി കൂടുന്നുണ്ട്, ഇന്ന് രണ്ടുവട്ടമായി’ എന്നായിരുന്നു വി കെ പ്രശാന്തിന്റെ പരിഹാസപരമായ പ്രതികരണം.

വൈദ്യുതി ലഭ്യതയിൽ പ്രതീക്ഷിച്ചതിലും കുറവ് വന്നതോടെ ഇന്നലെ രാത്രി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി മുടങ്ങി. രാത്രി 7.15ന് ശേഷമാണ് നിയന്ത്രണം ആരംഭിച്ചത്. മിക്കയിടങ്ങളിലും അരമണിക്കൂറിലധികം വൈദ്യുതി തടസപ്പെട്ടു.

ആദ്യഘട്ടത്തിൽ 300 മെഗാവാട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയതെങ്കിലും പിന്നീട് അത് 700 മെഗാവാട്ടായി ഉയർന്നു. ജൂൺ 30 വരെ പീക്ക് സമയങ്ങളിൽ 15 മുതൽ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കാമെന്ന്
കെ എസ് ഇ ബി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ നിലവിൽ പല സ്ഥലങ്ങളിലും അരമണിക്കൂറിലേറെ വൈദ്യുതി മുടങ്ങുന്ന സ്ഥിതിയാണ്.

മഴ ശക്തമാകാത്ത പക്ഷം പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഹ്രസ്വകാല കരാറുകൾ വഴി ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള അപേക്ഷയിൽ റെഗുലേറ്ററി കമ്മിഷൻ ഈ ആഴ്ച തീരുമാനമെടുക്കുമെന്നാണ് സൂചന. ഡിസംബർ വരെ വൈദ്യുതി ക്ഷാമം തുടരുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. പശ്ചിമ ബംഗാൾ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളുമായി വൈദ്യുതി വാങ്ങുന്നതിനുള്ള കരാർ ശ്രമങ്ങളും പുരോഗമിക്കുകയാണ്. 300 മെഗാവാട്ട് വൈദ്യുതി ബംഗാളിൽ നിന്ന് എത്തിക്കാനാണ് കെഎസ്ഇബി ശ്രമിക്കുന്നത്.