മലപ്പുറം. തിരൂര്‍ പുറത്തൂര്‍ പടിഞ്ഞാറെക്കരയില്‍ കാണാതായ ദമ്പതികളിൽ ഭാര്യയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി.കൊലപ്പെടുത്തി ചാക്കിൽ കെട്ടി താഴ്ത്തിയ നിലയിലാണ് ഫൗസിയയുടെ മൃതദേഹം ലഭിച്ചത്.തിരൂർ – പൊന്നാനി പുഴയിൽ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.ഭർത്താവ് ഹുസൈനെ കണ്ടെത്താനായില്ല.
ഇന്നലെയാണ് ദമ്പതിമാരെ കാണാതായത്,ബുധനാഴ്ച രാത്രി ബീച്ച് പ്രദേശത്തേക്ക് പോയ ഫൗസിയയും ഭർത്താവ് ഹുസൈനും വ്യാഴാഴ്ച വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ഫൗസിയയുടെ മകൻ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും ചെയ്തു. ഫോൺ ലൊക്കേഷൻ പുറത്തൂർ ബസ് സ്റ്റാൻഡിന് സമീപമുള്ള പ്രദേശത്താണ് അവസാനമായി കണ്ടെത്തിയതെന്നാണ് വിവരം.
ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നതായും ഹുസൈൻ മദ്യപിച്ച ശേഷം ഫൗസിയയെ മർദിക്കാറുണ്ടായിരുന്നതായും പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. ബുധനാഴ്ച രാവിലെയും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടെ ഫൗസിയ ആധാർ കാർഡും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള സാധനങ്ങൾ നശിപ്പിച്ച് വീട്ടിൽനിന്ന് പോയിരുന്നു. പിന്നീട് മദ്യപിച്ച നിലയിൽ രാത്രിയിൽ വീട്ടിലെത്തി ഉറങ്ങുകയായിരുന്നു.
വ്യാഴാഴ്ച തീരപ്രദേശത്ത് കൂടുതൽ മത്സ്യം ലഭിക്കുന്നുണ്ടെന്ന് പറഞ്ഞ് ഫൗസിയയെ മീൻ ശേഖരിക്കാനായി ഹുസൈൻ കൊണ്ടുപോയതായാണ് പരാതിയിലുള്ളത്. മകനെയും മകളെയും വീട്ടിൽ നിർത്തിയാണ് ഫൗസിയ ഭർത്താവിനൊപ്പം പോയത്. തുടർന്ന് ഇരുവരെയും കാണാതാവുകയായിരുന്നു.
മകൻ പടിഞ്ഞാറേക്കരയിലെ ഐസ് കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഫൗസിയ വിവിധ വീടുകളിൽ വീട്ടുജോലി ചെയ്തുവരികയായിരുന്നു. മകൾ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോൾ അമ്മയെ കാണാതായതിനെ തുടർന്ന് അയൽവാസികളോട് അന്വേഷിച്ചെങ്കിലും പകൽ സമയത്ത് ഫൗസിയയെ കണ്ടിട്ടില്ലെന്നാണ് ലഭിച്ച വിവരം. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ഹുസൈനെ കണ്ടെത്തിയ ശേഷമേ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വ്യക്തമാകൂ.


































