27.8 C
Kollam
Sunday 20th September, 2026 | 08:56:31 AM
Home News Breaking News ‘ജനന നിയന്ത്രണം വിജയമായി’; ആശമാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തണമെന്ന് പ്രധാനമന്ത്രിയുടെ ഉപദേശക സമിതി

‘ജനന നിയന്ത്രണം വിജയമായി’; ആശമാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തണമെന്ന് പ്രധാനമന്ത്രിയുടെ ഉപദേശക സമിതി

ന്യൂഡല്‍ഹി. രാജ്യത്ത് ജനസംഖ്യാ വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍, വന്ധ്യംകരണ പ്രചാരണവുമായി ബന്ധപ്പെട്ട പ്രോത്സാഹന സമ്മാനങ്ങളും ആനുകൂല്യങ്ങളും അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ശുപാര്‍ശ ചെയ്തു. ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ മതിയെന്ന രീതിയില്‍ കുടുംബം ചുരുക്കാന്‍ പ്രേരിപ്പിക്കുന്നതില്‍ പങ്കാളികളാകുന്ന ആശ പ്രവര്‍ത്തകര്‍ക്കുള്ള പ്രത്യേക ഇന്‍സെന്റീവുകള്‍ പൂര്‍ണമായും എടുത്തുകളയണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്ന്.

വന്ധ്യംകരണവുമായി ബന്ധപ്പെട്ട നേരിട്ടുള്ള ആനുകൂല്യ കൈമാറ്റങ്ങള്‍, സ്വീകര്‍ത്താക്കള്‍ക്കുള്ള പണമിടപാടുകള്‍, വേതന നഷ്ടപരിഹാരം, സേവന ദാതാക്കള്‍ക്കുള്ള വര്‍ദ്ധിപ്പിച്ച പ്രോത്സാഹന തുകകള്‍ എന്നിവ പൂര്‍ണമായി പിന്‍വലിക്കാനും സമിതി ശുപാര്‍ശ ചെയ്യുന്നു. ഇന്ത്യയുടെ മൊത്തത്തിലുള്ള ഫെര്‍ട്ടിലിറ്റി നിരക്ക് നിലവില്‍ 1.9 ആയി കുറഞ്ഞിട്ടുണ്ട്. ഇത് മാതൃകാപരമായ പ്രത്യുല്‍പാദന നിരക്കിനേക്കാളും താഴെയാണ്. എല്ലാ സംസ്ഥാനങ്ങളിലും നിലവിലുള്ള ‘രണ്ട് കുട്ടി നയം’ സംബന്ധിച്ച ചട്ടങ്ങള്‍ പിന്‍വലിക്കണം.

ദേശീയ, സംസ്ഥാന നയങ്ങളില്‍ നിന്നും ഔദ്യോഗിക രേഖകളില്‍ നിന്നും ജനസംഖ്യാ നിയന്ത്രണമോ പ്രത്യേക എണ്ണത്തില്‍ പരിമിതപ്പെടുത്തുന്നതോ സംബന്ധിച്ച പരാമര്‍ശങ്ങളും പദപ്രയോഗങ്ങളും പൂര്‍ണമായി നീക്കം ചെയ്യുക, കുടുംബസൂത്രണവുമായി ബന്ധപ്പെട്ട അവാര്‍ഡുകള്‍, ലോക ജനസംഖ്യാ ദിനാഘോഷങ്ങള്‍, വാസെക്ടമി പക്ഷാചരണം എന്നിവ അവസാനിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here