കൊല്ലം UDF സ്ഥാനാർത്ഥി ബിന്ദു കൃഷ്ണ വിജയിച്ചു ( Lead 16830 ) 22270 വോട്ടുകൾക്ക് കുന്നത്തൂരിൽ ഉല്ലാസ് കോവൂർ വിജയിച്ചു പുനലൂർ LDF വിജയിച്ചു 21502 വോട്ടുകൾക്ക് സി. അജയപ്രസാദ് വിജയിച്ചു കൊട്ടാരക്കര എൽഡിഎഫ് കെ എന്‍ ബാലഗോപാല്‍ 1012 വോട്ടിന് വിജയിച്ചു
തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ് ശക്തി തെളിയിച്ചു. എട്ടിടത്ത് മത്സരിച്ച കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം ഏഴിടത്താണ് ലീഡ് ചെയ്യുന്നത്. ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശ്ശേരി, കുട്ടനാട്, തിരുവല്ല മണ്ഡലങ്ങളിലാണ് പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നത്.
അതേസമയം ഇടതുമുന്നണിയിലുള്ള കേരള കോണ്‍ഗ്രസ് ( എം) ദയനീയ തിരിച്ചടിയാണ് നേരിട്ടത്. 12 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് (എം ) ന് ഒരു സീറ്റിലും ലീഡ് നേടാനായില്ല. കഴിഞ്ഞ തവണ അഞ്ചു സീറ്റുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് എമ്മാണ് ഇത്തവണ പൂജ്യത്തിലേക്ക് കൂപ്പുകുത്തിയത്. പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയും, ഇടുക്കിയില്‍ മന്ത്രി റോഷി അഗസ്റ്റിനും യുഡിഎഫ് കൊടുങ്കാറ്റില്‍ അടിപതറി.
തിരുവനന്തപുരം. നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ അസംതൃപ്തരെ കൂടെ കൂട്ടിക്കൊണ്ടുള്ള യുഡിഎഫിന്റെ പരീക്ഷണം വന്‍ വിജയം. സിപിഎമ്മിലുണ്ടായിരുന്ന, പിന്നീട് പാര്‍ട്ടിയുമായി ഇടഞ്ഞ അഞ്ചു പ്രമുഖരെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പില്‍ പിന്തുണച്ചത്. ഇതില്‍ പ്രധാനിയായ മുന്‍മന്ത്രി ജി സുധാകരന്‍ അമ്പലപ്പുഴയില്‍ 5900 ലേറെ ലീഡുമായി മികച്ച മുന്നേറ്റമാണ് നടത്തുന്നത്. സിപിഎമ്മിന്റെ എച്ച് സലാമിനെയാണ് ജി സുധാകരന്‍ പിന്നിലാക്കിയത്.
സിപിഎമ്മിന്റെ ശക്തിദുര്‍ഗമായ കണ്ണൂരില്‍ പാര്‍ട്ടിയെ ഞെട്ടിച്ച് രണ്ടു മുതിര്‍ന്ന നേതാക്കളാണ് തെരഞ്ഞെടുപ്പില്‍ വിമതരായത്. ഇവര്‍ രണ്ടുപേരും ലീഡ് ചെയ്യുകയാണ്. തളിപ്പറമ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി കെ ഗോവിന്ദന്‍ വിമതനായി മത്സരിച്ചത്. ഗോവിന്ദനെ യുഡിഎഫ് പിന്തുണയ്ക്കുകയും ചെയ്തു.
അഞ്ചാം റൗണ്ട് വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ ടി കെ ഗോവിന്ദന്‍ 6363 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. പയ്യന്നൂരില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗമായ വി കുഞ്ഞികൃഷ്ണന്‍ 3884 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ധനരാജ് രക്തസാക്ഷി ഫണ്ടു തട്ടിപ്പുമായി ബന്ധപ്പെട്ട്, എംഎല്‍എയായ ടി ഐ മധുസൂദനനെതിരെ ആരോപണം ഉയര്‍ത്തിയാണ് കുഞ്ഞികൃഷ്ണന്‍ സിപിഎമ്മുമായി ഇടഞ്ഞത്. സിറ്റിങ്ങ് എംഎല്‍എ മധുസൂദനനെ തന്നെയാണ് പയ്യന്നൂരില്‍ ഇത്തവണയും സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയത്.
