Home Blog Page 781

ഡിജിപി , എജി എന്നിവർ രാജിവച്ചു

കൊച്ചി.ഡിജിപി , എജി എന്നിവർ രാജിവച്ചു.ഹൈക്കോടതി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ടിഎ ഷാജി രാജിവെച്ചു. അഡ്വക്കറ്റ് ജനറൽ സ്ഥാനത്ത് നിന്ന് കെ ഗോപാലകൃഷ്ണക്കുറുപ്പും രാജിവച്ചു. ഇരുവരും ചീഫ് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി

സർക്കാരിൻ്റെ മുതിർന്ന മറ്റു അഭിഭാഷകരും നാളെ രാജിക്കത്ത് കൈമാറും. സംസ്ഥാനത്തെ ഭരണമാറ്റത്തെ തുടർന്നാണ് രാജി

ഉല്ലാസ് കോവൂരിൻ്റെ വിജയം:കുന്നത്തൂരിൽ ആവേശം അലകടലായി

കുന്നത്തൂർ:കോവൂർ കുഞ്ഞുമോനെ മലർത്തിയടിച്ച് കുന്നത്തൂരിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ നേടിയ വിജയം പ്രവർത്തകരിൽ ആവേശം സൃഷ്ടിച്ചു.42 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കുന്നത്തൂരിൽ യുഡിഎഫ് അധികാരത്തിൽ എത്തുന്നത്.കൊല്ലം ക്രിസ്തുരാജ് എച്ച്.എസ്.എസിൽ രാവിലെ 8ന് വോട്ടെണ്ണൽ ആരംഭിച്ചതു മുതൽ ഉല്ലാസ് കോവൂർ തന്നെയായിരുന്നു മുന്നിൽ.പോസ്‌റ്റൽ വോട്ടുകളിൽ തുടങ്ങിയ ആധിപത്യം ഇവിഎം എണ്ണുമ്പോഴും നിലനിർത്താൻ ഉല്ലാസിനു കഴിഞ്ഞു.ഇതോടെ രാവിലെ മുതൽ ടെലിവിഷൻ ചാനലുകൾക്കു മുന്നിൽ ഇലക്ഷൻ വാർത്തകൾ കണ്ടുകൊണ്ടിരുന്ന പ്രവർത്തകർ ആവേശത്തിലായി.

11 മണിയോടെ പലയിടത്തും ലഡു വിതരണവും പടക്കം പൊട്ടിക്കലും ആരംഭിച്ചു.ഉച്ച കഴിഞ്ഞതോടെ ആവേശം ഉച്ചസ്ഥായിലായി.പ്രവർത്തകർ കൂട്ടത്തോടെ തെരുവിലേക്കിറങ്ങി.പാൽപായസവും ലഡുവും ഉൾപ്പെടെ മധുരം വിതരണം ചെയ്തു കൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.പഞ്ചായത്തുകൾ കേന്ദ്രീകരിച്ചായിരുന്നു ആഘോഷങ്ങൾ.നിരവധി ഇരുചക്ര വാഹനങ്ങളും ഡി.ജെ വാഹനങ്ങളും അകടമ്പടിയേകി.

പലയിടത്തും ആഘോഷം രാത്രി വരെ നീണ്ടു.ചരിത്രവിജയം കരസ്ഥമാക്കിയ ശേഷം കൊല്ലത്തു നിന്നും നിയോജക മണ്ഡലം അതിർത്തിയായ ചിറ്റുമല രണ്ടുറോഡിൽ എത്തിയ ഉല്ലാസ് കോവൂരിനെ നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.തുടർന്ന് തുറന്ന വാഹനത്തിൽ റോഡ് ഷോ.കുന്നത്തൂരിലെ 10 പഞ്ചായത്തുകളിലും വിജയഭേരി മുഴക്കിയെത്തിയ ഉല്ലാസിനെ കാണാൻ പാതയോരങ്ങളിൽ വൻ ജനാവലിയാണ് കാത്തുനിന്നത്.

