Home Blog Page 780

ഔദ്യോഗിക വാഹനം ഉപേക്ഷിച്ച പിണറായി വിമാനത്താവളത്തില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക്,ഇനി ചിന്താ ഫ്ളാറ്റില്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം ഇതുവരെ മാധ്യമങ്ങളെ കാണാതെ കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. മട്ടന്നൂരിലും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷവും പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ചോദ്യങ്ങളുമായി മാധ്യമപ്രവര്‍ത്തകര്‍ പിണറായി വിജയന്റെ അരികിലേക്ക് എത്തിയെങ്കിലും ചെറു പുഞ്ചിരിയോടെ കൈവീശി അഭിവാദ്യം അര്‍പ്പിച്ചതല്ലാതെ ഒന്നും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ഇന്ന് രാവിലെയാണ് പിണറായി വിജയന്‍ തിരുവനന്തപുരത്ത് എത്തിയത്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച പിണറായി വിജയന്‍ എകെജി സെന്ററില്‍ നിന്ന് എത്തിച്ച വാഹനത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് പോയത്. പാര്‍ട്ടി ഓഫീസിലെ ഡ്രൈവറാണ് കാറുമായി എത്തിയത്. പൊലീസ് അകമ്പടിയും പിണറായി വേണ്ടെന്ന് വച്ചു. കാവല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഔദ്യോഗിക വാഹനവും പൊലീസ് അകമ്പടിയും സ്വീകരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇവ രണ്ടും വേണ്ടെന്ന് പിണറായി വിജയന്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കുടുംബത്തോടൊപ്പമാണ് പിണറായി വിജയന്‍ തിരുവനന്തപുരത്ത് എത്തിയത്. സിപിഎം നേതാക്കളായ വി ശിവന്‍കുട്ടി, എ എ റഹീം, വി ജോയ് എന്നിവര്‍ പിണറായി വിജയനെ സ്വീകരിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി. അതിനിടെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് ക്ലിഫ് ഹൗസില്‍ നിന്ന് ഒഴിയുന്ന പിണറായി വിജയന് താമസിക്കാന്‍ ചിന്താ ഫ്‌ലാറ്റില്‍ പാര്‍ട്ടി മുറിയുണ്ട്. ചിന്താ ഫ്‌ലാറ്റിലെ 3എ, 3ബി ഫ്‌ലാറ്റുകളാണ് പിണറായിക്ക് അനുവദിച്ചത്.

അണയാന്‍ തുടങ്ങിയ ഒരുരാഷ്ട്രീയകക്ഷിയെ പ്രോജ്വലിപ്പിച്ച് വിജയത്തിലേക്ക് എത്തിച്ചതിന്‍റെ കഥയും അതിനായി കേട്ട പഴികളും ചുമന്ന സങ്കടങ്ങളും, പ്രേമചന്ദ്രന്‍റെ കുറിപ്പ്

കൊല്ലം. അണയാന്‍ തുടങ്ങിയ ഒരു രാഷ്ട്രീയകക്ഷിയെ പ്രോജ്വലിപ്പിച്ച് വിജയത്തിലേക്ക് എത്തിച്ചതിന്‍റെ കഥയും അതിനായി കേട്ട പഴികളും ചുമന്ന സങ്കടങ്ങളും ആര്‍എസ്പി എന്ന പാര്‍ട്ടിക്ക് നെടുംതൂണായി നിന്ന എന്‍കെ പ്രേമചന്ദ്രന്‍ സമൂഹമാധ്യമപോസ്റ്റിലൂടെ കുറിക്കുന്നു.

2014 മാർച്ച് 8 – 34 വർഷത്തെ LDF ബന്ധം ഉപേക്ഷിച്ച് RSP കൊല്ലം ലോക്സഭാ മണ്ഡലത്തിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിക്കുന്നു.

CPI(M) ദീർഘകാലമായി മുന്നണി രാഷ്ട്രീയത്തിൽ പുലർത്തിവന്ന അപ്രമാദിത്വ മനോഭാവത്തിലും ഏകപക്ഷീയ നിലപാടുകളിലും പ്രതിഷേധിച്ചാണ് അത്തരമൊരു തീരുമാനമെടുക്കാൻ RSP നിർബന്ധിതമായത്.