ശാസ്താംകോട്ട:ഇടത് കോട്ടയായിരുന്ന കുന്നത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ നേടിയത് അട്ടിമറി വിജയം.77.81% പോളിങ്ങാണ് കുന്നത്തൂരിൽ ഇക്കുറി നടന്നത്.തിരത്തെടുപ്പിൻ്റെ തുടക്കം മുതലേ വിജയം ഉറപ്പിച്ചു കൊണ്ടുളള പ്രചാരണ പ്രവർത്തനങ്ങളാണ് യുഡിഎഫ് നടത്തി വന്നത്.ശാസ്താംകോട്ട,മൈനാഗപ്പള്ളി, പടിഞ്ഞാറെ കല്ലട,ശൂരനാട് തെക്ക്,ശൂരനാട് വടക്ക്,പോരുവഴി,കുന്നത്തൂർ, മൺറോതുരുത്ത്,കിഴക്കേ കല്ലട,പവിത്രേശ്വരം ഉൾപ്പടെ 10 പഞ്ചായത്തുകളിലും ആഞ്ഞു വീശിയ ഉല്ലാസ പൂങ്കാറ്റിൽ ഇടത് കോട്ടകൾ ഒന്നൊന്നായി കടപുഴകി.തങ്ങൾക്ക് വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പഞ്ചായത്തുകളിൽ പോലും പിന്നിലായത് ഇടത് കേന്ദ്രങ്ങളിൽ ഞെട്ടലായി.227 ബൂത്തുകളിൽ ശക്തമായ ആധിപത്യം ഉറപ്പിക്കാൻ യുഡിഎഫിന് കഴിഞ്ഞു.
ഉല്ലാസിൻ്റെ വിജയം ഉറപ്പിച്ചു കൊണ്ടുള്ള സർവ്വേകളാണ് തുടക്കം മുതൽ ഒടുക്കം വരെ പുറത്തു വന്നു കൊണ്ടിരുന്നത്.യുഡിഎഫ് പ്രവർത്തകരിൽ വലിയ ആവേശമാണ് ഇത് സൃഷ്ടിച്ചത്.9,5644 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് കുന്നത്തൂരിലെ യുഡിഎഫ് നേതൃത്വം വിലയിരുത്തിയിരുന്നത്.12 റൗണ്ടുകൾ എണ്ണി തീർന്നപ്പോൾ 20262 വോട്ടിൻ്റെ ഭൂരിപക്ഷം ഉല്ലാസിനു ലഭിച്ചു.ഇനി 5 റൗണ്ടുകൾ കൂടിയാണ് എണ്ണാനുള്ളത്.കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്‌ടപ്പെട്ട വിജയം തിരികെ പിടിക്കുകയെന്നത് ഉല്ലാസിൻ്റെ ലക്ഷ്യമായിരുന്നു.2790 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് എതിർ സ്ഥാനാർത്ഥി എൽഡിഎഫിലെ കോവൂർ കുഞ്ഞുമോൻ 2021ൽ വിജയിച്ചത്.അന്ന് മുതൽ ഓരോ മിനിട്ടിനു പോലും പാഴാക്കാതെ 10 പഞ്ചായത്തുകളിലും സജീവ സാന്നിധ്യമാകാൻ ഉല്ലാസിന് കഴിഞ്ഞതാണ് ഇക്കുറി തുണയായത്.
അധികാരം ഇല്ലാതിരുന്നിട്ടും സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങളിൽ നേരിട്ടിടപെട്ടു.പലരും വിവിധ ആവശ്യങ്ങൾക്കായി ഉല്ലാസിനെ ബന്ധപ്പെട്ടു.സ്വന്തം എംഎൽഎയെ വിളിക്കുന്നതിലും കൂടുതൽ അവർ ഉല്ലാസിനെ വിളിച്ച് പരിഹാരം കാണുന്നതിന് താല്പര്യം കാട്ടി.ആരെയും നിരാശപ്പെടുത്താതെ ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എന്ന പദവി ഉപയോഗിച്ചു കൊണ്ട്,തന്നെ കൊണ്ട് ചെയ്യാവുന്നതിൻ്റെ പരമാവധി കാര്യങ്ങളിൽ പരിഹാരം കണ്ടെത്തി.