ക്യാപ്റ്റനെ വിയര്‍പ്പിച്ചു, തോല്‍വിയിലും വിജയിച്ച് യുഡിഎഫിൻ്റെ യുവ സ്ഥാനാർഥി

കണ്ണൂർ. ധർമ്മടത്ത് തോൽവിയിലും താരമായത് യുഡിഎഫിൻ്റെ യുവ സ്ഥാനാർഥി അഡ്വ. വിപി അബ്ദുൽ റഷീദ്. കഴിഞ്ഞ തവണ 50,000 ത്തിൻ്റെ മുകളിൽ ഭൂരിപക്ഷം നേടിയ മുഖ്യമന്ത്രി പിണറായി വിജയനെ 19,247 വോട്ടുകളിൽ ഒതുക്കാൻ അബ്ദുൽ റഷീദിൻ്റെ മിന്നും പ്രകടനത്തിന് കഴിഞ്ഞു. സിപിഎം പാർട്ടി ഗ്രാമങ്ങൾ ഉൾപ്പെടുന്ന 8 ഗ്രാമ പഞ്ചായത്തുകളിൽ നിന്നു വോട്ടു നേടാൻ അബ്‌ദുൽ റഷീദിന് കഴിഞ്ഞു.

അഞ്ചാം റൗണ്ട് മുതൽ ആയിരത്തിലേറെ വോട്ടുകൾക്ക് മുന്നിട്ടു നിന്ന അബ്ദുൾ റഷീദ് മുഖ്യമന്ത്രിക്കെതിരെ അട്ടിമറി വിജയം നേടുമെന്ന പ്രതീതിയുണ്ടാക്കി. കടമ്പൂർ , മുഴപ്പിലങ്ങാട് പഞ്ചായത്തുകളിൽ ബലാബലം നിന്നപ്പോൾ എകെജിയുടെ നാടായ പെരളശേരിയാണ് പിണറായിയുടെ ലീഡ് വർധിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വീടുസ്ഥിതി ചെയ്യുന്ന വേങ്ങാട് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടെ അതിശക്തമായ മത്സരമാണ് അബ്ദുൽ റഷീദ് കാഴ്ച്ചവെച്ചത്.

2021ൽ തളിപറമ്പ് മണ്ഡലത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായ എംവി ഗോവിന്ദനെതിരെ മത്സരിച്ചപ്പോഴും അബ്ദുൽ റഷീദ് ഇതിന് സമാനമായ മിന്നും പ്രകടനം കാഴ്ച്ചവെച്ചിരുന്നു 2021ൽ എൽഡിഎഫ് തരംഗത്തിലും പാർട്ടി കോട്ടയായ തളിപറമ്പിൽ എംവി ഗോവിന്ദൻ്റെ ഭൂരിപക്ഷം 22,689 വോട്ടുകളാക്കി ചുരുക്കാൻ അബ്ദുൽ റഷീദിൻ്റെ പോരാട്ടവീര്യത്തിന് കഴിഞ്ഞിരുന്നു. ആ തെരഞ്ഞെടുപ്പിൽ 7.85 ശതമാനം യുഡിഎഫ് അധിക വോട്ടു നേടിയപ്പോൾ 7.84 ശതമാനം വോട്ടു നഷ്ടം എൽഡിഎഫിനുണ്ടായി.

മമതയേയും തകര്‍ത്തു, മമതയില്ലാതെ എന്‍ഡിഎ 207ല്‍

കൊല്‍ക്കത്ത. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നാലാം വിജയമെന്ന സ്വപ്‌നം തകര്‍ത്തെറിഞ്ഞ് ബിജെപി. തൃണമൂല്‍ കോണ്‍ഗ്രസിനെ നിലംപരിശാക്കി ബിജെപി ചരിത്രപരമായ വിജയമാണ് നേടിയത്. ബിജെപിയുടെ മുന്നേറ്റത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പോലും ജയം കണ്ടില്ല. ഭവാനിപൂരില്‍ മമതയ്‌ക്കെതിരെ സുവേന്ദു അധികാരിയാണ് വിജയം നേടിയത്. 15,105 വോട്ടിനാണ് മമത പരാജയപ്പെട്ടത്.

കഴിഞ്ഞ തവണ അരലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് മമത ജയിച്ചത്. ഇത്തവണയും തന്റെ പഴയ വിശ്വസ്തനായ സുവേന്ദു അധികാരിയോടാണ് മമത പരാജയപ്പെട്ടത്. കഴിഞ്ഞ തവണ നന്ദിഗ്രാമിലും സുവേന്ദുവിനോട് മമത ബാനര്‍ജി പരാജയപ്പെട്ടിരുന്നു.

