ശാസ്താംകോട്ട:ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ താത്ക്കാലിക ജീവനക്കാരനായ ഡിവൈഎഫ്ഐ നേതാവ് 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സംസ്ഥാന ആഭ്യന്തര വകുപ്പിൻ്റെ നിർദ്ദേശപ്രകാരം വിജിലൻസ് കൊല്ലം യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തി.ചൊവ്വാഴ്ച രാവിലെ 10.30 ഓടെ പഞ്ചായത്ത് ഓഫീസിലെത്തിയ വിജിലൻസ് സംഘം ഉച്ചയ്ക്ക് 2 വരെ പരിശോധന തുടർന്നു. പഞ്ചായത്ത്
സെക്രട്ടറിയിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും,സുപ്രധാന രേഖകൾ പരിശോധിച്ച ശേഷം അവ തുടർ അന്വേഷണത്തിന്
പ്രത്യേകമായി സൂക്ഷിക്കണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തു.പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ വിജിലൻസ് ഡയറക്ടർക്ക് കൈമാറും.
വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് പരിശോധിച്ച ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുന്നത്.2024-25,2025-26 സാമ്പത്തിക വർഷത്തിൽ കേന്ദ്ര ധനകാര്യ കമ്മീഷൻ ഉപയോഗിച്ച് നിർവ്വഹണം നടത്തിയ വിവിധ പദ്ധതികളിലാണ് ക്രമക്കേടും പണാപഹരണവും നടന്നിട്ടുള്ളത് എന്നതിനാൽ ഈ വകുപ്പിലാണ് പ്രധാനമായും പരിശോധന നടന്നത്.വിജിലൻസ് കൊല്ലം യൂണിറ്റ് സി.ഐ ജയകുമാർ,എസ്.ഐ അബ്ദുൾ റഷീദ്,കൊല്ലം കളക്ട്രേറ്റിലെ റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളായ തുണ്ടിൽ നൗഷാദ്,പി.നൂർദീൻ കുട്ടി,പനപ്പെട്ടി അനിൽ,റിയാസ് പറമ്പിൽ എന്നിവർ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവായത്.
പഞ്ചായത്തിൽ കരാർ വ്യവസ്ഥയിൽ പ്രോജക്ട് അസിസ്റ്റൻ്റായ ഡിവൈഎഫ്ഐ കുന്നത്തൂർ പഞ്ചായത്ത് മേഖലാ സെക്രട്ടറി കുന്നത്തൂർ കൊല്ലാറ എബിൻ ഭവനത്തിൽ എബിൻ.കെ.ഷിബു (32) ആണ് തട്ടിപ്പ് നടത്തിയത്.ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് ഉപയോഗിച്ച് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് തുക അനുവദിക്കുന്ന ഇ ഗ്രാം സ്വരാജ്
പി.എഫ്.എം.എസ് പോർട്ടിൽ കൃത്രിമം നടത്തി,മാതാവിനെ ഗുണഭോക്താവായി കാണിച്ച് ഇവരുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ മാറ്റുകയായിരുന്നു.പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്ത എബിനെ റിമാൻ്റ് ചെയ്തിരുന്നു.ഇപ്പോൾ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ ഇയ്യാളെ സിപിഎം നേതൃത്വം ഭയപ്പാടോടെയാണ് വീക്ഷിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.


