മുന്നണി യോഗം ചേരുകയോ, ഉഭയകക്ഷി ചർച്ച നടത്തുകയോ ചെയ്യാതെ RSP അവകാശവാദം ഉന്നയിച്ച കൊല്ലം സീറ്റിൽ CPI(M) ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ച സാഹചര്യത്തിലാണ് കടുത്ത തീരുമാനത്തിലേക്ക് പാർട്ടി കടന്നത്.

LDF-ൽ നിന്ന് പുറത്തുവന്ന RSP-യെ പിന്തുണക്കാൻ കോൺഗ്രസും UDF-ഉം തയ്യാറാകുന്നു. ചടുലമായ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ RSP, UDF-ന്റെ ഭാഗമാകുന്നു… ലോക്സഭാ തിരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥിയായി ഞാൻ മത്സരിച്ച് 37,649 വോട്ടിന് വിജയിക്കുന്നു. തുടർന്ന് 2016-ലും 2021-ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ RSP-യ്ക്ക് നിയമസഭയിൽ പ്രാതിനിധ്യം ഇല്ലാതെ പോയി.

പിന്നീടുണ്ടായ വിമർശനങ്ങൾ ചെറുതല്ലായിരുന്നു.“ഒരു ലോക്സഭാ സീറ്റിനായി പാർട്ടിയുടെ അസ്തിത്വം തകർത്തു… “
“രാഷ്ട്രീയ അന്തസ്സ് പണയം വച്ചു….”

“ആശുപത്രിയുടെയോ,കൃഷി ഭവന്റെയോ ഉപദേശകസമിതിയിൽ പോലും പാർട്ടി പ്രതിനിധികൾക്ക് പ്രാതിനിധ്യമില്ല…”നിർണായകഘട്ടത്തിൽ പാർട്ടിഐകകണ്ഠേന എടുത്ത തീരുമാനത്തിന്റെ ഫലമായി ഉണ്ടായ രാഷ്ട്രീയ മാറ്റത്തിന്റെ മുഴുവൻ പാപഭാരവും ഒരാളിൽ മാത്രം ചുമത്തപ്പെട്ടു….

“അന്നുണ്ടായ രാഷ്രീയതീരുമാനം വ്യക്തിഗത സ്വാർത്ഥതയായി ചിത്രീകരിക്കപ്പെട്ടു…”

ഒരു ദശാബ്ദക്കാലം എടുത്തു… സത്യം അതിന്റെ വഴി കണ്ടെത്താൻ.

ഈ തിരഞ്ഞെടുപ്പിൽ RSP നേടിയ മുന്നേറ്റം ഒരു സാധാരണ വിജയമല്ല… അന്നത്തെ തീരുമാനത്തിന്റെ യഥാർത്ഥ അർത്ഥം തുറന്ന് കാട്ടിയ നിമിഷമാണ്. തെറ്റായി വിലയിരുത്തപ്പെട്ട, വ്യാഖ്യാനിച്ച ഒരു നിലപാടിന്റെ സത്യം ഇന്ന് തെളിഞ്ഞിരിക്കുന്നു…

കാലം കാത്തുവച്ച കാവ്യനീതി… ഇന്ന് ചരിത്രമായി…

മത്സരിച്ച 5 സീറ്റുകളിൽ 4 എണ്ണത്തിലും (സ്വതന്ത്രൻ ഉൾപ്പടെ) വിജയക്കൊടി പാറിച്ച ദിവസം. സംസ്ഥാന പാർട്ടി എന്ന അംഗീകാരവും ചിഹ്നവും സംരക്ഷിച്ചു നിർത്തിയ ഒരു ലോക്സഭാ സീറ്റും.

നമ്മുടെ പ്രസ്ഥാനത്തിന്റെ ചരിത്രപരമായ തിരിച്ചുവരവിൽ, ആ വഴിയിലൂടെയുള്ള പ്രവർത്തനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവും ആശ്വാസവും
ഈ അവസരത്തിൽ പങ്കു വക്കുന്നു .

