വടകര MDMA കേസിൽ പൊലീസിൻ്റെ നിർണ്ണായക കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ അധ്യാപികമാർ ഉൾപ്പെടെ സ്ത്രീകളെ ലഹരി സംഘത്തിലെത്തിച്ചത് പിടിയിലായ കൂത്താളി സ്വദേശി അനസ്. പരിചയപ്പെടുന്നവരെ അനസ് വലയിലാക്കുന്നത് ലഹരി നൽകിയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയുമെന്ന് കണ്ടെത്തൽ…
സ്ത്രീകളെ രാസലഹരി നൽകിയ ശേഷം ലൈംഗിക ചൂഷണത്തിനിരയാക്കി ദൃശ്യങ്ങൾ പകർത്തും. തുടർന്ന് ഭീഷണിയിലൂടെ ലഹരി സംഘത്തിലേക്ക് എത്തിക്കും. പിന്നീട് ഇവരെ കാരിയർമാരാക്കുകയുമാണ് അനസിന്റെ രീതി. ഇങ്ങനെ നിരവധി സ്ത്രീകളെ അനസ് രാസലഹരി മാഫിയക്ക് കീഴിൽ എത്തിച്ചെന്നാണ് പോലീസ് നൽകുന്ന സൂചന.
വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ കീർത്തന,കാവ്യ എന്നിവരുമായുള്ള സാമ്പത്തിക ഇടപാടുകളിലെ പ്രധാനി അനസാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കീർത്തന അനസിന്റെ കൂത്താളിയിലുള്ള വീടിനടുത്ത് വാടകക്ക് താമസിച്ചിരുന്നു. അവിടെ വെച്ചാണ് ഇരുവരും പരിചയത്തിലാകുന്നത്. പിന്നാലെ കീർത്തന വഴി സംഘത്തെ വിപുലപ്പെടുത്തി.
കൂടുതൽ സ്ത്രീകൾ ലഹരി സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും സെക്സ് റാക്കറ്റുമായി അനസിന് ബന്ധമുണ്ടോ എന്നുംപോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. അതേസമയം പൊലീസിനെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന അനസിനെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.






