ഓരോ പഞ്ചായത്തിലും യുവാക്കളുടെ സംഘം തന്നെ ഉല്ലാസിനു വേണ്ടി കഴിഞ്ഞ 5 വർഷമായി നിലകൊണ്ടു.അവരിലൂടെ നാടിൻ്റെ മുക്കിലും മൂലയിലും വരെ ചെന്നെത്താൻ കഴിഞ്ഞു.നാടിൻ്റെ വികസനം,അത് ജനങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ എങ്ങനെ നടപ്പാക്കണമെന്ന് വലിയ ലക്ഷ്യബോധ്യമുള്ള ഒരു ചെറുപ്പക്കാരൻ ഇനി കുന്നത്തൂരിനെ നയിക്കട്ടെയെന്ന ജനങ്ങളുടെ ഉറച്ച തീരുമാനമാണ് നടപ്പായിരിക്കുന്നത്.2025 ഒക്ടോബർ 16ന് “വിശ്വാസ സംരക്ഷണയാത്ര”യ്ക്ക് ശാസ്താംകോട്ടയിൽ നൽകിയ സ്വീകരണത്തിനിടെ യുഡിഎഫ് ചെയർമാൻ അടൂർ പ്രകാശ് എം.പിയാണ് ഉല്ലാസ് കോവൂർ സ്ഥാനാർത്ഥിയാകുമെന്ന് ആദ്യമായി പ്രഖ്യാപിച്ചത്.പ്രഖ്യാപനം പ്രവർത്തകരിൽ സൃഷ്ടിച്ച ആവേശം ചെറുതായിരുന്നില്ല.തദ്ദേശ തിരഞ്ഞെടുപ്പിനും മുമ്പായി സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പ്രഖ്യാപനം നടന്നത്.അന്ന് മുതൽ സ്ഥാനാർത്ഥിയും പ്രവർത്തകരും കളം നിറഞ്ഞിരുന്നു.
തിരുവനന്തപുരം:കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് വലിയ വിജയത്തിലേക്ക് കുതിക്കുന്ന കാഴ്ചയാണ് കാണുന്നത്. വൻ ഭൂരിപക്ഷം നൽകിയ ജനങ്ങളോട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നന്ദി രേഖപ്പെടുത്തി. ആദ്യ മൂന്ന് റൗണ്ടുകൾ പിന്നിടുമ്പോൾ തന്നെ യുഡിഎഫിന്റെ ലീഡ് നില 90 കടന്നത് വരാനിരിക്കുന്ന അഞ്ചുവർഷം കേരളം ആര് ഭരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്.
തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 50 സീറ്റുകളിൽ താഴെ മാത്രമാണ് നിലവിൽ മുന്നിട്ടുനിൽക്കുന്നത്. എൻഡിഎ രണ്ട് സീറ്റുകളിൽ തങ്ങളുടെ സ്വാധീനം അറിയിച്ച് മുന്നേറുന്നുണ്ട്. യുഡിഎഫിന്റെ ഈ വൻ മുന്നേറ്റം പ്രവർത്തകർക്കിടയിൽ വലിയ ആവേശമാണ് പടർത്തിയിരിക്കുന്നത്.
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത അട്ടിമറി ഫലങ്ങളിലേക്ക് വോട്ടെണ്ണൽ പുരോഗമിക്കുന്നു. നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (TVK) സംസ്ഥാനത്തെ 110 മണ്ഡലങ്ങളിൽ ലീഡ് ചെയ്തുകൊണ്ട് അധികാരത്തിന് തൊട്ടരികിലെത്തി.
ഭരണകക്ഷിയായ ഡിഎംകെയ്‌ക്കെതിരെ സംസ്ഥാനത്തുടനീളം വീശിയടിച്ച ഭരണവിരുദ്ധ തരംഗം വോട്ടെണ്ണലിൽ പ്രകടമാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തന്റെ മണ്ഡലമായ കൊളത്തൂരിൽ ടിവികെയുടെ വി.എസ്. ബാബുവിനേക്കാൾ പിന്നിലാണ്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ചെപ്പോക്ക്-തിരുവള്ളിക്കേനിയിൽ ടിവികെ സ്ഥാനാർത്ഥി ഡി. ശെൽവത്തിന് പിന്നിലായി തുടരുന്നത് ഡിഎംകെ ക്യാമ്പിനെ ഞെട്ടിച്ചു.
മന്ത്രിസഭയിലെ 15 പ്രമുഖ മന്ത്രിമാരാണ് നിലവിൽ തോൽവിഭീതിയിലുള്ളത്. ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുകൻ, തങ്കം തെന്നരശ്, ടി.ആർ.ബി രാജ, എം. സുബ്രഹ്മണ്യൻ, പി.കെ. ശേഖർ ബാബു, ഇ.വി. വേലു, കെ.എൻ. നെഹ്‌റു, ഗീതാ ജീവൻ, കെ.കെ.എസ്.എസ്.ആർ രാമചന്ദ്രൻ തുടങ്ങിയ പ്രമുഖരെല്ലാം ടിവികെ സ്ഥാനാർത്ഥികളേക്കാൾ ബഹുദൂരം പിന്നിലാണ്.
മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയ് കുതിപ്പ് തുടരുകയാണ്. തിരുച്ചിറപ്പള്ളി ഈസ്റ്റിലും ചെന്നൈയിലെ പെരമ്പൂരിലും താരം വ്യക്തമായ ഭൂരിപക്ഷം നിലനിർത്തുന്നു. ടിവികെയിലെ രണ്ടാമനായി അറിയപ്പെടുന്ന ആദവ് അർജുന വില്ലിവാക്കം മണ്ഡലത്തിൽ ലീഡ് ചെയ്യുന്നുണ്ട്. തമിഴ്‌നാട് നിയമസഭയിലെ 234 സീറ്റുകളിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യയിലേക്ക് വിജയ് എത്തുമോ എന്നാണ് ഇപ്പോൾ രാജ്യം ഉറ്റുനോക്കുന്നത്.