ഇത് ഒരു വിജയം മാത്രമല്ല. ഒരു നിലപാടിന്റെ നീതീകരണം. പഴയകാല പ്രതാപത്തിലേക്ക് ഒരു പ്രസ്ഥാനത്തിന്റെ തിരിച്ചുവരവിന്റെ തുടക്കം.അതിനായി കൂടുതൽ കരുത്തോടെ നമുക്ക് മുന്നേറാം… എന്നാണ് പ്രേമചന്ദ്രന്‍റഎ കുറിപ്പ്

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിടവാങ്ങി സുജിത് വിജയൻ പിള്ള

ചവറ . തിരഞ്ഞെടുപ്പ് രാഷ്ടീ യത്തിൽ നിന്നു വിടവാങ്ങൽ ഡിഎഫ് സ്‌ഥാനാർഥി ഡോ സു ജിത്ത് വിജയൻ പിള്ള 2016ൽ ചി താവി എൻ വിജയൻ പിള്ളയും യും ചവറയെ പ്രതിനിധീകരിച്ചു നിയമസഭയിലെത്തിയിരുന്നു രണ്ടു തവണയും ഷിബു ബേബി ജോണായിരുന്നു എതിർ സ്‌ഥാനാര്‍ഥി.2016ല്‍ നിര്‍ണായകമായൊരു നീക്കത്തിലൂടെയാണ് എന്‍ വിജയന്‍പിള്ള ഇടതുപക്ഷത്തേക്കെത്തിയത്. അദ്ദേഹത്തിന്‍റെ ആകസ്മിക വിയോഗത്തിനുശേഷം മകന്‍ ഡോ. സുജിത് തന്‍റെ ആരുരസേവനമെന്ന ജോലി വിട്ട് രാഷ്ട്രീയത്തിലേക്ക് എത്തുമോ എന്നും എത്തിയാല്‍ വിജയിക്കുമോ എന്നും പൊതുരംഗത്ത് സംശയംവന്നു. എന്നാല്‍ ഷിബുബേബിജോണിനെ പരാജയപ്പെടുത്തി സുജിത്ത് വിജയിച്ചു. മണ്ഡലത്തിലെ നാനാജാതി പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാകാന്‍ സുജിത്തിന് കഴിയുകയും ചെയ്തു. പിതാവിനെപ്പോലെ താഴേത്തട്ടിലിറങ്ങി പ്രവര്‍ത്തിക്കുവാന്‍ സുജിത്തിന് മടിയുണ്ടായില്ലെന്നത് നേട്ടമായി. എന്നാല്‍ ഈ തിരഞ്ഞെടുപ്പിൽ 18573 വോട്ടിനാണ് പരാജയപ്പെട്ടത്. തുടർന്നാണ് ഇന്നലെ സമൂഹമാധ്യമത്തിലൂടെ വിടവാങ്ങൽ പോസ്‌റ്റിട്ടത്. എന്നാൽ പൊതുപ്രവർത്തകനാ യി തുടരുമെന്നും അദ്ദേഹം പറയുന്നു