15 വര്‍ഷം നീണ്ടുനിന്ന തൃണമൂല്‍ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപി ആദ്യമായി ബംഗാളില്‍ ഭരണം പിടിക്കുന്നത്. 244ല്‍ 208 സീറ്റുകളിലാണ് ബിജെപിയുടെ വിജയം. ഭരണകക്ഷിയായ തൃണമൂല്‍ 79 സീറ്റുകളില്‍ ഒതുങ്ങി. കോണ്‍ഗ്രസ് രണ്ടിടത്തും സിപിഎം ഒരിടത്തും വിജയിച്ചു. ബിജെപിയുടെ മുന്നേറ്റത്തിന് പിന്നില്‍ ഹിന്ദു വോട്ടുകളുടെ വലിയ തോതിലുള്ള ഏകീകരണമാണെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി അവകാശപ്പെട്ടു. പരമ്പരാഗതമായി തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന മുസ്ലിം വോട്ടുകളില്‍ ഇത്തവണ വിള്ളലുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂവരും മുണ്ട് മുറുക്കുന്നു; ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ എംഎല്‍എമാരുടെ മനസറിയാൻ ഉടന്‍ കേരളത്തിലെത്തും

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ കോൺഗ്രസ് ഹൈക്കമാന്‍ഡ് നടപടികള്‍ തുടങ്ങി. മുതിര്‍ന്ന നേതാക്കളായ നിരീക്ഷകര്‍ ഉടന്‍ സംസ്ഥാനത്തെത്തി നിയുക്ത എംഎല്‍എമാരുടെ മനസറിയും. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകുകയെന്നതാണ് സ്വാഭാവിക നടപടിയെങ്കിലും സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും, രമേശ് ചെന്നിത്തലയും പിന്നോട്ടില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് നടപടികൾ വേ​ഗത്തിലാക്കിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാർട്ടിയുടെ തീരുമാനമാണ് മുഖ്യമന്ത്രി സ്ഥാനമെന്നാണ് വിഡി സതീശനും കെസി. വേണു​ഗോപാലും പ്രതികരിച്ചത്. നേരത്തെ, മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമാക്കിയുള്ള നേതാക്കളുടെ നീക്കങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ സാഹചര്യത്തിൽ ആരായിരിക്കും മുഖ്യമന്ത്രി എന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. എന്തായാലും നാല് ദിവസങ്ങൾക്കുളളിൽ മുഖ്യമന്ത്രി ആരന്നെ റിയാനാകും. അതിന് ശേഷമാകും മന്ത്രിമാരെ പ്രഖ്യാപിക്കുന്നത്.

യുഡിഎഫ് സുനാമിയിൽ ഇടതു കോട്ടകള്‍ ഒലിച്ചുപോയി,തോല്‍വി രുചിച്ചത് മന്ത്രിമാര്‍ അടക്കം പ്രമുഖര്‍

തിരുവനന്തപുരം. യുഡിഎഫ് സുനാമിയിൽ ഇടതു കോട്ടകളെന്നു പേരു കേട്ട പല ഇടങ്ങളും ഒലിച്ചു പോകുന്ന കാഴ്ചയ്ക്കാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ സംസ്ഥാനം സാക്ഷിയായത്. 14ൽ അഞ്ച് ജില്ലകളിൽ ഇടതുപക്ഷത്തെ ജനം പാടെ കൈയൊഴിയുന്ന അമ്പരപ്പിക്കുന്ന ഫലമാണ് പുറത്തു വന്നത്. മലപ്പുറം, വയനാട്, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾ യുഡിഎഫ് തൂത്തുവാരി. കാസർകോട്, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ ഒരോ സീറ്റ് മാത്രമാണ് എൽഡിഎഫിനു കിട്ടിയത്.

