27.7 C
Kollam
Monday 5th October, 2026 | 08:58:49 PM
Home News Breaking News ലോക കാൻസർ കോൺഗ്രസിൽ കേരളത്തിൻ്റെ ശക്തമായ സാന്നിധ്യം; ആഗോള സഹകരണത്തിൻ്റെ പുത്തൻ മാതൃകയുമായി ‘ആമ്പോക്’

ലോക കാൻസർ കോൺഗ്രസിൽ കേരളത്തിൻ്റെ ശക്തമായ സാന്നിധ്യം; ആഗോള സഹകരണത്തിൻ്റെ പുത്തൻ മാതൃകയുമായി ‘ആമ്പോക്’

തിരുവനന്തപുരം: കേരളത്തിലെ കാൻസർ ചികിത്സാ രംഗത്തിന് ആഗോളതലത്തിൽ പുതിയ അവസരങ്ങൾ തുറന്നു നൽകിക്കൊണ്ടും കാൻസർ ചികിത്സാ രംഗത്ത്‌ പുത്തൻ മാതൃക നൽകിക്കൊണ്ടും അസോസിയേഷൻ ഓഫ് മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ്സ് ഓഫ് കേരള (AMPOK)-യുടെ 11 അംഗ പ്രതിനിധിസംഘം ഹോങ്കോങ്ങിൽ നടന്ന വേൾഡ് കാൻസർ കോൺഗ്രസ് 2026-ൽ പങ്കെടുത്ത ശേഷം തിരിച്ചെത്തി.

Also Read: സ്മൃതി ഇറാനിയും ഹർദീപ് സിങ് പുരിയും ഇല്ല; യുപിയിലെ രാജ്യസഭാ തെര‍ഞ്ഞെടുപ്പിൽ എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി

AMPOK സെക്രട്ടറി ഡോ. ബോബൻ തോമസ് നേതൃത്വം നൽകിയ സംഘം 2026 സെപ്റ്റംബർ 24 മുതൽ 26 വരെ നടന്ന കോൺഗ്രസിൽ കേരളത്തിൻ്റെ ശാസ്ത്രീയ മികവും ആരോഗ്യരംഗത്തെ നേട്ടങ്ങളും ലോക വേദിയിൽ അവതരിപ്പിച്ചു.

ലോകത്തിലെ ഏറ്റവും വലിയ കാൻസർ നിയന്ത്രണ ശൃംഖലയായ യൂണിയൻ ഫോർ ഇന്റർനാഷണൽ കാൻസർ കൺട്രോൾ (UICC) സംഘടിപ്പിച്ച വേൾഡ് കാൻസർ കോൺഗ്രസ്, കാൻസർ പ്രതിരോധം, രോഗനിർണയം, ചികിത്സ, ഗവേഷണം, രോഗിജീവിത നിലവാരം, ആരോഗ്യനയം എന്നിവയുമായി ബന്ധപ്പെട്ട ആഗോള തലത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട സമ്മേളനമാണ്. 120-ലധികം രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഗവേഷകർ, ഡോക്ടർമാർ, ആരോഗ്യനയ വിദഗ്ധർ, രോഗിപ്രതിനിധികൾ, സർക്കാർ പ്രതിനിധികൾ എന്നിവരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.

കേരളത്തിൻ്റെ ഗവേഷണ മികവ് ആഗോള വേദിയിൽ

AMPOK അംഗങ്ങളുടെ മൂന്ന് പഠനങ്ങളുടെ അവതരണവും ആറു ഗവേഷണ പോസ്റ്റർ അവതരണവും കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ കാൻസർ ചികിത്സാ മേഖലയിൽ നടപ്പിലാക്കുന്ന മികച്ച ചികിത്സാ മാതൃകകളും ഗവേഷണ പ്രവർത്തനങ്ങളും ഇതിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടി.

ലോകപ്രശസ്ത കാൻസർ സംഘടനകളുമായി സഹകരണം

ശാസ്ത്രീയ സെഷനുകൾക്കപ്പുറം, AMPOK പ്രതിനിധിസംഘം ലോകത്തെ പ്രമുഖ ആരോഗ്യസംഘടനകളുടെയും കാൻസർ സ്ഥാപനങ്ങളുടെയും നേതാക്കളുമായി കൂടിക്കാഴ്ചകൾ നടത്തി.

