അമൃതപുരി. അമൃത സ്കൂൾ ഓഫ് ആയുർവേദ, അമൃതപുരിയിൽ പുതുതായി പ്രവേശനം നേടിയ 2026 ബാച്ചിലെ ബി.എ.എം.എസ്. വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിനായി ശിഷ്യോപനയനം 2026 സംഘടിപ്പിച്ചു.
രാവിലെ ധന്വന്തരി ഹോമത്തോടെ ആരംഭിച്ച ചടങ്ങിൽ ഭജനം, വേദമന്ത്രപാരായണം, ശിഷ്യോപനയന ചടങ്ങ് എന്നിവ നടന്നു. തുടർന്ന് അമൃതേശ്വരി ഹാളിൽ നടന്ന മുഖ്യപരിപാടി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. അഷ്ടാംഗം ആയുർവേദ കോളേജ് പ്രിൻസിപ്പൽ അഷ്ടവൈദ്യൻ ആലത്തിയൂർ നാരായണൻ നമ്പി മുഖ്യാതിഥിയായി പങ്കെടുത്തു.
അമൃത സ്കൂൾ ഓഫ് ആയുർവേദ ഡയറക്ടർ സ്വാമിനി ഗുരുചരണാമൃത പ്രാണ അനുഗ്രഹപ്രഭാഷണം നടത്തി. അമൃത സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ഡീൻ ഡോ. ബാലകൃഷ്ണൻ ശങ്കർ അമൃത വിശ്വവിദ്യാപീഠത്തെക്കുറിച്ച് ആമുഖപ്രഭാഷണം നടത്തി. അമൃത സ്കൂൾ ഓഫ് ആയുർവേദ പ്രൊഫസറും റിസർച്ച് ഡയറക്ടറുമായ ഡോ. പി. രാമനോഹർ ആശംസാപ്രസംഗം നടത്തി. അമൃത സ്കൂൾ ഓഫ് ആയുർവേദ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. പ്രിയ എസ്. സ്വാഗതം ആശംസിച്ചു. സംഹിത സിദ്ധാന്ത വിഭാഗം മേധാവി ഡോ. ലീന പി. നായർ നന്ദി പ്രകാശിപ്പിച്ചു.
കഴിഞ്ഞ അധ്യയന വർഷത്തിൽ മികച്ച അക്കാദമിക മികവും വിവിധ മേഖലകളിലെ ശ്രദ്ധേയമായ സംഭാവനകളും കാഴ്ചവെച്ച അധ്യാപകരെയും വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. ഗുരുശിഷ്യബന്ധത്തിന്റെയും ഭാരതീയ വിജ്ഞാനപാരമ്പര്യത്തിന്റെയും മഹത്വം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും വിദ്യാഭ്യാസം ജീവിതത്തിനും ഉപജീവനത്തിനും ഒരുപോലെ പ്രയോജനപ്പെടണമെന്ന അമൃതയുടെ ദർശനം ഉയർത്തിക്കാട്ടുന്നതിനും ശിഷ്യോപനയനം 2026 വേദിയായി.

































