ഇടുക്കി. കുമളിയിൽ സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥിക്ക് ഗുരുതരമായി പരുക്കേറ്റു. കുമളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി ശരണിനാണ് പരുക്കേറ്റത്. ഇരുമ്പുകമ്പികൊണ്ട് തലയിൽ ആഴത്തിൽ മുറിവേറ്റ ശരൺ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാനെത്തിയതായിരുന്നു കുമളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കൊമേഴ്‌സ് വിദ്യാർത്ഥിയായും ആനവിലാസം സ്വദേശിയുമായ പരിക്കേറ്റ ശരൺ. സംഭവസമയത്ത് ശരണിനൊപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളെ കുമളി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരിലൊരാൾ ശരണിനൊപ്പം പഠിച്ചിരുന്നയാളാണ്. മറ്റു രണ്ടു പേരും ഇയാളുടെ സുഹൃത്തുക്കളാണ്. ഒരാൾക്ക് മാത്രമാണ് പ്രായപൂർത്തിയായത്. കെട്ടിടത്തിലേക്ക് കയറുന്നതിനിടെ മുന്നിൽ നടന്നിരുന്ന സുഹൃത്ത് നിലത്തു കിടന്നിരുന്ന ഇരുമ്പുകമ്പി എടുത്ത് പുറകിലേക്ക് വീശിയപ്പോൾ മുന്നോട്ട് ചാടിയ ശരണിന്റെ തലയിൽ അബദ്ധത്തിൽ കൊണ്ടതാണെന്നാണ് സുഹൃത്തുക്കൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി.
തലയ്ക്ക് ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്ന വിദ്യാർത്ഥിയെ കണ്ട ഭയന്ന സുഹൃത്തുക്കൾ നിലവിളിച്ച് ആളെ കൂട്ടുകയായിരുന്നു. തുടർന്ന് ഗ്രൗണ്ടിലുണ്ടായിരുന്ന നാട്ടുകാരും അധ്യാപകരും ചേർന്ന് ശരണിനെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമ ശുശ്രൂഷക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർത്ഥി ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും സംഭവത്തിൽ മറ്റ് ദുരൂഹതകളുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഫൊറൻസിക് സംഘവും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

