നിലവിലെ UICC പ്രസിഡന്റ് ഡോ. ഉൽറിക്ക ഓറിഹെഡ് കാഗ്സ്ട്രോം, പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. സൈനബ് ഷിങ്കാഫി-ബഗുഡു, CEO ഡോ. കാരി ആഡംസ് എന്നിവരുമായി നടത്തിയ ചർച്ചകളിൽ കേരളവുമായി കാൻസർ ഗവേഷണ രംഗത്തെ സഹകരണവും ഗ്രാമീണ തലത്തിലേക്കുള്ള ചികിത്സാ സേവനങ്ങളുടെ വ്യാപനവും പ്രധാന വിഷയങ്ങളായി.

ലോകത്തിലെ ഏറ്റവും വലിയ ഓങ്കോളജി സംഘടനയായ അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജി (ASCO)-യുടെ പ്രസിഡന്റ് ഡോ. എലിസബത്ത് മിറ്റെൻഡോർഫ്, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജൂലി ഗ്രാലോ എന്നിവരുമായി നടത്തിയ ചർച്ചകൾ കേരളത്തിലെ നഴ്സുമാർക്കും യുവ ഡോക്ടർമാർക്കും ഓൺലൈൻ അന്താരാഷ്ട്ര പരിശീലന പദ്ധതികൾ ആരംഭിക്കുന്നതിനും അമേരിക്കൻ സർവകലാശാലകളുമായുള്ള അക്കാദമിക് സഹകരണത്തിനും വഴിതുറന്നു.

ടാറ്റ മെമ്മോറിയൽ ആശുപത്രി ഡയറക്ടറും നാഷണൽ കാൻസർ ഗ്രിഡ് കൺവീനറുമായ ഡോ. സി. എസ്. പ്രമേഷ്-നൊപ്പം നടത്തിയ വിശദമായ ചർച്ചകളിൽ കേരളത്തിലെ ആശുപത്രികൾക്കായി കാൻസർ മരുന്നുകളുടെ സംയുക്ത വാങ്ങൽ, ദേശീയ ട്യൂമർ ബോർഡുകളിൽ പങ്കാളിത്തം, ആരോഗ്യ സേവന ഗവേഷണം തുടങ്ങിയ പദ്ധതികൾക്ക് രൂപരേഖയായി.

ഹോങ്കോംഗ് ആന്റി-കാൻസർ സൊസൈറ്റി ചെയർപേഴ്സൺ പട്രീഷ്യ ചു-വുമായുള്ള കൂടിക്കാഴ്ചയിൽ ഏഷ്യൻ ജനവിഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള സംയുക്ത ക്ലിനിക്കൽ ഗവേഷണങ്ങളും ഗവേഷണ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും ചർച്ചയായി. നാഷണൽ കാൻസർ സെന്റർ കൊറിയ ഡയറക്ടർ ഡോ. യാങ് ഹാൻ-ക്വാങ്, നാഷണൽ കാൻസർ സെന്റർ ചൈന ഡയറക്ടർ ഡോ. ജീ ഹേ എന്നിവരുമായി വിദ്യാർത്ഥി കൈമാറ്റ പദ്ധതികൾ, ഗവേഷണ സഹകരണം, പരിശീലന അവസരങ്ങൾ എന്നിവ സംബന്ധിച്ച് തീരുമാനിച്ചു .

ഇതിനുപുറമേ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (IARC)-ലെ ഡോ. പാർഥ ബസു, മൾട്ടിനാഷണൽ അസോസിയേഷൻ ഓഫ് സപ്പോർട്ടീവ് കെയർ ഇൻ കാൻസർ (MASCC)-ലെ ഡോ. ഫ്‌ളോറിയൻ സ്‌കോട്ട്, ഡാനാ-ഫാർബർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് & ഹാർവാർഡ് ടി. എച്ച്. ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്-ലെ ഡോ. തിമോത്തി റെബെക്ക്, ഡാനിഷ് കാൻസർ സൊസൈറ്റി ഡയറക്ടർ ഡോ. ജെസ്പർ ഫിസ്കർ എന്നിവരുമായും കേരള പ്രതിനിധിസംഘം ആശയവിനിമയം നടത്തി.

