ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർത്ഥികൾക്ക് മാപ്പ് നൽകാൻ പ്രധാനമന്ത്രി ആരാണെന്ന് ചോദിച്ച രാഹുൽ ഗാന്ധി, പ്രധാനമന്ത്രി വിദ്യാർത്ഥികളോട് മാപ്പ് പറയുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ടു. ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ തന്നെ അധിക്ഷേപിച്ച വിദ്യാർത്ഥികളോട് ക്ഷമിക്കുന്നുവെന്ന മോദിയുടെ പ്രസ്താവനയ്ക്കെതിരെ ആണ് രാഹുൽ ഗാന്ധി വീണ്ടും രംഗത്തെത്തിയത്. ഡൽഹിയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിച്ച രാഹുൽ ഗാന്ധി, ആർഎസ്എസിനെയും വിമർശിച്ചു.
Also Read: ദുബായില്‍ വാഹന ഷോറൂമില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കൊട്ടാരക്കര സ്വദേശി മരിച്ചു
“നമ്മുടെ രാജ്യം ഒരു വിചിത്രമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. വിദ്യാർത്ഥികൾ തെരുവിലാണ്, അവർ കടുത്ത വേദനയിലാണ്, അവർ പരീക്ഷകളിൽ നീതിയും കാര്യക്ഷമമായ ഒരു വിദ്യാഭ്യാസ സമ്പ്രദായവും ആവശ്യപ്പെടുന്നു. മറുവശത്ത്, അവർക്ക് മാപ്പ് നൽകുന്ന ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. അവരോട് ക്ഷമിക്കാൻ അദ്ദേഹം ആരാണ് എന്ന് എനിക്കറിയില്ല”- രാഹുൽ ഗാന്ധി പറഞ്ഞു.
വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രിയുടെ മാപ്പ് ആവശ്യമില്ല. പകരം മാപ്പ് പറയുകയാണ് വേണ്ടത്. ഇന്ത്യയുടെ ഭാവിയായ ഇവരോട് ക്ഷമിക്കാൻ തനിക്ക് അവകാശമുണ്ടെന്ന ചിന്ത അദ്ദേഹത്തിന് എവിടെ നിന്നാണ് ലഭിച്ചതെന്ന് അറിയില്ല. പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുടെയും പ്രത്യേകിച്ച് ആർഎസ്എസിന്റെയും ചിന്താഗതിക്ക് പിന്നിൽ വളരെ അപകടകരവും ദോഷകരവുമായ ഒരു ആശയമുണ്ട് ഇന്ത്യയിലെ വൈവിധ്യമാർന്ന സംസ്ഥാനങ്ങളുടെ ചരിത്രങ്ങളും സ്വത്വങ്ങളും ഭാഷകളും പ്രസക്തമല്ലെന്നും ആർഎസ്എസ് നിർവചിക്കുന്ന ഭാഷയും ചരിത്രവും മാത്രമാണ് പ്രധാനമെന്നും ഈ ആളുകൾ വിശ്വസിക്കുന്നു. അതുകൊണ്ടാണ് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയിരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
തങ്ങളുടെ സംസ്കാരങ്ങളും ഭാഷകളും ചരിത്രങ്ങളും ആരെങ്കിലും ചവിട്ടിമെതിക്കുന്നത് ഇന്ത്യ ഒരിക്കലും അംഗീകരിക്കില്ല. അവർ ഇന്ത്യയെന്ന ആശയത്തെ തങ്ങളുടേതായ രീതിയിൽ പ്രതിരോധിക്കുകയാണ്. ആർഎസ്എസിന് നമ്മുടെ ചരിത്രം മാറ്റാൻ കഴിയില്ല. നമ്മുടെ ചരിത്രം ആരെങ്കിലും ചവിട്ടിമെതിക്കുന്നത് ഇന്ത്യ വെച്ചുപൊറുപ്പിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് തനിക്കും തൻ്റെ അമ്മയ്ക്കുമെതിരെ അധിക്ഷേപ പരാമർശം നടത്തിയ പ്രതിഷേധക്കാരോട് ക്ഷമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. അവർ വഴിതെറ്റിപ്പോയ കുട്ടികളാണെന്നും അവരെ നേർവഴിയിലൂടെ നടത്തുക എന്നതാണ് തങ്ങളുടെ ജോലിയെന്നും മോദി പറഞ്ഞിരുന്നു. ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് നടപടിയിൽ രാഹുൽ ഗാന്ധി കഴിഞ്ഞ ആഴ്ച ലോക്സഭയിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ചിരുന്നു. അമിത് ഷാ സഭയിൽ എത്തിരുന്നത് ഭയന്നിട്ടാണെന്നും രാഹുൽ അഭിപ്രായപ്പെട്ടിരുന്നു.


































