മലപ്പുറം എടവണ്ണയിൽ ഉപേക്ഷിക്കപ്പെട്ട കാറിൽ നിന്നും എം.ഡി.എം.എ കണ്ടെടുത്ത കേസിൽ പ്രതികൾ അറസ്റ്റിലായി. എളങ്കൂർ മഞ്ഞപ്പറ്റ സ്വദേശി ഫസിലുൽ റഹ്മാൻ, ഭാര്യയുടെ സഹോദരൻ ജാഫർ സാദിക്ക് എന്നിവരെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.ഇവരിൽ നിന്ന് 5 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു.
എടവണ്ണ ഒറ്റപോക്കിൽ ഉപേക്ഷിക്കപ്പെട്ട കാറിൽ നിന്നും 20 ഗ്രാം എംഡി എം എയും 2 ലക്ഷം രൂപയുമാണ് പൊലീസ് കണ്ടെടുത്തത്.
കഴിഞ്ഞമാസം 17നാണ് കേസിനാസ്പദമായ സംഭവം.
നിലമ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എടവണ്ണ ഒറ്റപ്പൊക്കിൽ താമസിക്കുന്ന യുവതിയുടെ വീട്ടിലേക്ക് പരിശോധനയ്ക്കായി എത്തിയതായിരുന്നു പോലീസ്. യുവതിയെ കാണാനായി ഈ സമയം അവിടെ എത്തിയ ഫസിലുൽ റഹ്മാൻ പോലീസിനെ കണ്ടു സ്വിഫ്റ്റ് കാർ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിൽ നിന്നും 20 ഗ്രാം Mdma യും, 2 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു.
ഒളിവിൽ പോയ ഫസിലുറഹ്മാൻ നിലമ്പൂരിൽ നിന്നും എടവണ്ണ ഭാഗത്തേക്ക് വരുന്നുണ്ടെന്ന് രഹസ്യവിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ എടവണ്ണയിൽ വെച്ച് പോലീസ് കാർ തടയുകയായിരുന്നു.
പോലീസിനെ വെട്ടിച്ച് അമിത വേഗതയിൽ കാർ ഓടിച്ചു പോയ പ്രതിയെ പിന്തുടർന്ന് ഡാൻസാഫ് സംഘം പിടികൂടുകയായിരുന്നു. അക്രമാസക്തനായ ഫസിലുൽ റഹ്മാൻ കാറിന്റെ ഗ്ലാസ് പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി.
പരിശോധനയിൽ കാറിൽ നിന്നും 5 ഗ്രാം Mdma യും 23650 രൂപയും, Mdma തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും, ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് പൈപ്പും കണ്ടെടുത്തു. നേരത്തെ ഉപേക്ഷിച്ചു കടന്ന സ്വിഫ്റ്റ് കാറിന്റെ RC ഓണർ ആണ് ഇപ്പോൾ പിടിയിലായ ജാഫർ സാദിഖ്. 9.31 ഗ്രാം Mdma യുമായി ഫസിലുൽ റഹ്മാനെ കഴിഞ്ഞവർഷം മഞ്ചേരി പോലീസും പിടികൂടിയിരുന്നു.






























