കൊല്ലം: കുളത്തൂപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആൺകുഞ്ഞിന് ജന്മം നൽകി. പെൺകുട്ടിക്കൊപ്പം താമസിച്ചിരുന്ന മൈലമൂട് സ്വദേശിയായ 17കാരനെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
പറവൂർ സ്വദേശിനിയായ പെൺകുട്ടിയും 17കാരനും ഏറെനാളായി ഒരുമിച്ച് താമസിക്കുകയായിരുന്നു. പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞ് ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും പ്രായം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ തയ്യാറായിരുന്നില്ല. ആശുപത്രി രേഖകളിൽ പെൺകുട്ടിയുടെ പ്രായം 18 വയസെന്നാണ് രേഖപ്പെടുത്തിയിരുന്നത്.
കഴിഞ്ഞ ദിവസം കടുത്ത വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെവെച്ചാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായത്.
ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് 17കാരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിയും കുഞ്ഞും സുഖമായിരിക്കുന്നതായി ആരോഗ്യപ്രവർത്തകർ അറിയിച്ചു.


























