മലപ്പുറം. കുറ്റിപ്പുറത്തെ സ്വകാര്യ ബസ് അപകടത്തിന് കാരണം ബസിന്റെ അമിത വേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്. അമിത വേഗത്തിൽ ആയിരുന്ന ബസിനു വളവുകളിൽ നിയന്ത്രണം നഷ്ടപ്പെട്ടെന്നാണ് മലപ്പുറം എൻഫോഴ്സ്മെന്റ് RTO യുടെ റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ട് ഗതാഗത കമ്മീഷണർക്ക് കൈമാറി.
ജൂലൈ 26ന് നടന്ന കുറ്റിപുറത്തെ ബസ് അപകടത്തിൽ കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് മരിക്കുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിന്റെ പ്രധാന കാരണം അമിത വേഗത ആണെന്ന റിപ്പോർട്ട് ആണ് ഗതാഗത കമ്മീഷണർക്ക് സമർപ്പിച്ചത്. തുടർച്ചയായ രണ്ട് വളവുകൾ ഉള്ള സ്ഥലത്ത് ആയിരുന്ന അപകടം. അമിത വേഗത്തിലായിരുന്നതിനാൽ ഒരു വളവ് കഴിഞ്ഞു രണ്ടാമത്തെ വളവിൽ എത്തിയതോടെ ബസിനു നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
വളവുകളിൽ അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറിൽ 50 കിലോമീറ്ററാണ്. എന്നാൽ അപകടത്തിൽ പെട്ട ബസ് ഓടിയത് ഇരട്ടിയിൽ അധികം വേഗത്തിൽ. അമിത വേഗത റോഡും ടയറും തമ്മിലുള്ള ഘർഷണം നഷ്ടപ്പെട്ട് സംഭവിക്കുന്ന ഹൈഡ്രോപ്ലെയിനിങ്ങിനും കാരണമായി. ഇത് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം ബസ് ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കുറ്റിപ്പുറം പൊലീസ് നോട്ടീസ് നൽകി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷബീറിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.

