ചവറ നിയോജകമണ്ഡല തനിൽ വിജയിച്ച യുഡിഎഫ് സ്‌ഥാനാർഥി ഷിബു ബേബി ജോണിനും വോട്ട് ചെയ്ത് വിജ യിപ്പിച്ച പൊതുജനങ്ങൾക്കും പ്രവർത്തകർക്കും അഭിനന്ദന ങ്ങൾ ചവറ നിയോജകമണ്ഡല ത്തിൻ്റെ വികസനത്തിന് ഏറ്റവും ക്രിയാത്മകമായിട്ടുള്ള സംഭാവന നൽകുവാൻ അദ്ദേഹത്തിന് സാ ധിക്കട്ടെ എന്ന് ആശംസിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷം എം നിയോജകമണ്ഡലത്തിൻ്റെ എല്ലാ മേഖലകളിലും എന്നാലാവുന്ന പരിശ്രമങ്ങൾ വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കുമായി നടത്തിയിരുന്നു. വികസന-ക്ഷേമ പ്രവർത്തനങ്ങളും അതി നു നൽകിയ നേതൃത്വവും ചവറ മണ്ഡലത്തിലെ ജനങ്ങൾ വിസ്മ‌ രിക്കില്ലെന്നാണ് വിശ്വാസം പൊ തുപ്രവർത്തകൻ’ എന്ന നില യിൽ എൻറെ സാന്നിധ്യവും ഇട പെങ്കലും തുടർന്നും ഉണ്ടാകും 2 പ്രാവശ്യം തിരഞ്ഞെടുപ്പ് രാ ഷ്ട്രീയത്തിൽ പങ്കെടുത്തു ഇനി ചവറയിലെ തിരഞ്ഞെടുപ്പ് രാ ഷ്ട്രീയത്തിൽ നിന്നു വിട വാങ്ങു ന്നു’ എന്നു കുറിച്ചും പ്രവർത്ത കർക്കു നന്ദി അറിയിച്ചുമാണ് കുറിപ്പ്.

കോവൂർ കുഞ്ഞുമോനിത് ചോദിച്ചു വാങ്ങിയ പരാജയം


ശാസ്താംകോട്ട.കാൽ നൂറ്റാണ്ട് കാലം ഇടതുമുന്നണിയിൽ ഉറച്ചുനിന്ന് കുന്നത്തൂരിന്റെ എം.എൽ.എ ആയി നിറഞ്ഞുനിന്ന കോവൂർ കുഞ്ഞുമോന് ഇപ്പോൾ ഏറ്റുവാങ്ങിയ പരാജയം ചോദിച്ചു വാങ്ങിയതാണെന്ന് പറയാം. ആർ.എസ്.പിയെ പിളർത്തി ഇടതുമുന്നണിയിലേക്ക് കുടിയേറിയപ്പോൾ മറ്റൊരു പാർട്ടിയെയും സംരക്ഷിക്കാത്ത തരത്തിലാണ് സിപിഎം കുഞ്ഞുമോനെയും ലെനിനിസ്റ്റ് പാർട്ടിയെയും സംരക്ഷിച്ചു നിർത്തിയത്. എന്നാൽ ഈ സാധ്യത പ്രയോജനപ്പെടുത്താനോ സിപിഎമ്മിന്റെ തണലിൽ സൃഷ്ടിച്ചെടുത്ത പാർട്ടിയെ നിലനിർത്താനോ കുഞ്ഞുമോൻ പരിശ്രമിക്കാഞ്ഞതാണ് പരാജയത്തിന് മുഖ്യ കാരണമെന്ന് പറയാം.

സ്വന്തം പാർട്ടിയുടെ രജിസ്ട്രേഷൻ കൃത്യമായി നിലനിർത്തുവാനോ കൂടെയുള്ളവരെ സംരക്ഷിച്ചു നിർത്തുവാനോ ശ്രമിക്കാത്തതിനാൽ കൊള്ളാവുന്ന നേതാക്കന്മാരും പാർട്ടിക്കാരും കുഞ്ഞുമോനെ കൈയൊഴിയുന്ന കാഴ്ചയാണ് വർഷങ്ങളായി കണ്ടുവന്നത്. ആർഎസ്പിക്ക് വെല്ലുവിളി സൃഷ്ടിക്കാനായി കുഞ്ഞുമോന്റെ ആർ.എസ്. പി യെ ഉപയോഗിക്കാമെന്ന സിപിഎമ്മിന്റെ വിശ്വാസവും നഷ്ടമായി. ഇടതുമുന്നണിയിൽ ഘടകകക്ഷിയായി മാറുവാനോ ഒരു വർഷത്തേക്കെ ങ്കിലും മന്ത്രിസ്ഥാനം ചോദിച്ചു വാങ്ങുവാനോ ഉള്ള ആൾബലം കുഞ്ഞുമോന് ഇല്ലായെന്ന് മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന സിപിഎമ്മിനും സിപിഐക്കും ബോധ്യപ്പെട്ടെങ്കിലും പിണറായി വിജയന്റെ പ്രത്യേക താൽപര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്രാവശ്യം സീറ്റ് നേടിയെടുക്കാൻ ആയത്. പാർട്ടി ഇല്ലാതാക്കിയതിലും മണ്ഡലത്തിലെ വികസനകാര്യത്തിലുള്ള മുരടിപ്പിലും ഇടതുമുന്നണി പ്രവർത്തകർക്കിടയിൽ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നത് പരാജയത്തിന് പ്രധാന കാരണമായിട്ടുണ്ട്.

