Home Education നീറ്റ് ആകാതെ പോകുന്ന ജീവിതങ്ങൾ

നീറ്റ് ആകാതെ പോകുന്ന ജീവിതങ്ങൾ

Advertisement

എൽ സുഗതൻ

ഏതൊരു കുട്ടിയുടെയും അവരുടെ രക്ഷകർത്താവിന്റെയും അതിരറ്റ സ്വപ്നങ്ങൾ പൂവണിയുന്നത് അവരുടെ എത്രയോ കാലത്തെ പ്രയത്നവും പരിശീലനവുംകൊണ്ട് ആയിരിക്കും. ഈ വിഷയത്തിൽ രണ്ട് അഭിപ്രായങ്ങളാണ് പങ്കുവയ്ക്കാനുള്ളത്. ഒരു കുട്ടി വളരെ ചെറുപ്പകാലത്തിലെ തന്റെ സ്വപ്നങ്ങൾക്ക് ചിറകുകൊടുത്ത സ്വയം പറന്നു വലുതാകും. എന്നാൽ ചില കുട്ടികളുടെ കാര്യം അങ്ങനെയല്ല. അവരുടെ കാര്യം തീരുമാനിക്കുന്നത് രക്ഷിതാക്കളും ബന്ധുക്കളും ആയിരിക്കും. അവരുടെ കഴിവോ താല്പര്യമോ ഇഷ്ടങ്ങളോ ആഗ്രഹങ്ങളോ പരിഗണിക്കാതെ മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് അനുസരിച്ച് കുട്ടികളെ അതിലേക്ക് തള്ളി വിടുന്ന കാഴ്ചകളും കുറവല്ല. രണ്ടാമത് പരാമർശിച്ച വിഷയം കാരണമാണ് പല കുട്ടികളുടെയും വിദ്യാഭ്യാസം പകുതിക്ക് വെച്ച് മുറിഞ്ഞു പോവുകയോ ഫലം കാണാതിരിക്കുകയോ ചെയ്യുന്നത്.


ഇത്തരം കുട്ടികളിൽ ആണ് അവരുടെ ജീവിതം പോലും അവസാനിപ്പിക്കുകയോ വീട്ടിൽ നിന്നും പാലായനം ചെയ്യുകയോ ചെയ്യുന്ന അവസ്ഥയുണ്ടാകുന്നത്. പ്രൈമറി ക്ലാസുകളിൽ അഡ്മിഷൻ എടുക്കുന്ന സമയം മുതൽ എന്റെ മകൻ അല്ലെങ്കിൽ മകൾ ഒരു ഡോക്ടർ ആകണം കളക്ടർ ആകണം എന്ന തരത്തിൽ രക്ഷിതാവ് സ്വയം സ്വപ്നം കാണുന്നത്. ഈ പ്രായത്തിൽ കുട്ടിക്ക് ഒന്നും തിരിച്ചറിയാനുള്ള വിവേകമോ ബുദ്ധിയോ അറിവോ കാണില്ല എന്നതാണ് വസ്തുത. എന്നാൽ രക്ഷിതാവിന്റെ ഉള്ളിൽ ആ സ്വപ്നം അണയാതെ വർഷങ്ങളോളം കിടക്കും. സെക്കണ്ടറി സ്കൂൾ വിദ്യാഭ്യാസ സമയത്താണ് ഇത് കൂടുതൽ കരുത്താർജിച്ചു വരുന്നത്. ഈ സമയത്താണ് കുട്ടികൾ ഏറ്റവും കൂടുതൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്നതും. ഈ ഇത്തരം രക്ഷിതാക്കളുടെ താല്പര്യത്തിന് അനുസരിച്ച് നമ്മുടെ രാജ്യത്ത് കൂണുപോലെ മുളച്ചു പൊന്തി ഇരിക്കുകയാണ് പരിശീലന കേന്ദ്രങ്ങളും.

