കൊട്ടാരക്കര : കൊല്ലം–ചെങ്കോട്ട റെയിൽപാതയിലെ വിവിധ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടുന്നതിനായി മുടങ്ങിക്കിടന്നിരുന്ന പദ്ധതി റീടെൻഡർ ചെയ്ത് കരാർ നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ചെന്നൈ ആസ്ഥാനമായ ശ്രീ ബാലാജി എന്റർപ്രൈസസിനാണ് പുതുക്കിയ ടെൻഡർ പ്രകാരം പ്രവൃത്തി കരാർ നൽകിയിരിക്കുന്നത്.
നേരത്തെ ഏകദേശം 18 കോടി രൂപ ചെലവ് പ്രതീക്ഷിച്ചിരുന്ന പദ്ധതിയുടെ ആദ്യ ടെൻഡർ റദ്ദായതിനെ തുടർന്ന് പദ്ധതി അനിശ്ചിതത്വത്തിലായിരുന്നു. കൊടിക്കുന്നിൽ സുരേഷ് എംപി റെയിൽവേ മന്ത്രി തലത്തിലും റെയിൽവേ മന്ത്രാലയത്തിലും സതേൺ റെയിൽവേയിലുമടക്കം തുടർച്ചയായി നടത്തിയ ഇടപെടലുകളുടെ ഫലമായാണ് പദ്ധതി വീണ്ടും കാലതാമസം കൂടാതെ 20 ശതമാനത്തിലധികം ഉയർന്ന നിരക്കിൽ ടെൻഡർ ചെയ്ത് മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചത്. പുതുക്കിയ ടെൻഡറിൽ 20.33 കോടി രൂപയ്ക്കാണ് ഇപ്പോൾ കരാർ നൽകിയിരിക്കുന്നത്.
കൊല്ലം–ചെങ്കോട്ട പാതയിലെ ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെയുള്ള സർവീസുകൾക്ക് കൂടുതൽ നീളമുള്ള റേക്കുകൾ ഉപയോഗിക്കുന്നതിനും ഭാവിയിൽ ട്രെയിൻ സർവീസുകൾ വിപുലീകരിക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പ്ലാറ്റ്ഫോം നീളം വർധിപ്പിക്കുന്നത്. കൊല്ലം–ചെങ്കോട്ട റൂട്ടിലെ സ്റ്റേഷനുകളുടെ പട്ടികയിൽ ന്യൂ ആര്യങ്കാവ്,ആര്യങ്കാവ്, തെന്മല, ഇടമൺ, അവണീശ്വരം, കുരി, കൊട്ടാരക്കര, കുണ്ടറ ഈസ്റ്റ്, കുണ്ടറ, ചന്ദനത്തോപ്പ്, കിളിക്കൊല്ലൂർ തുടങ്ങിയ സ്റ്റേഷനുകൾ ഉൾപ്പെടുന്നു. എഴുകോൺ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നിർമ്മാണ പ്രവർത്തനങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
പദ്ധതിയുടെ ഭാഗമായി വിവിധ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകൾ 455 മീറ്റർ മുതൽ 580 മീറ്റർ വരെ നീളത്തിലാക്കുന്നതിനാണ് നിർദേശം. ന്യൂ ആര്യങ്കാവിലെ പ്ലാറ്റ്ഫോം 305 മീറ്ററിൽ നിന്ന് 550 മീറ്ററായും തെന്മലയിലെ പ്ലാറ്റ്ഫോമുകൾ 400 മീറ്ററിൽ നിന്ന് 580 മീറ്ററായും ഇടമണ്ണിലെ പ്ലാറ്റ്ഫോം 400 മീറ്ററിൽ നിന്ന് 520 മീറ്ററായും വർധിപ്പിക്കും. അവണീശ്വരം 548 മീറ്ററിൽ നിന്ന് 578 മീറ്ററായും, കുരി 270 മീറ്ററിൽ നിന്ന് 576 മീറ്ററായും, കൊട്ടാരക്കര 425 മീറ്ററിൽ നിന്ന് 576 മീറ്ററായും നീളം കൂട്ടും.
അതുപോലെ കുണ്ടറ ഈസ്റ്റ്, ചന്ദനത്തോപ്പ് എന്നിവിടങ്ങളിലെ പ്ലാറ്റ്ഫോമുകൾ 576 മീറ്ററായും, കുണ്ടറയിലെ പ്ലാറ്റ്ഫോം 425 മീറ്ററിൽ നിന്ന് 576 മീറ്ററായും, കിളിക്കൊല്ലൂരിലെ പ്ലാറ്റ്ഫോം 405 മീറ്ററിൽ നിന്ന് 576 മീറ്ററായും, ആര്യങ്കാവിലെ പ്ലാറ്റ്ഫോം 265 മീറ്ററിൽ നിന്ന് 455 മീറ്ററായും നീളം കൂട്ടുന്നതിനാണ് പദ്ധതി.
കൊല്ലം–ചെങ്കോട്ട പാതയുടെ വികസനവുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച് പ്ലാറ്റ്ഫോം നീളം വർധിപ്പിക്കണമെന്ന ആവശ്യം കൊടിക്കുന്നിൽ സുരേഷ് എംപി റെയിൽവേ മന്ത്രിയുടെയും ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ നിരന്തരം കൊണ്ടുവന്നിരുന്നു. ആദ്യ ടെൻഡർ റദ്ദായതിനെ തുടർന്ന് പദ്ധതി വീണ്ടും ടെൻഡർ ചെയ്യുന്നതിനും പ്രവൃത്തി തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനും എംപി പ്രത്യേകമായി ഇടപെട്ടിരുന്നു.
“കൊല്ലം–ചെങ്കോട്ട പാതയിലെ പ്ലാറ്റ്ഫോം നീളം കൂട്ടൽ പദ്ധതി ആദ്യ ടെൻഡർ റദ്ദായതിനെ തുടർന്ന് മുടങ്ങിക്കിടക്കുകയായിരുന്നു. പദ്ധതി ഉപേക്ഷിക്കപ്പെടാതെ റീടെൻഡർ ചെയ്ത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി ഉൾപ്പെടെയുള്ളവരുമായി നിരന്തരം ഇടപെട്ടിരുന്നു. അതിന്റെ ഫലമായാണ് ഇപ്പോൾ 20.33 കോടി രൂപയുടെ പുതുക്കിയ ടെൻഡർ നൽകി പ്രവൃത്തി മുന്നോട്ടുകൊണ്ടുപോകുന്നത്. മലയോര മേഖലയിലെ റെയിൽ യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾക്ക് ഈ പദ്ധതി വലിയ ആശ്വാസമാകും,” കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
പ്ലാറ്റ്ഫോം നീളം കൂട്ടൽ പൂർത്തിയാകുന്നതോടെ കൂടുതൽ നീളമുള്ള ട്രെയിൻ റേക്കുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യം ഈ സ്റ്റേഷനുകളിൽ ലഭ്യമാകുകയും ഭാവിയിൽ കൂടുതൽ ട്രെയിൻ സർവീസുകൾ അനുവദിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യ ശേഷി വർധിക്കുകയും ചെയ്യും. കൊല്ലം–ചെങ്കോട്ട പാതയുടെ സമഗ്ര വികസനത്തിനായി റെയിൽവേ മന്ത്രാലയത്തിൽ തുടർന്നും ശക്തമായ ഇടപെടൽ നടത്തുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി. 12 മാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കുവാനാണ് റെയിൽവേ ലഭ്യപ്പെടുന്നത്

