പാർട്ടിയുടെ രൂപീകരണം മുതൽ കുഞ്ഞുമോനൊപ്പം ഉറച്ചുനിന്ന ഒരാൾക്ക് പോലും ഇടതുമുന്നണി സർക്കാർ രണ്ട് പ്രാവശ്യം അധികാരത്തിൽ എത്തിയിട്ടും ഒന്നും നേടിക്കൊടുക്കാൻ ശ്രമിക്കാതിരുന്നതും നേതാക്കന്മാരുടെ കൊഴിഞ്ഞുപോക്കിന് വഴിതെളിച്ചു. പാർട്ടി രൂപീകരിച്ച് പത്തു വർഷത്തിനുള്ളിൽ അമ്പലത്തറ ശ്രീധരൻ നായർ മുതൽ സ്വന്തം മണ്ഡലക്കാരനായ പി. ടി ശ്രീകുമാർ വരെയുള്ള നാല് സംസ്ഥാന സെക്രട്ടറിമാരാണ് പാർട്ടി ഉപേക്ഷിച്ചു പോയത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള അസിസ്റ്റന്റ് സെക്രട്ടറിയും സ്വന്തം മണ്ഡലക്കാരനുമായ പി.ടി ശ്രീകുമാറും ലെനിനി സ്റ്റിലെ ഭൂരിഭാഗം പ്രവർത്തകരും കുഞ്ഞുമോന്റെ നിസ്സംഗതയിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടതും കോവൂർ കുഞ്ഞുമോന്റെ പരാജയത്തിന് ആക്കം കൂട്ടി. പാർട്ടി വിട്ടവർ വിവിധ ജില്ലകളിൽ നിന്നും മണ്ഡലത്തിൽ എത്തി കുഞ്ഞുമോന്റെ പരാജയത്തിനായി വാശിയോടെ പ്രവർത്തിച്ചതും കുഞ്ഞുമോന് ക്ഷീണം ഉണ്ടാക്കി.ഇടതുപക്ഷത്തിന്റെ ഉറച്ച മണ്ഡലത്തിൽ താഴെക്കിടയിലുള്ള മുന്നണി പ്രവർത്തകർക്കിടയിൽ നിലനിന്ന വിയോജിപ്പും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ സാരമായി ബാധിക്കുകയും മുന്നണിക്ക് മണ്ഡലം നഷ്ടമാകുവാനും കാരണമായി മാറി. കുഞ്ഞുമോന്റെ പരാജയത്തോടെ ആർ.എസ്.പി ലെനിനിസ്റ്റ് എന്ന പാർട്ടിയുടെ അസ്ഥിത്വവും ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. 2001ൽ 99 സീറ്റുമായി യുഡിഎഫ് തരംഗത്തിൽ പോലും എൽ.ഡി.എഫ് നിലനിർത്തിയ മണ്ഡലത്തിൽ ഇപ്പോഴത്തെ പരാജയം ഇടതു മുന്നണിക്ക് താങ്ങാനാവുന്നതിലും അപ്പുറമുള്ള ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