വർഷങ്ങളായി തമിഴ് മണ്ണ് ഭരിച്ചിരുന്ന ഡിഎംകെയും എഐഎഡിഎംകെയും വിജയ് ഉയർത്തിയ തരംഗത്തിന് മുന്നിൽ പതറുന്ന കാഴ്ചയാണ് കാണുന്നത്. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി എടപ്പാടി മണ്ഡലത്തിൽ 7003 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നുണ്ട്. കാട്പാഡി, ഗുഡിയാട്ടം തുടങ്ങിയ മണ്ഡലങ്ങളിലും എഐഎഡിഎംകെ മുന്നിലാണ്. അതേസമയം, ബിജെപി തളി മണ്ഡലത്തിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. മത്സരിച്ച മറ്റ് 26 സീറ്റുകളിലും പാർട്ടി പിന്നിലാണ്. വെള്ളൂർ, അണക്കെട്ട് തുടങ്ങിയ മണ്ഡലങ്ങളിൽ ഡിഎംകെ മുന്നിലാണ്.
കൊല്ലം. 16ല്‍ 9 റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ബിജെപിയുടെ മറിമായത്തില്‍ നടുങ്ങി നില്‍ക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും. ബിജെപിയുടെ ബി ബി ഗോപകുമാര്‍ 822 വോട്ടിന് മുന്നിലെത്തി. ആകെ വോട്ട് 29950. എല്‍ഡിഎഫിന്‍റെ അഡ്വ.ആര്‍ രാജേന്ദ്രന്‍ 29128വോട്ടുകളും കോണ്‍ഗ്രസിന്‍റെ സൂരജ് രവി 23207വോട്ടും നേടി.
updation 2.04 pm
ചാത്തന്നൂരിൽ എൻ ഡി എ വിജയത്തിലേക്ക്. പതിമൂന്നാം റൗണ്ടിൽ ലീഡ് ഉയർത്തി എൻഡിഎ
13 റൗണ്ടുകൾ പൂർത്തിയായപ്പോൾ 3334 വോട്ടുകൾക്ക് ബിബി ഗോപകുമാർ ലീഡ് ചെയ്യുന്നു
തൃശൂർ: ലീഡർ കെ. കരുണാകരന്റെ തട്ടകമായ തൃശൂരിൽ മകൾ പത്മജ വേണുഗോപാലിന് വീണ്ടും പരാജയത്തിൽ ഹാട്രിക്ക്. വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി രാജൻ ജെ. പല്ലൻ വ്യക്തമായ ലീഡോടെ മുന്നേറുകയാണ്. ലഭ്യമായ കണക്കുകൾ പ്രകാരം 32,559 വോട്ടുകളുമായി രാജൻ പല്ലൻ ഒന്നാം സ്ഥാനത്താണ്.
രണ്ടാം സ്ഥാനത്തുള്ള എൽഡിഎഫ് സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണൻ 19,569 വോട്ടുകൾ നേടിയപ്പോൾ, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പത്മജ വേണുഗോപാലിന് 19,140 വോട്ടുകൾ മാത്രമാണ് നേടാനായത്. ഒന്നാം സ്ഥാനത്തുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയേക്കാൾ 13,419 വോട്ടുകൾക്ക് പിന്നിലാണ് പത്മജ.
ഇത് മൂന്നാം തവണയാണ് പത്മജ വേണുഗോപാൽ തൃശൂർ മണ്ഡലത്തിൽ പരാജയപ്പെടുന്നത്. 2016-ൽ വി.എസ്. സുനിൽ കുമാറിനോടും 2021-ൽ പി. ബാലചന്ദ്രനോടും പരാജയപ്പെട്ടത് കോൺഗ്രസ് ടിക്കറ്റിലായിരുന്നെങ്കിൽ, ഇത്തവണ ബിജെപി പാളയത്തിൽ നിന്നാണ് പത്മജ തോൽവി ഏറ്റുവാങ്ങുന്നത്. 2021-ൽ വെറും 946 വോട്ടുകൾക്ക് തോറ്റ മണ്ഡലത്തിലാണ് ഇത്തവണ വലിയ വോട്ട് ചോർച്ച ബിജെപി നേരിടുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് കൈവരിച്ച മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും നിലനിർത്താൻ രാജൻ പല്ലന് സാധിച്ചുവെന്നാണ് ആദ്യ സൂചനകൾ വ്യക്തമാക്കുന്നത്.