ശാസ്താംകോട്ട.കാൽ നൂറ്റാണ്ട് കാലം ഇടതുമുന്നണിയിൽ ഉറച്ചുനിന്ന് കുന്നത്തൂരിന്റെ എം.എൽ.എ ആയി നിറഞ്ഞുനിന്ന കോവൂർ കുഞ്ഞുമോന് ഇപ്പോൾ ഏറ്റുവാങ്ങിയ പരാജയം ചോദിച്ചു വാങ്ങിയതാണെന്ന് പറയാം. ആർ.എസ്.പിയെ പിളർത്തി ഇടതുമുന്നണിയിലേക്ക് കുടിയേറിയപ്പോൾ മറ്റൊരു പാർട്ടിയെയും സംരക്ഷിക്കാത്ത തരത്തിലാണ് സിപിഎം കുഞ്ഞുമോനെയും ലെനിനിസ്റ്റ് പാർട്ടിയെയും സംരക്ഷിച്ചു നിർത്തിയത്. എന്നാൽ ഈ സാധ്യത പ്രയോജനപ്പെടുത്താനോ സിപിഎമ്മിന്റെ തണലിൽ സൃഷ്ടിച്ചെടുത്ത പാർട്ടിയെ നിലനിർത്താനോ കുഞ്ഞുമോൻ പരിശ്രമിക്കാഞ്ഞതാണ് പരാജയത്തിന് മുഖ്യ കാരണമെന്ന് പറയാം.
സ്വന്തം പാർട്ടിയുടെ രജിസ്ട്രേഷൻ കൃത്യമായി നിലനിർത്തുവാനോ കൂടെയുള്ളവരെ സംരക്ഷിച്ചു നിർത്തുവാനോ ശ്രമിക്കാത്തതിനാൽ കൊള്ളാവുന്ന നേതാക്കന്മാരും പാർട്ടിക്കാരും കുഞ്ഞുമോനെ കൈയൊഴിയുന്ന കാഴ്ചയാണ് വർഷങ്ങളായി കണ്ടുവന്നത്. ആർഎസ്പിക്ക് വെല്ലുവിളി സൃഷ്ടിക്കാനായി കുഞ്ഞുമോന്റെ ആർ.എസ്. പി യെ ഉപയോഗിക്കാമെന്ന സിപിഎമ്മിന്റെ വിശ്വാസവും നഷ്ടമായി. ഇടതുമുന്നണിയിൽ ഘടകകക്ഷിയായി മാറുവാനോ ഒരു വർഷത്തേക്കെ ങ്കിലും മന്ത്രിസ്ഥാനം ചോദിച്ചു വാങ്ങുവാനോ ഉള്ള ആൾബലം കുഞ്ഞുമോന് ഇല്ലായെന്ന് മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന സിപിഎമ്മിനും സിപിഐക്കും ബോധ്യപ്പെട്ടെങ്കിലും പിണറായി വിജയന്റെ പ്രത്യേക താൽപര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്രാവശ്യം സീറ്റ് നേടിയെടുക്കാൻ ആയത്. പാർട്ടി ഇല്ലാതാക്കിയതിലും മണ്ഡലത്തിലെ വികസനകാര്യത്തിലുള്ള മുരടിപ്പിലും ഇടതുമുന്നണി പ്രവർത്തകർക്കിടയിൽ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നത് പരാജയത്തിന് പ്രധാന കാരണമായിട്ടുണ്ട്.