മന്ത്രിമാരടക്കം നിരവധി അതികായരാണ് ഇത്തവണ പരാജയം രുചിച്ചത്.19 മന്ത്രിമാരില്‍ 13പേരും തോറ്റു. ഇടുക്കിയിൽ റോഷി അ​ഗസ്റ്റിൻ, പാലായിൽ ജോസ് കെ മാണി, ഏറ്റുമാനൂരിൽ വിഎൻ വാസവൻ, ആറൻമുളയിൽ വീണ ജോർജ്, പത്തനാപുരത്ത് കെബി ​ഗണേഷ് കുമാർ, നേമത്ത് വി ശിവൻകുട്ടി, തിരൂരിൽ വി അബ്​ദുറഹിമാൻ, തൃത്താലയിൽ എംബി രാജേഷ്, പേരാമ്പ്രയിൽ ടിപി രാമകൃഷ്ണൻ, പേരാവൂരിൽ കെകെ ശൈലജ, തവനൂരിൽ കെടി ജലീൽ അടക്കമുള്ളവരെല്ലാം തോൽവി അറിഞ്ഞു.

തിരുവനന്തപുരത്ത് 14 മണ്ഡലങ്ങളിൽ അഞ്ചിടത്ത് എൽഡിഎഫ് ആണ്. കഴക്കൂട്ടം, നേമം മണ്ഡലങ്ങളിൽ എൻഡിഎ അക്കൗണ്ട് തുറന്നു. ഏഴിടത്ത് യുഡിഎഫും വിജയം സ്വന്തമാക്കി. 2021ൽ 14ൽ 13ഉം എൽഡിഎഫ് വിജയിച്ചിരുന്നു. കോവളത്ത് എം വിൻസന്റ് മാത്രമാണ് അന്ന് കോൺ​ഗ്രസിനു ആശ്വാസമായി നിന്നത്. ഇത്തവണ അതെല്ലാം മാറുന്ന കാഴ്ചയായിരുന്നു.

കോവൂർ കുഞ്ഞുമോന് ആർഎസ്പിയുടെ മധുര പ്രതികാരം

ശാസ്‌താംകോട്ട:ദയനീയ പരാജയത്തിലൂടെ രാഷ്ട്രീയ കേരളത്തിൽ നിന്നുപോലും തുടച്ചു നീക്കപ്പെട്ടേക്കുന്ന കോവൂർ കുഞ്ഞുമോന് ആർഎസ്പി നൽകിയ മധുര പ്രതികാരമാണ് ഉല്ലാസ് കോവൂരിൻ്റെ വൻ വിജയം.ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ അവസാന കാലത്ത് 2016ലാണ് എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച് ആർഎസ്പി, യുഡിഎഫിൻ്റെ ഭാഗമായത്.തുടർന്ന് 2001 മുതൽ കുന്നത്തൂരിനെ പ്രതിനിധീകരിക്കുന്ന സീനിയർ എംഎൽഎ കൂടിയായ കുഞ്ഞുമോന് ഉമ്മൻചാണ്ടി സർക്കാരിൽ ഡെപ്യൂട്ടി സ്പീക്കർ പദവി നൽകാനും ധാരണയായിരുന്നു.

ഇക്കാര്യങ്ങളിൽ ചർച്ച നടക്കവേ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും കുഞ്ഞുമോനെ തങ്ങളുടെ പാളയത്തിലെത്തിച്ചു.ആർഎസ്പിയെ പിളർത്തി പുതിയ പാർട്ടി രൂപീകരിക്കുക എന്നതായിരുന്നു ഇരുവരും നൽകിയ നിർദ്ദേശം.യുഡിഎഫിൻ്റെ തോൾ ചേർന്നു നിന്നുകൊണ്ട് ഒരു സുപ്രഭാതത്തിൽ ആർഎസ്പിയിൽ നിന്നും രാജിവച്ച് സ്വന്തമായി ആർഎസ്പി (ലെനിനിസ്റ്റ് ) എന്ന പാർട്ടി രൂപീകരിച്ചു.അതേ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്നത്തൂരിൽ നിന്നും എൽഡിഎഫ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചു.എതിരാളിയായി ആർഎസ്പി നിയോഗിച്ചത് അടുത്ത ബന്ധു കൂടിയായ ഉല്ലാസ് കോവൂരിനെ.വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചുവെങ്കിലും കുഞ്ഞുമോൻ്റെ പാർട്ടിയെ പടിക്ക് പുറത്തു നിർത്തുകയാണ് എൽഡിഎഫ് ചെയ്തത്.

