എഐ ടൂളുകളുടെ സഹായത്തോടെ 80കളിലെ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ലുക്കിൽ സ്വന്തം ചിത്രങ്ങൾ തയ്യാറാക്കുന്ന വിന്റേജ് ഫോട്ടോഷൂട്ട് രീതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡാകുകയാണ്.
ചാറ്റ്ജിപിടിയും മറ്റ് എഐ ടൂളുകളും സജീവമായതോടെ വിന്റേജ് ചിത്രങ്ങൾക്കായി ഇനി വലിയ തുക ചെലവഴിക്കേണ്ടതില്ലെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ അഭിപ്രായം. പഴയകാല വസ്ത്രധാരണം, ഹെയർസ്റ്റൈൽ, പശ്ചാത്തലം, ഫോട്ടോഗ്രഫി ശൈലി തുടങ്ങി 80കളുടെ അന്തരീക്ഷം പുനഃസൃഷ്ടിച്ചാണ് ചിത്രങ്ങൾ തയ്യാറാക്കുന്നത്.
എഐ ഉപയോഗിച്ചുള്ള നിരവധി ഫോട്ടോ ട്രെൻഡുകൾ നേരത്തെയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അടുത്തിടെ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലൂടെ, റിലീസ് ചെയ്യാത്ത ‘അന്ന’ എന്ന സിനിമയിലെ ‘യവന കഥയിലെ’ എന്ന ഗാനം പുറത്തുവന്നിരുന്നു. ഗാനത്തിന്റെ റിലീസിന് പിന്നാലെയാണ് 80കളിലെ പഴയകാല ഫോട്ടോ ക്രിയേഷൻ കേരളത്തിലും വീണ്ടും സജീവമായത്.
വിന്റേജ് ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതും അവയ്ക്ക് താഴെ രസകരമായ കമന്റുകൾ ഇടുന്നതും ഇപ്പോൾ വലിയ ട്രെൻഡായി മാറിയിരിക്കുകയാണ്. സിനിമാ-സീരിയൽ താരങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ഇത്തരം ചിത്രങ്ങൾ പങ്കുവച്ചതോടെ ട്രെൻഡിന് കൂടുതൽ ജനപ്രീതി ലഭിച്ചു.
എഐ സ്റ്റുഡിയോ പോലുള്ള ടൂളുകളിൽ സ്വന്തം ചിത്രം നൽകിയ ശേഷം ആവശ്യമായ കാലഘട്ടവും വസ്ത്രധാരണവും പശ്ചാത്തലവും ഫോട്ടോഗ്രഫി ശൈലിയും നിർദേശിച്ചാൽ 80കളുടെ വിന്റേജ് ലുക്കിലുള്ള ചിത്രങ്ങൾ എളുപ്പത്തിൽ സൃഷ്ടിക്കാനാകും. യഥാർഥ ഫോട്ടോഷൂട്ടിന് പകരക്കാരനായി എഐ ഫോട്ടോ ക്രിയേഷൻ മാറുന്നതോടെ കുറഞ്ഞ ചെലവിൽ വ്യത്യസ്ത കാലഘട്ടങ്ങളിലെ ലുക്കുകൾ പരീക്ഷിക്കാനുള്ള അവസരവും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ലഭിക്കുകയാണ്.



