കോവൂർ കുഞ്ഞുമോന്റെ കഴിവുകേട് ചൂണ്ടിക്കാട്ടി കുന്നത്തൂർ മണ്ഡലത്തിൽ പുതിയ സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി നിരവധി പ്രാവശ്യം ലെനിനിസ്റ്റ് നേതാക്കൾ ഇടതുമുന്നണി സംസ്ഥാന നേതൃത്വത്തെ സമീപിക്കുകയും സിപിഐ,സിപിഎം പാർട്ടികൾ കുഞ്ഞുമോന്റെ പരാജയം മുൻകൂട്ടി നേതൃത്വത്തിന് റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടും ഏകപക്ഷീയമായ നിലപാടിൽ മുഖ്യമന്ത്രിയുടെ പ്രത്യേകത താല്പര്യപ്രകാരം സീറ്റ് വാങ്ങി മത്സര രംഗത്തിറങ്ങിയ കോവൂർ കുഞ്ഞുമോന്റെ പരാജയം ആർഎസ്പി ലെനി ലിസ്റ്റ്എന്ന രാഷ്ട്രീയ പ്രസ്ഥാനത്തോട് കുഞ്ഞുമോൻ കാണിച്ച നെറികേടിന്റെ തിരിച്ചടിയാണെന്നും പാർട്ടി വിട്ട് മുസ്ലിം ലീഗിൽ ചേർന്ന മുൻ സംസ്ഥാന ആക്ടിങ് സെക്രട്ടറി പി. ടി ശ്രീകുമാർ പറഞ്ഞു

മുന്നണിയെ നയിച്ചവൻ അല്ലാതെ ആര് മുഖ്യമന്ത്രി ആകും,കെ സി മുഖ്യമന്ത്രിയായാൽ കടുത്ത നടപടിയിലേക്ക് നീങ്ങാനുറച്ച് വി ഡി സതീശൻ

തിരുവനന്തപുരം. ശുഭ പ്രതീക്ഷയിൽ കെ സി വേണുഗോപാൽ,കെ സി മുഖ്യമന്ത്രിയായാൽ കടുത്ത നടപടിയിലേക്ക് നീങ്ങാൻ വി ഡി സതീശൻ. തലയെണ്ണിയാല്‍ ഭൂരിപക്ഷം കെ സിയ്ക്ക് ആകുമെന്ന് കെ സി വേണുഗോപാൽ ക്യാമ്പ്. 63 ൽ 25 പേരുടെ പിന്തുണ ഉറപ്പെന്ന് വി ഡി സതീശൻ പക്ഷം. നയിച്ചവൻ അല്ലാതെ പിന്നാര് മുഖ്യമന്ത്രിയാകും എന്ന് ചോദ്യം

സീനിയോറിറ്റി കണക്കിൽ കണ്ണുനട്ട് രമേശ് ചെന്നിത്തല ക്യാമ്പ്. കെ സി മുഖ്യമന്ത്രിയായാൽ കടുത്ത നടപടിയിലേക്ക് നീങ്ങാൻ വി ഡി സതീശൻ. അങ്ങനെ വന്നാൽ മന്ത്രിസഭയിൽ അംഗമാകണോ എന്ന് പുനരാലോചന നടത്തും. വിഡി സതീശന്‍മുഖ്യമന്ത്രി പദവിയില്‍ കുറഞ്ഞ് ഒന്നും സ്വീകരിക്കരുതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ തീരുമാനം.

സതീശനുവേണ്ടി മറ്റ് നേതാക്കള്‍ക്കെതിരെ താഴേത്തട്ടിലെ പ്രവര്‍ത്തകരില്‍നിന്ന് വന്‍പ്രതിരോധം ഉണ്ടാകുമെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇത്രയും വലിയ നേട്ടവുമായി നില്‍ക്കുന്ന സമയത്ത് അനാവശ്യ വിവാദം ഹൈക്കമാന്‍ഡ് ഉണ്ടാക്കില്ല എന്നു തന്നെയാണ് ഗ്രൂപ്പിന് അതീതരായ നേതാക്കള്‍ ചിന്തിക്കുന്നത്. താഴേത്തട്ടില്‍ നിന്നും ജനം തെരുവില്‍ ഇറങ്ങുന്ന ഒരു പ്രക്ഷോഭം രൂപപ്പെട്ടാല്‍ അതു താങ്ങാന്‍ കോണ്‍ഗ്രസിന് ആകില്ല. കെസിക്കോ ചെന്നിത്തലക്കോ വേണ്ടി അത്തരം ഒരു പ്രക്ഷോഭം നാട്ടില്‍ നടക്കാന്‍ ഒരു സാധ്യതയുമില്ല,

ചുരുക്കത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ അനുചിതമായ ഒരു തീരുമാനം വിജയത്തിന്‍റെ തിളക്കം വര്‍ധിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്യും.

