ന്യൂഡൽഹി: റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ കാർ മോഡലുകളിൽ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ് (എ.ഇ.ബി.) സംവിധാനം നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ നിർദേശം. 2030 ഒക്ടോബർ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ കരട് നിർദേശം വ്യക്തമാക്കുന്നത്.
വാഹനത്തിന്റെ മുന്നിലുള്ള കാൽനടയാത്രക്കാർ, കാറുകൾ, ഇരുചക്രവാഹനങ്ങൾ തുടങ്ങിയവയെ തിരിച്ചറിഞ്ഞ് കൂട്ടിയിടി ഒഴിവാക്കാനോ അപകടത്തിന്റെ ആഘാതം കുറയ്ക്കാനോ സഹായിക്കുന്ന സംവിധാനമാണിത്. കാമറ, റഡാർ തുടങ്ങിയ സെൻസറുകൾ ഉപയോഗിച്ച് അപകടസാധ്യത തിരിച്ചറിയുന്ന സംവിധാനം ആദ്യം ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകും. ഡ്രൈവർ സമയബന്ധിതമായി പ്രതികരിച്ചില്ലെങ്കിൽ വാഹനം സ്വയം ബ്രേക്ക് പ്രയോഗിക്കും.
നിലവിൽ പുതിയ വാഹനങ്ങളിൽ ലഭ്യമായ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റത്തിന്റെ (എ.ഡി.എ.എസ്.) പ്രധാന സുരക്ഷാ സംവിധാനങ്ങളിലൊന്നാണ് എ.ഇ.ബി. ഇത് നിർബന്ധമാക്കുന്നതിലൂടെ ഡ്രൈവറുടെ അശ്രദ്ധയോ പെട്ടെന്നുണ്ടാകുന്ന അപകടസാഹചര്യങ്ങളോ മൂലമുള്ള കൂട്ടിയിടികൾ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.
കരട് നിർദേശപ്രകാരം 2030 ഒക്ടോബർ ഒന്നുമുതൽ വിപണിയിലെത്തുന്ന പുതിയ കാർ മോഡലുകളിൽ സംവിധാനം നിർബന്ധമാകും. നിലവിലുള്ള വാഹനങ്ങൾക്കായി 2032 ഒക്ടോബർ ഒന്നുവരെ സമയപരിധിയും നിർദേശിക്കുന്നുണ്ട്.
മീഡിയം, ഹെവി വാഹനങ്ങൾക്കും കൂടുതൽ കർശനമായ ബ്രേക്കിങ് സുരക്ഷാ മാനദണ്ഡങ്ങൾ നിർദേശിച്ചിട്ടുണ്ട്. 2027 ഒക്ടോബർ ഒന്നുമുതൽ ഇവ പ്രാബല്യത്തിൽ വരുമെന്നാണ് നിർദേശം. ഇതിന്റെ ഭാഗമായി ട്രക്കുകളിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇ.എസ്.സി.) നിർബന്ധമാക്കാനും ലക്ഷ്യമിടുന്നു.
റോഡപകടങ്ങൾ കുറയ്ക്കുന്നതിനും വാഹനങ്ങളിലെ സാങ്കേതിക സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് കേന്ദ്രസർക്കാരിന്റെ നീക്കം.



