പാർട്ടിയുടെ രൂപീകരണം മുതൽ കുഞ്ഞുമോനൊപ്പം ഉറച്ചുനിന്ന ഒരാൾക്ക് പോലും ഇടതുമുന്നണി സർക്കാർ രണ്ട് പ്രാവശ്യം അധികാരത്തിൽ എത്തിയിട്ടും ഒന്നും നേടിക്കൊടുക്കാൻ ശ്രമിക്കാതിരുന്നതും നേതാക്കന്മാരുടെ കൊഴിഞ്ഞുപോക്കിന് വഴിതെളിച്ചു. പാർട്ടി രൂപീകരിച്ച് പത്തു വർഷത്തിനുള്ളിൽ അമ്പലത്തറ ശ്രീധരൻ നായർ മുതൽ സ്വന്തം മണ്ഡലക്കാരനായ പി. ടി ശ്രീകുമാർ വരെയുള്ള നാല് സംസ്ഥാന സെക്രട്ടറിമാരാണ് പാർട്ടി ഉപേക്ഷിച്ചു പോയത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള അസിസ്റ്റന്റ് സെക്രട്ടറിയും സ്വന്തം മണ്ഡലക്കാരനുമായ പി.ടി ശ്രീകുമാറും ലെനിനി സ്റ്റിലെ ഭൂരിഭാഗം പ്രവർത്തകരും കുഞ്ഞുമോന്റെ നിസ്സംഗതയിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടതും കോവൂർ കുഞ്ഞുമോന്റെ പരാജയത്തിന് ആക്കം കൂട്ടി. പാർട്ടി വിട്ടവർ വിവിധ ജില്ലകളിൽ നിന്നും മണ്ഡലത്തിൽ എത്തി കുഞ്ഞുമോന്റെ പരാജയത്തിനായി വാശിയോടെ പ്രവർത്തിച്ചതും കുഞ്ഞുമോന് ക്ഷീണം ഉണ്ടാക്കി.ഇടതുപക്ഷത്തിന്റെ ഉറച്ച മണ്ഡലത്തിൽ താഴെക്കിടയിലുള്ള മുന്നണി പ്രവർത്തകർക്കിടയിൽ നിലനിന്ന വിയോജിപ്പും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ സാരമായി ബാധിക്കുകയും മുന്നണിക്ക് മണ്ഡലം നഷ്ടമാകുവാനും കാരണമായി മാറി. കുഞ്ഞുമോന്റെ പരാജയത്തോടെ ആർ.എസ്.പി ലെനിനിസ്റ്റ് എന്ന പാർട്ടിയുടെ അസ്ഥിത്വവും ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. 2001ൽ 99 സീറ്റുമായി യുഡിഎഫ് തരംഗത്തിൽ പോലും എൽ.ഡി.എഫ് നിലനിർത്തിയ മണ്ഡലത്തിൽ ഇപ്പോഴത്തെ പരാജയം ഇടതു മുന്നണിക്ക് താങ്ങാനാവുന്നതിലും അപ്പുറമുള്ള ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
കോവൂർ കുഞ്ഞുമോന്റെ കഴിവുകേട് ചൂണ്ടിക്കാട്ടി കുന്നത്തൂർ മണ്ഡലത്തിൽ പുതിയ സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി നിരവധി പ്രാവശ്യം ലെനിനിസ്റ്റ് നേതാക്കൾ ഇടതുമുന്നണി സംസ്ഥാന നേതൃത്വത്തെ സമീപിക്കുകയും സിപിഐ,സിപിഎം പാർട്ടികൾ കുഞ്ഞുമോന്റെ പരാജയം മുൻകൂട്ടി നേതൃത്വത്തിന് റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടും ഏകപക്ഷീയമായ നിലപാടിൽ മുഖ്യമന്ത്രിയുടെ പ്രത്യേകത താല്പര്യപ്രകാരം സീറ്റ് വാങ്ങി മത്സര രംഗത്തിറങ്ങിയ കോവൂർ കുഞ്ഞുമോന്റെ പരാജയം ആർഎസ്പി ലെനി ലിസ്റ്റ്എന്ന രാഷ്ട്രീയ പ്രസ്ഥാനത്തോട് കുഞ്ഞുമോൻ കാണിച്ച നെറികേടിന്റെ തിരിച്ചടിയാണെന്നും പാർട്ടി വിട്ട് മുസ്ലിം ലീഗിൽ ചേർന്ന മുൻ സംസ്ഥാന ആക്ടിങ് സെക്രട്ടറി പി. ടി ശ്രീകുമാർ പറഞ്ഞു




































