തിരുവനന്തപുരം: മാസപ്പടി കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇ ഡി ഡിജിപിക്ക് കത്ത് നല്‍കി. മുഹമ്മദ് റിയാസിനെതിരെയും പിണറായിയുടെ മകള്‍ വീണക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം എന്നും കത്തില്‍ ആവശ്യപ്പെട്ടു.
മാസപ്പടി കേസിലെ ഇഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലും ഓഫിസിലും ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ നിര്‍ണായകമായ പല രേഖകള്‍ കണ്ടെത്തിയതായി ഇഡി സ്ഥിരികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും കേസില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇഡി പൊലീസ് മേധാവിക്കു കത്തയച്ചിരിക്കുന്നത്. 3കോടി 28ലക്ഷം രൂപയുടെ അഴിമതിപണം മകള്‍ വീണ വഴി പിണറായി വിജയന് ലഭിച്ചുവെന്നും മരുമകന്‍ റിയാസ് അത് സുഹൃത്തുക്കള്‍ വഴി പുറത്തേക്ക് കടത്തിയെന്നും കത്തില്‍ പറയുന്നു.
നടപടി നീക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനു കൂടി കൈമാറിയത് കേന്ദ്ര ഏജന്‍സിയുടെ തന്ത്രപരമായ നീക്കമായി പറയപ്പെടുന്നു. കേന്ദ്രത്തിന്‍റെ ഏകപക്ഷീയ നീക്കമെന്നപേരില്‍ ഇന്‍ഡി മുന്നണിക്ക് ഇരവാദമുയര്‍ത്താനാവാത്ത വിധമായതിനാല്‍ ഇതിന് ഏറെ രാഷ്ട്രീയ മാനവുമുണ്ട്.
