2021 എത്തിയപ്പോഴേക്കും കുഞ്ഞുമോൻ്റെ പാർട്ടി ശോഷിച്ചു എങ്കിലും പിണറായിയുടെ കാരുണ്യത്തിൽ വീണ്ടും സ്ഥാനാർത്ഥിയായി.വീണ്ടും എതിരാളിയായി എത്തിയത് ഉല്ലാസ് കോവൂർ.ഇക്കുറി കുഞ്ഞുമോൻ നല്ലതുപോലെ വെള്ളം കുടിച്ചു.2794 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ കുഞ്ഞുമോന്‍ വിജയിച്ചെങ്കിലും യുഡിഎഫും ഉല്ലാസ് കോവൂരും കളം നിറഞ്ഞ് നിന്നു.എംഎൽഎ പദവിയിൽ 25 വർഷം എത്തിയെങ്കിലും മന്ത്രി പദവി നൽകാനോ,ആർഎസ്പി (എൽ)നെ ഘടകക്ഷിയാക്കാനോ എൽഡിഎഫ് തയ്യാറായില്ല.ഏതെങ്കിലുമൊരു ബോർഡ്,കോർപ്പറേഷൻ മെമ്പർ സ്ഥാനം പോലും നേടിയെടുക്കുന്നതിൽ കുഞ്ഞുമോൻ പരാജയപ്പെട്ടു.ഇതോടെ നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ പടിയിറങ്ങി.അഭ്യൂഹങ്ങൾക്കിടയിൽ ഇക്കുറി വീണ്ടും സ്ഥാനാർത്ഥിയായെങ്കിലും സ്വന്തം മുന്നണിയിൽപ്പെട്ട മുൻ എം.പി കെ.സോമപ്രസാദ് ഉൾപ്പെടെയുള്ള പ്രമുഖർ തന്നെ വിട്ടു നിന്നത് ചർച്ചയായിരുന്നു.ഒടുവിൽ 2026ൽ ആർഎസ്പി സ്വപ്നം കണ്ടത് യാഥാർത്ഥ്യമായി.ഉല്ലാസ് കോവൂർ 25,314 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ചരിത്ര വിജയം നേടിയപ്പോൾ ഔദ്യോഗിക ആർഎസ്പി കുഞ്ഞുമോന് നൽകിയ മധുരപ്രതികാരമായി.

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; വോട്ടിംഗ് യന്ത്രത്തിൽ അതേ സന്ദേശം തേടി വോട്ടർമാർ

തിരുവനന്തപുരം:

പാർട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞ ശേഷം മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയ 2016ലെ തിരഞ്ഞെടുപ്പിലെ എൽഡിഎഫ്‌ പ്രചാരണവാക്യം എല്ലാവർക്കും ഓർമ്മയുണ്ടാകും. ‘എൽഡിഎഫ് വരും എല്ലാം ശരിയാകും’. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കേരളം കരകയറുന്ന സമയത്തായിരുന്നു 2021ലെ തിരഞ്ഞെടുപ്പ് അന്ന് ‘ഉറപ്പാണ് എൽഡിഎഫ്’ എന്നായിരുന്നു പ്രചാരണ വാക്യം. ജനങ്ങൾ ഉറച്ച് കൂടെനിന്നതോടെ 99 സീറ്റിൽ ജയിച്ച് നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടി പിണറായിയുടെ നേതൃത്വത്തിൽ തന്നെ എൽഡിഎഫ് അധികാരത്തിലെത്തി.

ഇത്തവണ ജനവിരുദ്ധ വികാരമില്ല എന്ന ഉറച്ച വിശ്വാസത്തിലാണ് പിണറായി 3.0 എന്ന വിളിപ്പേരുമായി എൽഡിഎഫ് മത്സരത്തിനിറങ്ങിയത്. ‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ?’ എന്നതായിരുന്നു പരസ്യവാചകം. അക്ഷരാ‌ർത്ഥത്തിൽ ജനങ്ങൾ പോളിംഗ് ബൂത്തിലെത്തി വോട്ടിംഗ് യന്ത്രത്തിൽ നോക്കിയതും അതുതന്നെയായിരുന്നു കേട്ടോ. എൽഡിഎഫ് അല്ലാതെ മറ്റാരെ ജയിപ്പിക്കാമെന്ന്.

