നെയ്യാറ്റിൻകര: ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ട സ്വർണ ലോക്കറ്റ് കണ്ടെത്തി ഉടമയ്ക്ക് നൽകിയ വനിതാ കണ്ടക്ടറെ ആദരിച്ച് കെഎസ്ആർടിസി. പഴയകട കുളത്തൂർ സ്വദേശിനി ആർ.എൽ. ആതിരയ്ക്കാണ് മഞ്ചവിളാകംവഴി കാരക്കോണത്തേക്കുള്ള ബസ് യാത്രയ്ക്കിടെ മാലയുടെ സ്വർണ ലോക്കറ്റ് നഷ്ടപ്പെട്ടത്. തെരച്ചിൽ നടത്തിയെങ്കിലും കിട്ടിയില്ല. തുടർന്നുള്ള യാത്രയിൽ ലോക്കറ്റ് കണ്ടക്ടർ ബി എസ് സുമയുടെ ശ്രദ്ധയിൽപ്പെട്ടു.
ടിക്കറ്റ് നൽകിയ ശേഷം സീറ്റിൽ ഇരിക്കുമ്പോഴാണ് സുമ സ്വർണ ലോക്കറ്റ് സീറ്റിനടയിൽ കണ്ടത്. ഉടനെ ബസിലുള്ളവർക്ക് ലോക്കറ്റ് നഷ്ടമായിട്ടുണ്ടോ എന്ന് അന്വേഷിച്ചു. ഇല്ലെന്ന് അറിഞ്ഞതോടെ വിവരം നെയ്യാറ്റിൻകര സ്റ്റേഷൻ മാസ്റ്റർക്ക് കൈമാറി. ട്രിപ്പ് പൂർത്തിയാക്കി ഡിപ്പോയിൽ മടങ്ങിയെത്തുമ്പോഴേക്കും ലോക്കറ്റ് നഷ്ടപ്പെട്ട ആതിരയും ഭർത്താവും ഡിപ്പോയിൽ എത്തിയിരുന്നു. ആതിരയുടെ വിവാഹമാലയിലെ അരപ്പവന്റെ ലോക്കറ്റാണ് നഷ്ടപ്പെട്ടത്.
ലോക്കറ്റ് ആതിരയുടേതാണ് എന്ന് ഉറപ്പുവരുത്തിയശേഷം എടിഒ യുടെ നിർദേശപ്രകാരം ഉടമയ്ക്ക് കൈമാറി. എടിഒ കെ ജി സൈജു, കണ്ടക്ടർ ബി എസ് സുമ, ഡ്രൈവർ പ്രദീപ്കുമാർ, ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ പി വിനോദ്കുമാർ, സ്റ്റേഷൻ മാസ്റ്റർ ബൈജു, ബാരിഷ ബീവി എന്നിവർ ചേർന്നാണ് ആതിരയ്ക്ക് ലോക്കറ്റ് നൽകിയത്. അഭിനന്ദനാർഹമായ പ്രവൃത്തിയാണ് കണ്ടക്ടറുടെയും ഡ്രൈവറുടെയും ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് അറിയിച്ചുകൊണ്ട് സുമയെയും പ്രദീപ് കുമാറിനെയും കെഎസ്ആർടിസി ആദരിച്ചു.






























