തിരുവനന്തപുരം: മാർത്തോമ്മാ സഭയുടെ തിരുവനന്തപുരം-കൊല്ലം ഭദ്രാസനത്തിലെ തിരുവനന്തപുരം സെന്ററിലെ ഇടവകകൾ സംഘടിപ്പിക്കുന്ന “മാർത്തോമ്മാ സംഗമം-2026” നാളെ (ആഗസ്റ്റ് 30 ഞായറാഴ്ച) മുക്കോലയ്ക്കൽ സെന്റ് തോമസ് സ്കൂൾ ക്യാമ്പസിലെ ഡോ. ജോസഫ് മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ രാവിലെ 8 ന് വിശുദ്ധ കുർബാന യോടെ ആരംഭിക്കും.
“ജീവിതത്തിന്റെ ഏടുകളും, ബന്ധത്തിന്റെ കണ്ണികളും – ഒരു കുടുംബദർശനം” എന്നതാണ് ഈ വർഷത്തെ സംഗമത്തിന്റെ ചിന്താവിഷയം.
കുടുംബബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പരസ്പര വിശ്വാസത്തിലും സ്നേഹത്തിലും കുടുംബ ജീവിതവും ആത്മീയതയിൽ അടിസ്ഥാനപ്പെട്ട മൂല്യ വർധിത സാമൂഹ്യ ക്രമങ്ങളും വളർത്തുന്നതിന് അവസരമൊരുക്കുകയെന്നതാണ് സംഗമത്തിന്റെ ലക്ഷ്യം. സംഗമത്തോടനുബന്ധിച്ച് യുവജനങ്ങൾക്കും സൺഡേസ്കൂൾ കുട്ടികൾക്കുമായി പ്രത്യേക പരിപാടികൾ ക്രമികരിച്ചിട്ടുണ്ട്.
ഭദ്രാസന അദ്ധ്യക്ഷൻ ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പയുടെ നേതൃത്വത്തിലുള്ള വിശുദ്ധ കുർബാനയെ തുടർന്ന് നടക്കുന്ന മാർത്തോമ്മാ സംഗമം ഡോ ഐസക് മാർ ഫിലക്സിനോസ് ഉദ്ഘാടനം ചെയ്യും.
റവ. ഡോ. കെ. തോമസ്, റവ. ടോണി ഈപ്പൻ വർഗീസ്, ബ്രിജിൻ ജോർജ്ജ് ഫിലിപ്പ് എന്നിവർ വിവിധ പഠന ക്ലാസുകൾക്ക് നേതൃത്വം നൽകുമെന്ന് റവ. ഷിബു ഓ പ്ലാവിള അറിയിച്ചു.

