മണലൂരിലെ ഫലം സ്റ്റേ ചെയ്യണം,പ്രതാപൻ ഹൈക്കോടതിയിലേക്ക്

തൃശൂര്‍. പ്രതാപൻ ഹൈക്കോടതിയിലേക്ക്. മണലൂരിലെ ഫലം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. 184 ഹോം വോട്ട് കൗണ്ട് ചെയ്തില്ല. യുഡിഎഫിന്റെ വോട്ടുകളാണ്. നാല് ഉദ്യോഗസ്ഥരാണ് അതിനു പിന്നിൽ

ഇന്ന് തന്നെ ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് കേസ് കൊടുക്കും.മണലൂരിൽ 100% കോൺഗ്രസ് ജയിക്കുമായിരുന്നു.ആർഎസ്എസിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും വോട്ട് വേണ്ട എന്ന് പരസ്യമായി ഞാൻ പറഞ്ഞിരുന്നു. ആർഎസ്എസും പോപ്പുലർഫണ്ടും എസ്ഡിപിഐയും പരസ്യമായി എൽഡിഎഫിനോട്ട് ചെയ്തു

ആർഎസ്എസ് അതിശക്തമായി എൽഡിഎഫ് സ്ഥാനാർത്ഥിയെ സഹായിച്ചു.കൗണ്ടിംഗ് സ്റ്റേഷനിൽ എസ്ഡിപിഐയും എൽഡിഎഫ് ഒരുമിച്ചായിരുന്നു വർക്ക്. തോറ്റെങ്കിലും അഭിമാനം.ആർഎസ്എസ് എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് പിന്തുണയോടെ 126 വോട്ടിന് എൽഡിഎഫ് വിജയിച്ചു. ആയിരം തിരഞ്ഞെടുപ്പ് തോറ്റാലും ഇവരുമായി ഞാൻ സന്ധി ചെയ്യില്ല. സി.രവീന്ദ്രനാഥന് അഭിനന്ദനങ്ങൾ

തെരഞ്ഞെടുപ്പ് ഫലം സ്റ്റേ ചെയ്യണമെന്ന് കോടതിയിൽ ആവശ്യപ്പെടും.

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പാർട്ടിക്ക് സംവിധാനം ഉണ്ട്. വെണ്ണ എടുത്തു കഴിക്കുന്ന ലാളിത്യത്തോടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും.ഗുരുവായൂരിൽ സ്ഥിരമായി വരുന്ന ദൈവവിശ്വാസിയായ ആളായിരിക്കും
കേരളത്തിന്റെ മുഖ്യമന്ത്രി

പിണറായിക്ക് പറ്റിയ ഏറ്റവും വലിയ രാഷ്ട്രീയ അബദ്ധം,വെള്ളാപ്പള്ളിക്കെതിരെ വി എം സുധീരൻ

തിരുവനന്തപുരം. വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. പിണറായിക്ക് പറ്റിയ ഏറ്റവും വലിയ രാഷ്ട്രീയ അബദ്ധം വെള്ളാപ്പള്ളി യുമായുള്ള കൂട്ടുകെട്ട്.അതു പിണറായിക്ക് വരുത്തിയ നഷ്ടം ചെറുതല്ല

വെള്ളാപ്പള്ളിയെ പോലുള്ളവർ അധികാരത്തിൽ വരുന്നവരെ ദുരുപയോഗം ചെയ്യും.എന്നിട്ട് സ്ഥാപിത താല്പര്യങ്ങൾ നേടി എടുക്കും.അതൊരു രാഷ്ട്രീയ കളി ആണ്.വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് വർഗീയതയോട് നോ പറഞ്ഞവരാണ്, നിലപാട് എടുത്തവരാണ്

അതാണ് വലിയ വിജയത്തിന് കാരണവും.കോൺഗ്രസിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് നടപടിക്രമങ്ങൾ ഉണ്ട്. അത് അനുസരിച്ച് തീരുമാനിക്കട്ടെ എന്നും വി എം സുധീരൻ.