കോന്നിയിൽ ഇലക്ഷൻ പ്രചാരണത്തിലെ മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടിരിക്കുന്ന പൊതുജനങ്ങളിലെ ഒരാൾ ഒരു കാര്യം ചോദിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ വീട്ടിൽ പോയി ചോദിക്ക് എന്ന് കടുത്ത മറുപടി നൽകിയ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ജനം കടുത്ത ശിക്ഷയാണ് തോൽവിയിലൂടെ നൽകിയത്. സഭയിൽ നിന്നും ‘കടക്ക് പുറത്ത്’ എന്നുപറഞ്ഞ് അവർ പുറത്താക്കി.കണ്ണൂരിലെ പാർട്ടി കോട്ടകളായ പയ്യന്നൂരും തളിപ്പറമ്പും പോലും ഇത്തവണ എൽഡിഎഫിന് സുരക്ഷിതമല്ല.

മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലമായ ധർമ്മടത്ത് ആറ് റൗണ്ട് പിന്നിൽ നിന്നിട്ടാണ് ലീഡ് നേടാനായത്. സംസ്ഥാന മുഖ്യമന്ത്രിയുടെ ലീഡ് 3000മാത്രമാണ് ഇപ്പോഴും. 14 മന്ത്രിമാരാണ് തോൽവിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇടത് സഖ്യകക്ഷിയായ കേരള കോൺഗ്രസ്(എം)​ വട്ടപൂജ്യമാണ് ഇത്തവണ. കഴിഞ്ഞതവണ യുഡിഎഫിൽ വലിയ തകർച്ച നേരിട്ട ആർഎസ്‌പിയും കേരള കോൺഗ്രസും ഇത്തവണ നില മെച്ചപ്പെടുത്തി.

ഇതിൽ ആർഎസ്‌പിയുടെ തിരിച്ചുവരവായി ഈ തിരഞ്ഞെടുപ്പ് എന്ന് പറയാം.’എൽഡിഎഫ് വരും കേട്ടോ’ എന്ന് പറഞ്ഞത് ജനം യുഡിഎഫ് വന്നു കേട്ടോ എന്ന് തിരുത്തിയിരിക്കുകയാണ്. പാർട്ടി ശക്തികേന്ദ്രമായിരുന്ന വടകരയിൽ ടി പി ചന്ദ്രശേഖരൻ സ്‌മൃതി ദിനത്തിൽ കെ കെ രമയെത്തന്നെ ജനങ്ങൾ വീണ്ടും തിരഞ്ഞെടുത്തു. ഏറെ പ്രതീക്ഷയർപ്പിച്ച പല മണ്ഡലങ്ങളും കൈയാലപ്പുറത്തെ തേങ്ങ പോലെ അങ്ങോട്ടോ ഇങ്ങോട്ടോ വീഴാവുന്ന നിലയിൽ ടെൻഷനിലായി ഇടത്‌പക്ഷം.

കൊല്ലം ജില്ലയിൽ പാർട്ടി തകർന്നടിഞ്ഞപ്പോൾ ഒരുഘട്ടത്തിൽ സഖ്യകക്ഷിയായ സിപിഐയ്‌ക്ക് പിന്നിലേക്ക് സിപിഎം പോയി. ഗതാഗത മന്ത്രി കെ ബി ഗണേഷ്‌ കുമാർ പോലും തോൽവിയിലേക്ക് നീങ്ങി. രണ്ടാം പിണറായി സർക്കാരിൽ ആദ്യം ഗതാഗത മന്ത്രിയാകുകയും പിന്നീട് തൊണ്ടിമുതൽ കേസിൽ സർക്കാരിന് നാണക്കേടുണ്ടാകുകയും ചെയ്‌ത ആന്റണി രാജു മത്സരിച്ച് ജയിച്ച തിരുവനന്തപുരം മണ്ഡലത്തിൽ മത്സരം ഇത്തവണ യുഡിഎഫിലെ സി പി ജോണും ബിജെപിയിലെ കരമന ജയനും തമ്മിലായിരുന്നു.

