കൊല്ലം–തേനി ദേശീയപാത 183ന്റെ കടവൂർ ബൈപ്പാസ് ജംഗ്ഷൻ മുതൽ ചെങ്ങന്നൂരിന് സമീപം ആഞ്ഞിലിമൂട് വരെയുള്ള 54.37 കിലോമീറ്റർ റീച്ച് 20 മീറ്റർ റൈറ്റ് ഓഫ് വേയിൽ നാലുവരിപ്പാതയായി വികസിപ്പിക്കുന്ന പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ ജിഎസ്ടി വിഹിതമായ 73.18 കോടി നൽകാൻ ഉത്തരവായിരിക്കുകയാണ്.
കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയത്തിന്റെ വ്യവസ്ഥ അംഗീകരിച്ച് സംസ്ഥാന ജിഎസ്ടി വിഹിതം തിരിച്ചുനൽകുന്നതിനാണ് കേരള സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇതോടെ പദ്ധതിയുടെ മുന്നോട്ടുപോക്കിൽ നിർണായകമായിരുന്ന കേന്ദ്ര-സംസ്ഥാന ധനകാര്യ വ്യവസ്ഥയിലെ അനിശ്ചിതത്വത്തിന് വിരാമമായെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.
1,663.15 കോടി ചെലവിൽ നടപ്പാക്കുന്ന പദ്ധതിയിൽ സിവിൽ പ്രവൃത്തികൾക്കും സ്ഥലമേറ്റെടുപ്പിനും കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനും നഷ്ടപരിഹാരത്തിനുമെല്ലാം വലിയ തുകയാണ് വകയിരുത്തിയിട്ടുള്ളത്.
സംസ്ഥാന വിഹിതം സംബന്ധിച്ച തീരുമാനം ഉണ്ടായതോടെ സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കുന്നതിനും പുതുക്കിയ 3A, 3D വിജ്ഞാപനങ്ങൾ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിനുമുള്ള നടപടികൾ ഉടൻ ആരംഭിക്കും. ഇതിനായി സ്പെഷ്യൽ തഹസിൽദാറെയും ആവശ്യമായ ഉദ്യോഗസ്ഥരെയും സംസ്ഥാന സർക്കാർ ഇതിനകം നിയോഗിച്ചിട്ടുണ്ട്.
കൊല്ലം–തേനി പാതയെ ദേശീയപാതയായി ഉയർത്തുന്നതിനുള്ള നടപടികൾ മുതൽ അതിന്റെ വികസനത്തിനായുള്ള കേന്ദ്ര അനുമതി ലഭിക്കുന്നതുവരെ വർഷങ്ങളായി ഈ വിഷയം പാർലമെന്റിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിലും തുടർച്ചയായി ഇടപെടലുകൾ നടത്തിയിട്ടുണ്ട്.
2012 മേയ് 9ന് തന്നെ കൊല്ലം–തേനി ദേശീയപാതയുടെ അലൈൻമെന്റ് സംബന്ധിച്ച് ലോക്സഭയിൽ വിഷയം ഉന്നയിച്ചിരുന്നു. തുടർന്ന് 2024 നവംബർ 28നും 2025 മാർച്ചിലും ദേശീയപാത 183ന്റെ വികസനം സംബന്ധിച്ചും 2026 ഏപ്രിൽ 2നും ഓഗസ്റ്റ് 13നും കടവൂർ–ആഞ്ഞിലിമൂട് റീച്ചിന്റെ വികസനം സംബന്ധിച്ചും ലോക്സഭയിൽ ചോദ്യങ്ങൾ ഉന്നയിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നിരവധിതവണ കൂടിക്കാഴ്ച നടത്തി പദ്ധതിയുടെ വേഗത്തിലുള്ള നടപടികൾക്കായി ഇടപെടലും നടത്തി.
കേന്ദ്രത്തിന്റെ അനുമതി ലഭിച്ചതിന് ശേഷവും സംസ്ഥാനതല നടപടികൾ വൈകാതിരിക്കാനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ. ബഷീറുമായി നേരിൽ കൂടിക്കാഴ്ച നടത്തി നിവേദനം നൽകുകയും, മുഖ്യമന്ത്രി വി. ഡി. സതീശനെയും നേരിൽ കണ്ട് സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇപ്പോൾ സംസ്ഥാനത്തിന്റെ 73.18 കോടിയുടെ ജിഎസ്ടി വിഹിതം സംബന്ധിച്ച തീരുമാനവും ഉണ്ടായിരിക്കുകയാണ്.
മാവേലിക്കര ലോക്സഭാ മണ്ഡലത്തിലൂടെ ഏകദേശം 40 കിലോമീറ്റർ കടന്നുപോകുന്ന ഈ നാലുവരിപ്പാത യാഥാർഥ്യമാകുന്നതോടെ ചിറ്റുമല, ഭരണിക്കാവ്, ശൂരനാട്, ചാരുംമൂട്, ചുനക്കര, കൊല്ലകടവ് തുടങ്ങി നിരവധി പ്രദേശങ്ങളിലെ ഗതാഗത സൗകര്യങ്ങളിൽ വലിയ മാറ്റമുണ്ടാകും. മധ്യതിരുവിതാംകൂറിന്റെ ഗതാഗത-വാണിജ്യ വികസനത്തിനും ഇത് വലിയ പ്രാധാന്യമുള്ള പദ്ധതിയാണ്.
ദേശീയപാത 183ന്റെ വികസനത്തിനായുള്ള ദീർഘകാല പരിശ്രമത്തിന്റെ നിർണായക ഘട്ടമാണ് ഇപ്പോൾ പിന്നിട്ടിരിക്കുന്നത്. സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പദ്ധതി നിർമാണഘട്ടത്തിലേക്ക് എത്തിക്കുകയാണ് ഇനി ലക്ഷ്യം.
ജനങ്ങളുടെ ദീർഘകാല ആവശ്യം യാഥാർഥ്യമാകുന്നതുവരെ ഈ വിഷയത്തിൽ തുടർന്നും ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് കൊടിക്കുന്നില്‍ അറിയിച്ചു.


































