തിരുവനന്തപുരം: വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നിരോധിക്കാനുള്ള കേരള സര്‍വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമാണ്. സര്‍വകലാശാല ക്യാംപസില്‍ നിന്ന് രാഷ്ട്രീയത്തെയും രാഷ്ട്രീയ ബോധത്തെയും തുരത്താന്‍ ശ്രമിക്കുന്നത് ചോദ്യം ചോദിക്കുന്ന തലമുറയെ ഭയക്കുന്നതുകൊണ്ടാണ്. രാജ്യത്തുയര്‍ന്നുവന്ന വിദ്യാര്‍ഥി മുന്നേറ്റങ്ങളില്‍ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങള്‍ക്കു പിന്നിലെന്ന് വ്യക്തമാണ്. ജനാധിപത്യ വിരുദ്ധമായ ഈ തീരുമാനത്തിനു പുറകിലുള്ളവര്‍ അതില്‍ നിന്ന് പിന്തിരിയുന്നില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിന് കേരളം സാക്ഷിയാവുമെന്നുറപ്പാണ്.
18 വയസ്സ് തികയുന്ന ഒരു പൗരന് രാജ്യത്തിന്റെ ഭരണം നിര്‍ണ്ണയിക്കാനും സര്‍ക്കാരുകളെ തെരഞ്ഞെടുക്കാനുമുള്ള വോട്ടവകാശം നമ്മുടെ ഭരണഘടന നല്‍കുന്നുണ്ട്. രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കാനായി വോട്ട് ചെയ്യാന്‍ പ്രാപ്തിയുള്ള യുവത്വത്തിന്, തങ്ങള്‍ പഠിക്കുന്ന കലാലയങ്ങളില്‍ രാഷ്ട്രീയ ബോധത്തോടെ ചിന്തിക്കാനും സംഘടിക്കാനും പ്രതികരിക്കാനും അവകാശമില്ല എന്ന വാദം ഭരണഘടനാ വിരുദ്ധവും തികഞ്ഞ അരാഷ്ട്രീയതയുമാണ്.
സ്വാതന്ത്ര്യ സമര കാലഘട്ടം മുതല്‍ രാജ്യത്തിന്റെ സാമൂഹിക-രാഷ്ട്രീയ വികാസത്തില്‍ കലാലയങ്ങളും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം മുതല്‍ സ്വതന്ത്ര ഇന്ത്യയിലെ സ്വേച്ഛാധിപത്യ നീക്കങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പുകള്‍ വരെ എല്ലാ നിര്‍ണ്ണായക ഘട്ടങ്ങളിലും വിദ്യാര്‍ഥി സമൂഹം മുന്‍പന്തിയില്‍ നിന്ന് പോരാടിയിട്ടുണ്ട്. പലഘട്ടങ്ങളിലും രാജ്യത്തിന്റെ രാഷ്ട്രീയഗതിയെ നിര്‍ണ്ണയിക്കുന്നതില്‍ വരെ ക്യാംപസുകള്‍ ഉല്‍പ്രേരകങ്ങളായിട്ടുണ്ട്. അത്തരം ചരിത്രപരമായ പാരമ്പര്യമുള്ള ക്യാമ്പസുകളില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ പാടെ നിരോധിക്കാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ല.
ക്യാംപസുകളെ ആശയ സംവാദങ്ങളുടെയും അവകാശ പോരാട്ടങ്ങളുടെയും കേന്ദ്രങ്ങളാക്കി നിലനിര്‍ത്തേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ ആവശ്യമാണ്. വിദ്യാര്‍ഥികളുടെ ഭരണഘടനാപരമായ ജനാധിപത്യ അവകാശങ്ങളെ കവര്‍ന്നെടുക്കുന്ന ഇത്തരം ഉത്തരവുകള്‍ക്കെതിരെ പൊതുസമൂഹം രംഗത്തുവരണമെന്ന് പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


