മുകളിൽ പ്രതിപാദിച്ച രണ്ടുതരം മനോഭാവമുള്ള കുട്ടികളെ ഒരേ മനോഭാവത്തോടെയാണ് ഇത്തരം കേന്ദ്രങ്ങൾ സ്വീകരിക്കുന്നത്. അവരുടെ താൽപര്യങ്ങളോ ഇഷ്ടങ്ങളോ ആഗ്രഹങ്ങളോ ഒന്നും അവർ ചോദിക്കാറില്ല. അത് അവരുടെ ബിസിനസിന്റെ ഭാഗം മാത്രമാണ് . അവർ ചെയ്യുന്നത് മാർക്കിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ പ്രത്യേകം പ്രത്യേകം ബാച്ചുകളിലാക്കി അവരുടെ പരമാവധി കഴിവുകൾ ബാഹ്യ സമ്മർദ്ദത്തോടുകൂടി പുറത്തെടുത്ത് റിസൾട്ട് ഉണ്ടാക്കുന്നു. ഇപ്പോൾ രാജ്യത്താകമാനം ആത്മഹത്യ ചെയ്ത കുട്ടികളിൽ ഭൂരിഭാഗവും മാതാപിതാക്കളോട് ക്ഷമ പറഞ്ഞു കൊണ്ടുള്ള കത്തുകൾ എഴുതി വച്ചിട്ടാണ് കടുംകൈ ചെയ്തിട്ടുള്ളത്. ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത് രക്ഷകർത്താവിന്റെ സ്വപ്നങ്ങൾക്ക് അനുസരിച്ച് എന്റെ പരിശ്രമം വിജയം കാണുന്നില്ല എന്ന ഒറ്റബോധം കുട്ടികളെ അമിത സ്ട്രെസ്സിലേക്കും ഡിപ്രഷനിലേക്കും എത്തിച്ചു എന്നുള്ളതാണ്.

കാലം മാറി കഥയും മാറി എന്നു പറഞ്ഞതുപോലെ ലോകത്താകമാനം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് തൊഴിൽ മേഖലയിൽ അനന്തസാധ്യതയാണ് തുറന്നിട്ടുള്ളത്. ഈ കാലഘട്ടത്തിൽ ഒരു വ്യക്തിയുടെ ഏതൊരു കഴിവിനും അവൻ ഉദ്ദേശിക്കുന്നതിലും അപ്പുറം വരുമാനം ലഭ്യമാക്കുന്ന നിരവധി തൊഴിലവസരങ്ങൾ നിലവിലുണ്ട്. ഈ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെ രക്ഷിതാക്കൾ തങ്ങളുടെ സ്വപ്നസാഫല്യത്തിന് വേണ്ടി കുട്ടികളെ ബലിയാടാക്കുകയാണ് ചെയ്യുന്നത്. ഇതിന് തടയിടേണ്ട സമയം അതിക്രമിച്ചു. ചെറുപ്രായത്തിലെ കുട്ടികളുടെ കഴിവും താൽപര്യവും മനസ്സിലാക്കുവാൻ നിരവധി ശാസ്ത്രീയ സംവിധാനങ്ങൾ നിലവിലുണ്ട്. ഓരോ വ്യക്തിക്കും ഉള്ള കഴിവുകൾ വിഭിന്നമാണ്. ആ കഴിവും താൽപര്യവും അനുസരിച്ച് അവനെ വഴി തിരിച്ചു വിടുമ്പോൾ അവരുടെ സ്വപ്നങ്ങൾക്ക് അപ്പുറമുള്ള നിലയിലേക്ക് അവർ എത്തിച്ചേരുന്നു. ഇത് നമ്മുടെ സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും വളർച്ചയ്ക്ക് പിന്തുണയേകും എന്ന കാര്യത്തിൽ തർക്കമില്ല. ആയതിനാൽ കേരളത്തിലെ ഓരോ കുട്ടികളിലെയും കഴിവുകൾ പത്താം ക്ലാസിനു മുമ്പ്
എല്ലാ സ്കൂളുകളിലും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നിർബന്ധമാക്കണം.


സംസ്ഥാന അധ്യാപക അവാർഡ് ജേതാവും , വിദ്യാഭ്യാസ പ്രവർത്തകനുമാണ് ലേഖകന്‍
949624107

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here