കേരളത്തിലെ കാൻസർ ചികിത്സയ്ക്ക് പുതിയ വഴിത്തിരിവ്

ഹോങ്കോങ്ങിൽ ആരംഭിച്ച ഈ ആഗോള സഹകരണങ്ങൾ കേരളത്തിലെ കാൻസർ ചികിത്സാ രംഗത്തിന് വൻ മുന്നേറ്റമുണ്ടാക്കുമെന്ന് AMPOK പ്രതീക്ഷിക്കുന്നു. ഇതിലൂടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന അവസരങ്ങൾ വിപുലമാകും. ബഹുരാഷ്ട്ര ഗവേഷണ പദ്ധതികളിൽ കേരളത്തിന് പങ്കാളിത്തം ലഭിക്കും. കാൻസർ മരുന്നുകളുടെ ലഭ്യതയും താങ്ങാനാവുന്ന നിരക്കിലുള്ള ചികിത്സയും മെച്ചപ്പെടും. രോഗികേന്ദ്രീകൃത പരിചരണ മാതൃകകൾ കൂടുതൽ ശക്തിപ്പെടും. സർവൈവർഷിപ്പ്, പാലിയേറ്റീവ്, സപ്പോർട്ടീവ് കെയർ മേഖലകൾ കൂടുതൽ വികസിക്കും. വിദ്യാർത്ഥി, ഗവേഷക കൈമാറ്റ പദ്ധതികൾ ആരംഭിക്കും.

2027 ഡിസംബറിൽ കേരള കാൻസർ കോൺക്ലേവ് 2.0

2025-ൽ വിജയകരമായി സംഘടിപ്പിച്ച കേരള കാൻസർ കോൺക്ലേവിന്റെ തുടർച്ചയായി 2027 ഡിസംബറിൽ കേരള കാൻസർ കോൺക്ലേവ് 2.0 സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് AMPOK. ഹോങ്കോങ്ങിൽ രൂപപ്പെട്ട അന്താരാഷ്ട്ര ബന്ധങ്ങളെയും സഹകരണങ്ങളെയും ഈ വേദിയിലേക്ക് കൊണ്ടുവന്ന് ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള കാൻസർ സമ്മേളനങ്ങളിലൊന്നാക്കി മാറ്റുകയാണ് ലക്ഷ്യം.

കേരള സർക്കാർ, ആശുപത്രികൾ, ഗവേഷണ സ്ഥാപനങ്ങൾ, രോഗി സംഘടനകൾ, അന്താരാഷ്ട്ര പങ്കാളികൾ എന്നിവരുമായി കൈകോർത്തുകൊണ്ട് സംസ്ഥാനത്തെ സമഗ്ര കാൻസർ പരിചരണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് AMPOK പരിശ്രമിക്കുന്നത് .

പ്രതീക്ഷയും പരിചരണവും കൈകോർക്കുമ്പോൾ

“വേൾഡ് കാൻസർ കോൺഗ്രസ് ഒരു അന്താരാഷ്ട്ര സമ്മേളനം മാത്രമായിരുന്നില്ല. കേരളത്തിലെ രോഗികൾക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന ബന്ധങ്ങളും സഹകരണങ്ങളും സൃഷ്ടിക്കാനുള്ള അപൂർവ അവസരമായിരുന്നു അത്. ലോകത്തെ മികച്ച വൈദഗ്ധ്യവും അറിവും കേരളത്തിലെ ഓരോ രോഗിയിലേക്കും എത്തിക്കുക എന്ന ഒ ലക്ഷ്യത്തോടെയാണ് എല്ലാ ചർച്ചകളും നടന്നത് .” AMPOK സെക്രട്ടറി ഡോ. ബോബൻ തോമസ് പറഞ്ഞു.

“ഓരോ കാൻസർ രോഗനിർണയത്തിന്റെയും പിന്നിൽ പ്രതീക്ഷ തേടുന്ന ഒരു കുടുംബമുണ്ട്. ഓരോ ചികിത്സാ യാത്രയുടെയും പിന്നിൽ ധൈര്യത്തോടെ പോരാടുന്ന ഒരു മനുഷ്യനുണ്ട്. ഹോങ്കോങ്ങിൽ ആരംഭിച്ച ഈ സഹകരണങ്ങളുടെ അന്തിമ ലക്ഷ്യം കേരളത്തിലെ ഓരോ രോഗിക്കും മികച്ച ചികിത്സയും പിന്തുണയും ഉറപ്പാക്കുക എന്നതാണ്. കാൻസറിനെതിരായ പോരാട്ടത്തിൽ ഒരു രോഗിയും ഒറ്റപ്പെട്ടവനായി മാറരുത് .”ഡോ. ബോബൻ തോമസ് അഭിപ്രായപ്പെട്ടു

ആഗോള വൈദഗ്ധ്യവും പ്രാദേശിക പ്രതിബദ്ധതയും ഒരുമിച്ച് ചേരുമ്പോൾ കേരളത്തിലെ കാൻസർ പരിചരണം പുതിയ ഉയരങ്ങളിലേക്ക് എത്തുമെന്ന ആത്മവിശ്വാസത്തോടെയാണ് AMPOK മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു .

LEAVE A REPLY

Please enter your comment!
Please enter your name here