തിരുവനന്തപുരം .ജി. എസ്. ടി. റിട്ടേൺ ഫയൽ ചെയ്യുവാനുള്ള അവസാന തീയതി ഒരു മാസത്തേക്ക് കൂടി നീട്ടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്. എസ്. മനോജ് ആവശ്യപ്പെട്ടു. ഭാരതത്തിൽ വർദ്ധിച്ചുവരുന്ന നികുതിദായകരുടെ ഇടപാടുകൾ കൈകാര്യം ചെയ്യുവാൻ നിലവിലെ ജി.എസ്.ടി. പോർട്ടൽ സംവിധാനം പര്യാപ്തമല്ല എന്നതു കൊണ്ടാണ് ഇടയ്ക്കിടെ പോർട്ടലിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
ഓ. ടി. പി കൃത്യമായി ലഭിക്കാതെ വരിക, പോർട്ടൽ പ്രവർത്തന രഹിതമാകുക, ഇടയ്ക്കിടെ ലോഗോഫ് ആകുക, ഈ ചെലാൻ ജനറേറ്റ് ചെയ്യാതിരിക്കുക തുടങ്ങിയ സാങ്കേതിക പ്രശ്നങ്ങൾ മൂലം മാർച്ച് 20 എന്ന അവസാന തീയതിക്ക് മുൻപായി ബഹുഭൂരിപക്ഷം പേർക്കും റിട്ടേണുകൾ സമർപ്പിക്കാൻ കഴിഞ്ഞില്ല. തന്മൂലം തങ്ങളുടെതല്ലാത്ത കാരണത്താൽ ഭീമമായ തുക പിഴയായി അടക്കേണ്ടി വരും. ആയതിനാൽ ജി. എസ്. ടി പോർട്ടലിലെ അപാകതകൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുവാനും ഒരു മാസത്തേക്ക് കൂടി ഫയൽ ചെയ്യുവാനുള്ള തീയതി നീട്ടണമെന്നും സംസ്ഥാന ജി. എസ്. ടി. ഗ്രീവൻസ് റിഡ്രസൽ കമ്മിറ്റി അംഗം കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു.





