റെയിൽവേ മേൽപാലത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണു

മലപ്പുറം.റെയിൽവേ മേൽപാലത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണു. അപകടം ട്രെയിൻ കടന്ന് പോകുന്നതിനിടെ.തലനാരിഴയ്ക്ക് വലിയ അപകടം ഒഴിവായി. തുവ്വൂരിലെ റെയിൽ കമാനത്തിന്റ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്

നിലമ്പൂർ ഷൊർണ്ണൂർ റെയിൽപാതയിൽ തുവൂരിലാണ് സംഭവം. ഇതുവഴിയുള്ള ട്രെയിൻ സർവീസ് താത്കാലികമായി നിർത്തിവെച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം

കെ.എന്‍.ബാലഗോപാലിനെ പ്രതിപക്ഷ നേതാവാക്കിയേക്കും

കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ പ്രതിക്ഷനേതൃസ്ഥാനം ഇത്തവണ പിണറായി വിജയന്‍ ഏറ്റെടുത്തേക്കില്ല. പകരം കെ.എന്‍.ബാലഗോപാല്‍ പ്രതിപക്ഷ നേതാവായേക്കും. വിജയിച്ചവരില്‍ മുതിര്‍ന്ന നേതാവായ കേന്ദ്രകമ്മിറ്റി അംഗം കെ.എന്‍.ബാലഗോപാലിനെ പ്രതിപക്ഷ നേതാവാക്കിയേക്കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയുമെടുക്കുന്ന തീരുമാനം നിയമസഭ  അംഗങ്ങളുടെ യോഗം ചേര്‍ന്നാവും അംഗീകരിക്കുക. നിയമസഭ  ചേരുന്നതിന് തൊട്ടുമുന്‍പാവും തീരുമാനമെടുത്ത് ഗവര്‍ണറെ അറിയിക്കുക.

ചലച്ചിത്ര താരം സന്തോഷ് നായർക്ക് എം. സി റോഡിൽ എനാത്തുണ്ടായ അപകടത്തിൽ ദാരുണാന്ത്യം

അടൂർ. ചലച്ചിത്ര താരം സന്തോഷ് നായർക്ക് എം. സി റോഡിൽ എനാത്തുണ്ടായ അപകടത്തിൽ ദാരുണാന്ത്യം. സന്തോഷ് നായർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും പരുക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ സന്തോഷിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ലോറി ഡ്രൈവർക്കും പരുക്കുണ്ട്. 

അടൂർ-ഏനാത്ത് എം.സി.റോഡിൽ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചാണ്  ചൊവ്വാഴ്ച രാവിലെ 6.15-നാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്നു സന്തോഷ് നായരും ഭാര്യയും. ഉടൻ തന്നെ നാട്ടുകാർ അടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ട്രക്ക് ഡ്രൈവർക്കും പരിക്കുണ്ട്

1982ൽ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമാരംഗത്തേക്ക് എത്തിയത്. പ്രദർശനം തുടരുന്ന ‘മോഹിനിയാട്ടം’ ആണ് ഏറ്റവും അവസാവമായി അഭിനയിച്ച ചിത്രം. വില്ലൻ, നായകൻ, സഹനടൻ, ഹാസ്യനടൻ എന്നിങ്ങനെ വൈവിധ്യമാർന്ന വേഷങ്ങളിൽ നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1960 നവംബർ 12ന് തിരുവനന്തപുരത്ത് സി.എൻ. കേശവൻ നായരുടെയും പി. രാജലക്ഷ്മി അമ്മയുടെയും മകനായാണ് ജനനം. എംജി കോളജിൽ നടൻ മോഹൻലാലിന്റെ ജൂനിയറായിരുന്നു