കൊല്ലം: ബിഹാറിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവടക്കം രണ്ടുപേരെ വെടിവെച്ചുകൊന്ന കേസിലെ പ്രതി കൊല്ലത്ത് പിടിയിലായി. ബിഹാർ സീതാമർഹി സ്വദേശി മുഹമ്മദ് അജാജ് അഹമ്മദിനെയാണ് കൊല്ലം ഈസ്റ്റ് പോലീസും ബിഹാർ പോലീസും സംയുക്തമായി നടത്തിയ നീക്കത്തിൽ അറസ്റ്റ് ചെയ്തത്. അതാബുൽ റഹ്മാൻ എന്ന അപരനാമത്തിലും ഇയാൾ അറിയപ്പെടുന്നുണ്ട്.
കൊല്ലം ആണ്ടാമുക്കത്ത് കുടുംബത്തോടൊപ്പം രഹസ്യമായി താമസിച്ചുവരികയായിരുന്ന പ്രതിയെക്കുറിച്ച് ബിഹാർ പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ഇരട്ടക്കൊലപാതകത്തിന് പിന്നാലെ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ കണ്ടെത്താൻ ബിഹാർ പോലീസും കൊല്ലം ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് പിടികൂടിയത്.
ആർജെഡി നേതാവടക്കം രണ്ടുപേരെ വെടിവെച്ചുകൊന്ന കേസിൽ പ്രതിയായ മുഹമ്മദ് അജാജ് അഹമ്മദിനെതിരെ പതിനൊന്നിലധികം ക്രിമിനൽ കേസുകളുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. കൊലപാതകക്കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.
ഇരട്ടക്കൊലപാതകത്തിന് പിന്നിലെ കാരണങ്ങളും പ്രതിയുടെ മറ്റ് ക്രിമിനൽ ബന്ധങ്ങളും സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. ബിഹാറിൽ രജിസ്റ്റർ ചെയ്ത കേസിൽ തുടർനടപടികൾക്കായി പ്രതിയെ അവിടേക്ക് കൊണ്ടുപോകാനുള്ള നടപടികളും പുരോഗമിക്കുകയാണ്.




























