തിരുവനന്തപുരം: ബിജെപിയിലേക്ക് ചേക്കേറാന്‍ താല്പര്യം കാണിച്ച് പാര്‍ട്ടിയുമായി അടുത്തത് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തന്നെയാണെന്ന തുറന്നുപറച്ചിലുമായി ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ ഗ്യാനേഷ് കുമാര്‍ ക്ഷണിച്ചുവെന്നും ജയിച്ചാല്‍ കേന്ദ്രമന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമുള്ള ജിജി തോംസന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ബിജെപിയിലേക്ക് വരാന്‍ കാട്ടിയ താല്പര്യങ്ങളും മുന്‍കാല നീക്കങ്ങളും ജിജി ജോസഫ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പുറത്തുവിട്ടത്.
രാഷ്ട്രീയ പ്രവര്‍ത്തകര്‍ രഹസ്യമായി നടത്തുന്ന ചര്‍ച്ചകളുടെയും കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ പൊതുവേ പുറത്തുപറയാറില്ലെങ്കിലും മുന്‍ ചീഫ് സെക്രട്ടറി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതിനാലാണ് വസ്തുതകള്‍ വ്യക്തമാക്കുന്നതെന്ന് ജിജി ജോസഫ് കുറിച്ചു. 2017 ജൂണ്‍ 26-ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ ആദരിക്കുന്നതിനായി കൊച്ചിയില്‍ ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച ചടങ്ങിലേക്ക് ജിജി തോംസണെ ക്ഷണിക്കുകയായിരുന്നു. അന്ന് ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന തന്നെ കേരളത്തിലെ സംഘപരിവാറിന്റെ മുതിര്‍ന്ന നേതാവ് നേരിട്ട് വിളിച്ച്, ജിജി തോംസണ്‍ ബിജെപിയോടൊപ്പം വരാന്‍ അതിയായ താല്പര്യം പ്രകടിപ്പിച്ചുനില്‍ക്കുകയാണെന്നും അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിക്കണമെന്നും നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് ജിജി ജോസഫ് വ്യക്തമാക്കി.
ക്ഷണപ്രകാരം പരിപാടിയിലെത്തിയ ജിജി തോംസണ്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ-വികസന നടപടികളെയും വാനോളം പുകഴ്ത്തിയാണ് അന്ന് സംസാരിച്ചത്. ഈ ബിജെപി യോഗത്തില്‍ പങ്കെടുത്തതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടറായി 2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ അദ്ദേഹത്തിന് സുപ്രധാന പദവി ലഭിക്കുകയും ചെയ്തു. ഈ സ്ഥാനങ്ങള്‍ക്കുമപ്പുറം ഇതിലും വലിയ രാഷ്ട്രീയ സ്ഥാനങ്ങളായിരുന്നു അദ്ദേഹം ബിജെപിയിലൂടെ ആഗ്രഹിച്ചിരുന്നതെന്നാണ് തന്റെ സംശയമെന്നും ജിജി ജോസഫ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
മോഹിച്ച വലിയ പദവികള്‍ ലഭിക്കാതെ വന്നതോടെ ‘കിട്ടാത്ത മുന്തിരി പുളിക്കും’ എന്ന മട്ടിലാണ് മുന്‍ ചീഫ് സെക്രട്ടറിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകളെന്ന് അദ്ദേഹം പരിഹസിച്ചു. ജിജി തോംസണ്‍ ബിജെപി നേതൃത്വത്തിനൊപ്പം വേദി പങ്കിട്ടതിന്റെ ചിത്രങ്ങളും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

