പ്രതിപക്ഷനേതാവ് വി ഡി സതീശനെ ഇരട്ടപേര് വിളിച്ച് പരിഹസിച്ച മുന്നണി ഇപ്പോൾ സതീശന്റെ അതേ തിരഞ്ഞെടുപ്പ് പ്ളാൻ വലിയരീതിയിൽ ജനങ്ങൾ ഏറ്റെടുക്കുന്നത് കാണുകയാണ്. ജനകീയ അടിത്തറയിൽ പടുത്തുയർത്തിയ ഇടത് പ്രസ്ഥാനത്തിൽ നിന്ന് തദ്ദേശ,​ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജനം അകന്നതായാണ് ഈ ഫലങ്ങൾ സൂചിപ്പിക്കുന്നത്. സർക്കാർ ജീവനക്കാരും, ക്രിസ്ത്യൻ ന്യൂനപക്ഷവും പൂർണ്ണമായി സർക്കാരിനെ കൈവിട്ടു. മുസ്ലിം ന്യൂനപക്ഷത്തിൽ നിന്ന് ഉദ്ദേശിച്ച ഫലം കിട്ടിയതുമില്ല.രണ്ടാം പിണറായി സർക്കാരിൽ നിന്ന് ഒരു പാട് നേട്ടങ്ങൾ ഉണ്ടാക്കിയ മുസ്ലിം ന്യൂനപക്ഷത്തെ വേണ്ട രീതിയിൽ ചേർത്ത് പിടിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. തൻ പ്രമാണിത്തവും ചോട്ടാ നേതാക്കളുൾപ്പെടെയുള്ളവരുടെ ധാർഷ്ട്യവും, അഹന്തയും തിരിച്ചടിക്ക് കാരണമായിട്ടുണ്ട്. എല്ലാം പഠിക്കും പരിശോധിക്കുമെന്നൊക്കെ നേതാക്കൾ പറയുന്നുണ്ടെങ്കിലും ഏറ്റ പരിക്കിൽ നിന്ന് കരകയറാൻ ഇനിയും സമയമെടുക്കും.പി വി അൻവർ പറയുന്നതുപോലെ പിണറായിസത്തിന് പകരം തങ്ങളുടെ അഭയകേന്ദ്രമായി യുഡിഎഫിനെ അവർ കണ്ടു എന്ന് തന്നെയാണ് ഈ ഫലം നൽകുന്ന സന്ദേശം.

സ്വകാര്യ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് പോസ്റ്റ് മാസ്റ്റര്‍ മരിച്ചു

കുണ്ടറ: സ്വകാര്യ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുണ്ടറ പോസ്റ്റ് മാസ്റ്റര്‍ മരിച്ചു. അഞ്ചാലുംമൂട് നീരാവില്‍ അപ്പൂസ് സ്മൃതിയില്‍ എ. അഞ്ജിത്ത് (41) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 8.30-ന് ചെറുമൂട് കുന്നത്ത് ജംഗ്ഷനിലായിരുന്നു അപകടം.
നീരാവിലെ വീട്ടില്‍ നിന്നും ജോലിസ്ഥലമായ കുണ്ടറ പോസ്റ്റ് ഓഫീസിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്നു അഞ്ജിത്ത്. ഇളമ്പള്ളൂരില്‍ നിന്നും അഞ്ചാലുംമൂട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ അഞ്ജിത്തിനെ ഉടന്‍ തന്നെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ഗീതു. മകള്‍: ധ്വനി.

ദയനീയതോല്‍വി, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചു

കണ്ണൂര്‍.നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയതോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് ദൂതന്‍ വഴിയാണ് മുഖ്യമന്ത്രി രാജിക്കത്ത് കൈമാറിയത്. രാജി സ്വീകരിച്ചതായി ഗവര്‍ണര്‍ അറിയിച്ചു.

രാജിവച്ചതോടെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വരെ പിണറായി വിജയന്‍ കാവല്‍ മുഖ്യമന്ത്രിയായി തുടരും. ഗവര്‍ണറുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്.

കഴിഞ്ഞ തവണ 98 സീറ്റുമായി രണ്ടാം തവണ അധികാരത്തില്‍ എത്തിയ എല്‍ഡിഎഫിന് ഇത്തവണ 35 സീറ്റുകളില്‍ മാത്രമേ ജയിക്കാന്‍ കഴിഞ്ഞുള്ളു. 102 സീറ്റുകള്‍ നേടി ചരിത്ര വിജയമാണ് യുഡിഎഫ് നേടിയത്. എന്‍ഡിഎ മൂന്ന് സീറ്റുകളില്‍ വിജയിച്ച് മികച്ച പ്രകടനം കാഴ്ചവച്ചു.